Pages

Monday, October 8, 2012

പാചക വാതക വിതരണത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ വന്‍ അഴിമതിക്ക് വഴിതുറക്കും


പാചക വാതക വിതരണത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ  വന്‍ അഴിമതിക്ക് വഴിതുറക്കും
വന്‍ അഴിമതിക്കാണ് പാചക വാതക വിതരണത്തിൽ ഇതിനകം നടപ്പാക്കിയ പരിഷ്കാരങ്ങൾ വഴിതുറക്കുന്നത്. എണ്ണക്കമ്പനികളുടെ നഷ്ടക്കണക്കിന്റെ മറവിൽ കേന്ദ്ര സർക്കാർ നേരിട്ടു നടത്തുന്ന ഇൗ പെരുംകൊള്ളയുടെ യഥാർത്ഥ രൂപം മനസിലാക്കാനിരിക്കുന്നതേയുള്ളൂ. ഒരു വീട്ടിലെ ഒരു വർഷത്തെ പാചകാവശ്യത്തിന് ആറു സിലിണ്ടർ മാത്രം മതിയാകുമെന്ന കണക്കുകൂട്ടലിന് ആധാരമായി കേന്ദ്രം കണ്ടെത്തിയ സ്ഥിതി വിവരങ്ങൾ തന്നെ സംശയാസ്പദമാണ്. ഇത്തരത്തിൽ വിതരണം നിയന്ത്രിക്കപ്പെടുന്നതോടെ ഏതാണ്ട് അത്രയുംതന്നെ സിലിണ്ടറുകൾ കൊള്ളവിലയ്ക്കു നൽകാനായി എണ്ണക്കമ്പനികളുടെ പക്കൽ ശേഷിക്കുകയാണ്. കോടിക്കണക്കിനു വരുന്ന ഇൗ സിലിണ്ടറുകൾ ഉയർന്ന വില ഇൗടാക്കി വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന അമിത ലാഭത്തിലാണ് സർക്കാരിന്റെ കണ്ണ്. എണ്ണ ശുദ്ധീകരണശാലയിലെ ഉപോത്പന്നങ്ങളിലൊന്നായ പാചക വാതകം സർക്കാർ നാനൂറു രൂപയോളം നഷ്ടം സഹിച്ചുകൊണ്ടാണ് ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന അവകാശവാദംതന്നെ പച്ചക്കള്ളമാണ്.സർക്കാർ നൽകുന്ന വിലയ്ക്കുതന്നെ മുൻകാലങ്ങളിൽ സ്വകാര്യ കമ്പനികൾ ഇവിടെ പാചക വാതക വിതരണം നടത്തിയിരുന്നത് കുറെപ്പേർക്കെങ്കിലും ഒാർമ്മകാണും. സബ്സിഡിയെക്കുറിച്ചോ സർക്കാർ നിശ്ചയിച്ച വിലയ്ക്കു വിൽക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചോ ഇൗ കമ്പനികളിലൊന്നുംതന്നെ പരാതിപ്പെട്ടിരുന്നതായി കേട്ടിട്ടുമില്ല. എണ്ണ ശുദ്ധീകരണത്തിനിടെ ലഭിക്കുന്ന പാചക വാതകം ഉപയോഗപ്പെടുത്താനായില്ലെങ്കിൽ വെറുതേ കത്തിച്ചുകളയാൻ മാത്രമേ സാധിക്കൂ.

ഇൗ വാതകം സിലിണ്ടറിൽ നിറച്ചു വിൽക്കുന്നത് ഉല്പാദനച്ചെലവിന്റെ എത്രയോ മടങ്ങ് വില ഇൗടാക്കിയാണ്. കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും എത്രതന്നെ കള്ളക്കണക്കുകൾ നിരത്തി സമർത്ഥിക്കാൻ ശ്രമിച്ചാലും പാചക വാതക വിതരണത്തിലും അതിന്റെ വില നിർണയത്തിലും ഏറ്റവും ഒടുവിൽ കൈക്കൊണ്ട തീരുമാനം ഉപഭോക്താക്കളെ കൊള്ളയടിക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഇതുകൊണ്ടൊന്നും പോരാതെയാണ് രണ്ടു ദിവസം മുമ്പ് പരസ്യ വിപണിയിൽ പാചക വാതകത്തിന് വീണ്ടും കുത്തനേ വില ഉയർത്തിയത്.

സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ സബ്സിഡിയില്ലാതെ അത് 800 രൂപയ്ക്ക് യഥേഷ്ടം ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇപ്പോൾ അതിന്റെ വില 920 രൂപയായി കൂട്ടി. മറ്റു വിഭാഗങ്ങൾക്കുള്ള സിലിണ്ടറിനും അതിഭീമമായ തോതിലാണ് വർദ്ധന എന്നു കാണാം. വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില 1435 രൂപയിൽ നിന്ന് 1650 രൂപയായി ഉയരുമ്പോൾ സാധന വിലക്കയറ്റത്തിൽ ഞെരുങ്ങുന്ന ഹോട്ടലുകളും മറ്റും ഇനിയും ഭക്ഷണത്തിന് വില കൂട്ടാൻ നിർബന്ധിതരാകും.പല കാരണങ്ങളാൽ മാസങ്ങളായി കേരളത്തില്‍ പാചക വാതക വിതരണം താളം തെറ്റിയിരിക്കുകയാണ്. പുതിയ നടപടികൾ കൂടിയായപ്പോൾ വിതരണരംഗം തീർത്തും നാഥനില്ലാത്ത അവസ്ഥയിലുമായി. അവശ്യസാധന നിയമത്തിന്റെ പരിധിയിൽപ്പെടുമെങ്കിലും അങ്ങേയറ്റം ഉദാസീനതയോടെയാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളും എണ്ണക്കമ്പനികളും വിതരണ ഏജൻസികളും പ്രശ്നം കൈകാര്യം ചെയ്യുന്നത്. ആഴ്ചകളായി ഉപഭോക്താക്കൾ മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണെങ്കിലും ചുമതലക്കാരിലാരും തന്നെ ആശ്വാസവചനവുമായി എത്തുന്നില്ല. പണ്ടേതന്നെ എണ്ണക്കമ്പനികളുടെയും വിതരണക്കാരുടെയും ധാർഷ്ട്യമാണ് ഇൗ മേഖലയിൽ നിലനിൽക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ കൂടിയായപ്പോൾ സ്ഥിതി പറയാനുമില്ല. സിവിൽ സപ്ളൈസ് വകുപ്പും അതിന് ഒരു മന്ത്രിയും ഉണ്ടെന്നാണ് വയ്പ്. പാചക വാതക വിതരണം ഉറപ്പാക്കാൻ ചുമതലപ്പെട്ട കളക്ടർമാരുമുണ്ട്. ജനങ്ങൾ കൈയേറുമെന്നു ഭയന്ന് വിതരണ ഏജൻസികൾ പല സ്ഥലത്തും കടയും പൂട്ടി ഒളിവിൽ പോയതായി റിപ്പോർട്ടുണ്ട്. സര്‍ക്കാരുകള്‍  ജനങ്ങളെ  ഇങ്ങനെ ശിക്ഷിക്കരുത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: