നാളികേരത്തിന്‍റെ നാട്
കണ്ണീരിന്റെ നാടായി മാറ്റരുത്
കേരം തിങ്ങും കേരള
നാടിന്റെ സ്ഥിതി ഇന്ന് വളരെ ദയനീയമാണ് .
നമ്മുടെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ്
നാളികേരം. അഞ്ചുസെന്റ് പുരയിടത്തിലും അഞ്ച് തെങ്ങെങ്കിലും കാണാം. 35 ലക്ഷം കുടുംബങ്ങള്‍ നാളികേര കൃഷിയെ
ആശ്രയിച്ച് ജീവിക്കുന്നു. നാളികേര വിപണിയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ തൊഴില്‍ചെയ്ത്
ഉപജീവനം കഴിക്കുന്നുണ്ട്. മറ്റുല്‍പ്പന്നങ്ങള്‍ക്കെല്ലാം വില മാനംമുട്ടെ
ഉയരുമ്പോള്‍ നാളികേരത്തിന്റെ വിലമാത്രം ഇത്ര ഇടിയാന്‍ കാരണമെന്താണ്? 6000 കോടി രൂപയുടെ വ്യാപാരം ഇതുമായി ബന്ധപ്പെട്ട്
കേരളത്തില്‍ നടക്കുന്നു. നാളികേര കര്‍ഷകന് ഒരു നാളികേരത്തിന് ലഭിക്കുന്ന ശരാശരി
വില മൂന്നുരൂപയാണ്. എട്ടും പത്തും രൂപ വിലയുണ്ടായിരുന്നതാണ് മൂന്നു രൂപയായി
കുറഞ്ഞത്. അടുത്തകാലത്തൊന്നും ഇത്രവലിയ വിലത്തകര്‍ച്ചയുണ്ടായിട്ടില്ല. ഈ വിലത്തകര്‍ച്ച
സ്വാഭാവികമാണെന്ന് കരുതി അവഗണിക്കാന്‍ കഴിയുന്നതല്ല. വിലത്തകര്‍ച്ചയ്ക്ക്
വ്യക്തമായ കാരണമുണ്ട്. രാജ്യത്ത് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയവും ആസിയന്‍ കരാറും
വിലത്തകര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. ഇറക്കുമതിനിയന്ത്രണം എടുത്തുകളഞ്ഞതോടെ
സംസ്കരിച്ച ഭക്ഷ്യഎണ്ണയും അസംസ്കൃത എണ്ണയും ഇന്ത്യന്‍ വിപണിയില്‍ വേലിയേറ്റം
സൃഷ്ടിച്ചു. 2011 നവംബര്‍ മുതല്‍ 2012 മെയ്വരെ ഏഴുമാസം ഇറക്കുമതിചെയ്ത സസ്യഎണ്ണ 10,84,033 മെട്രിക് ടണ്ണാണ്. മുന്‍വര്‍ഷത്തെ ഇറക്കുമതി 5,51,327 മെട്രിക് ടണ്ണായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍
97 ശതമാനം വര്‍ധന. അസംസ്കൃത പാമോയിലിന്റെ അളവില്‍
82 ശതമാനം വര്‍ധനയുണ്ടായി. മുന്‍വര്‍ഷം 35564 മെട്രിക് ടണ്‍ ഈ വര്‍ഷം 64692 മെട്രിക് ടണ്ണായി ഉയര്‍ന്നു. 2009 മാര്‍ച്ച് 24 മുതല്‍ അസംസ്കൃത എണ്ണയുടെ ഇറക്കുമതി തീരുവ
പൂര്‍ണമായും ഒഴിവാക്കി. മാത്രമല്ല, 2008 മുതല്‍ ഒരുകിലോ
പാമോയിലിന് 15 രൂപ സബ്സിഡി നല്‍കുകയുംചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ
ഖജനാവില്‍നിന്നാണ് ഈ തുകയെല്ലാം നല്‍കുന്നത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന
വെളിച്ചെണ്ണയ്ക്ക് ഒരുകിലോക്ക് 15 രൂപ സബ്സിഡി നല്‍കാന്‍
കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. മലേഷ്യ, ഇന്തോനേഷ്യ എന്നീ
രാജ്യങ്ങളില്‍നിന്നാണ് മുഖ്യമായും പാമോയില്‍ ഇറക്കുമതിചെയ്യുന്നത്. നമ്മുടെ
ഖജനാവില്‍നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതിക്കായി 55,000 കോടി രൂപയാണ് ചെലവഴിക്കുന്നത്.
