Pages

Tuesday, October 16, 2012

വിവാദങ്ങളില്‍ പെട്ട് പദ്ധതികള്‍ വൈകുന്നു


വിവാദങ്ങളില്‍ പെട്ട്
 പദ്ധതികള്‍ വൈകുന്നു

 വിഴിഞ്ഞം തുറമുഖ പദ്ധതിയും കൊച്ചി മെ‌ട്രോ റെയിൽ പദ്ധതിയും. എത്രയോ വർഷങ്ങളായി മാറിമാറി വന്ന മുന്നണി സർക്കാരുകൾ കൈകാര്യം  ചെയ്യുന്നു . ആർജവമുള്ള മന്ത്രിമാരുണ്ടായിരുന്നുവെങ്കിൽ ഈ രണ്ടു പദ്ധതികളും എന്നേ ഫലപ്രാപ്തിയിലെത്തേണ്ടവയായിരുന്നു. ഇതിൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി ശ്രമം തുടങ്ങിയിട്ട് കാൽനൂറ്റാണ്ടെങ്കിലുമായിട്ടുണ്ടാവും. അതിന്റെ ഇപ്പോഴത്തെ നിലയെക്കുറിച്ച് സർക്കാരിനു പോലും നിശ്ചയമുണ്ടെന്നു തോന്നുന്നില്ല. പദ്ധതിയുടെ നിർമ്മാണച്ചുമതല ഏറ്റെടുക്കാനുള്ള ടെൻഡർ പോലും ക്ഷണിച്ച ശേഷമാണ് പുതിയ സാങ്കേതിക വിവാദങ്ങളിൽപ്പെടുത്തി പദ്ധതി തന്നെ അട്ടിമറിച്ചത്. ഇതിനെച്ചൊല്ലി ഭരിക്കുന്നവരിൽ ആർക്കും തന്നെ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലെന്നതാണ് ഏറെ സങ്കടകരമായ കാര്യം. ആവശ്യത്തിലേറെ വിവാദങ്ങളും ഒട്ടനവധി കടമ്പകളും കടന്നശേഷമാണ് കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്നു പ്രതീക്ഷിക്കുന്ന മെ‌ട്രോ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് അന്തിമാനുമതി ലഭിച്ചത്. കേന്ദ്രാനുമതി ലഭിച്ചാൽ തൊട്ടടുത്ത ദിവസം പണി തുടങ്ങി മൂന്നു വർഷത്തിനകം മെ‌ട്രോ പാളങ്ങളിലൂടെ ‌‌ട്രെയിൻ ഓടിക്കുമെന്നായിരുന്നു വാഗ്ദാനം.

നിർമ്മാണച്ചുമതല ഈ രംഗത്ത് സ്​തുത്യർഹമായ പ്രകടനം കാഴ്​ച വച്ചിട്ടുള്ള ഡൽഹി മെ‌ട്രോ റെയിൽ കോർപ്പറേഷനെ ഏൽപ്പിക്കുമെന്ന തീരുമാനം കൂടിയായപ്പോൾ എല്ലാം മംഗളകരമായി പര്യവസാനിക്കുമെന്നാണ് ശുദ്ധഗതിക്കാരായ ജനങ്ങൾ വിശ്വസിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ 'മെ‌ട്രോമാനായ' ഇ. ശ്രീധരന്റെ നേതൃത്വത്തിൽത്തന്നെയാകും നടക്കുക എന്നുകൂടി അറിയിപ്പു വന്നപ്പോൾ ഇക്കാര്യത്തിൽ ഇതിനെക്കാൾ അനുകൂലമായ സ്ഥിതി വേറെ ഉണ്ടാകാനുമില്ല എന്നും തോന്നി. എന്നാൽ, ആഗ്രഹിച്ചതുപോലെയല്ല കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നതെന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കാൻ അധിക ദിവസങ്ങൾ വേണ്ടിവന്നില്ല. കൊച്ചി മെ‌ട്രോയുടെ കാര്യത്തിൽ അതിരറ്റ താത്പര്യവും പിറന്ന നാടിനോട് നിസീമമായ കൂറും ഇന്നും മനസിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് ശ്രീധരനെപ്പോലുള്ള ഒരു പ്രഗല്ഭമതി പ്രായാധിക്യംപോലും വകവയ്​ക്കാതെ ഇൗ പദ്ധതിയുടെ നടത്തിപ്പിനായി മുന്നോട്ടുവന്നത്. ഇത്തരം വൻകിട പദ്ധതികളുടെ നടത്തിപ്പിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന സാങ്കേതിക തടസങ്ങളും കെട്ടുപിണഞ്ഞ നിർമ്മാണ തടസങ്ങളും സത്വരമായി കണ്ടുപിടിച്ചു പരിഹരിക്കാനുള്ള പരിചയവും അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്. ഡി.എം.ആർ.സിയുടെ അമരത്തിരുന്നുകൊണ്ട് ഇതുപോലെ വേറെയും പദ്ധതികൾ സമയബന്ധിതമായും സ്​തുത്യർഹമായ നിലയിലും പൂർത്തിയാക്കിയ വിശാലമായ അനുഭവ സമ്പത്തുമുള്ള ആളാണദ്ദേഹം. ഇത്തരത്തിൽ എന്തുകൊണ്ടും ആദരിക്കപ്പെടേണ്ട ഒരു വിദഗ്​ദ്ധന്റെ സേവനം ഒരുവിധ ഉപാധികളും കൂടാതെ സ്വീകരിക്കേണ്ടതിനു പകരം എങ്ങനെ ശ്രീധരനെയും ഡി.എം.ആർ.സിയെയും കൊച്ചിയിൽ നിന്ന് ഓടിക്കാനാകും എന്നാണ് ഇപ്പോൾ സ്ഥാപിത താത്പര്യക്കാരായ കുബുദ്ധികൾ ആലോചിക്കുന്നത്. തങ്ങളുടെ ഇൗ കുത്സിത നീക്കങ്ങൾക്ക് സാധൂകരണം ലഭിക്കുന്നതിന് അന്തസ്സാര ശൂന്യമായ ചില സാങ്കേതിക വരട്ടു വാദങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നു.

കൊച്ചി മെ‌ട്രോയുടെ നിർമ്മാണച്ചെലവ് 5181 കോടി രൂപയാകുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഭീമമായ ഇൗ പദ്ധതി അടങ്കൽ തന്നെയാണ് ഇപ്പോൾ അതിന്റെ കാലനായി ഭവിച്ചിരിക്കുന്നത്. നിർമ്മാണ ചുമതല ഏറ്റെടുക്കുന്നതിന് ആഗോള ടെൻഡർ വിളിച്ചാലേ പുറത്തുനിന്നു വായ്​പ ലഭിക്കുകയുള്ളൂ എന്നും ഡി.എം.ആർ.സിയെ ആദ്യം ഏൽപ്പിക്കുന്നതിൽ സാങ്കേതികമായ തടസ്സങ്ങളുണ്ടെന്നും മറ്റുമാണ് വാദം.
പുനസ്സംഘടിപ്പിക്കപ്പെട്ട കൊച്ചി മെ‌ട്രോ ഡയറക്​ടർ ബോർഡ് ഒരൊറ്റത്തവണയേ ഇതിനകം സമ്