വെളിച്ചെണ്ണയുടെ വിലയെ ആശ്രയിച്ചാണ് നാളികേരത്തിന്റെ വില നിശ്ചയിക്കുന്നത്. ഇതില്‍നിന്നെല്ലാം
വ്യക്തമാകുന്ന വസ്തുത നാളികേരത്തിന്റെ വിലയിടിക്കാന്‍ കാരണമാകുന്നത് കേന്ദ്രസര്‍ക്കാരിന്റെ
ഇറക്കുമതിനയമാണെന്നാണ്. പാമോയില്‍ ഇറക്കുമതി നിരോധിക്കാന്‍ യുഡിഎഫ് എംപിമാര്‍
എന്തുചെയ്തു എന്ന ചോദ്യം അവശേഷിക്കുന്നു. തൃപ്തികരമായ വിശദീകരണം നല്‍കാന്‍ അവര്‍
തയ്യാറാകണം. മറ്റൊരു കാര്യം കൃഷിച്ചെലവാണ്. രാസവളത്തിന്റെ വില മൂന്നും നാലും
ഇരട്ടിയായി വര്‍ധിച്ചു. വളത്തിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞതാണ് വിലവര്‍ധനയുടെ
മുഖ്യകാരണം. രാസവളം ആവശ്യാനുസരണം കിട്ടാനുമില്ല. ജൈവവളത്തിന്റെ കാര്യം
പറയാനുമില്ല. ഒരു ചായ കുടിക്കാന്‍ രണ്ട് നാളികേരം വില്‍ക്കണം എന്നതാണ് നില. ഒരു
വിധത്തിലും ജീവിക്കാന്‍ കഴിയാത്ത നിലയില്‍ നാളികേര കര്‍ഷകരുടെ ജീവിതം വഴിമുട്ടി
നില്‍ക്കുകയാണ്. കേരളത്തിന്റെ വികസനത്തിനായി ചെലവഴിക്കേണ്ടതായ ആയിരക്കണക്കിന് കോടി
രൂപയാണ് നാളികേര വിലത്തകര്‍ച്ചമൂലം നഷ്ടമാകുന്നത്. പാമോയില്‍ ഇറക്കുമതി
ഉപേക്ഷിക്കണം. ഇറക്കുമതി ചെയ്യുന്ന പാമോയിലിന് സബ്സിഡി നല്‍കുമ്പോള്‍
വെളിച്ചെണ്ണയ്ക്ക് സബ്സിഡി നല്‍കാതിരിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ല.
രാസവളത്തിന്റെ വില നിയന്ത്രിക്കണം. പച്ചത്തേങ്ങ താങ്ങുവില നല്‍കി സംഭരിക്കാന്‍
സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇളനീര്‍
വ്യവസായം പ്രോത്സാഹിപ്പിക്കണം . തമിഴര്‍ 10 രൂപയ്ക്കു കരിക്ക്
വില്‍ക്കുമ്പോള്‍ മലയാളി 3 രൂപക്ക് തേങ്ങ വില്‍ക്കുന്നു
.നാളികേരത്തില്‍ നിന്ന് ധാരാളം ഇതര ഉല്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും . കേര കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍
രംഗത്ത് വരണം.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment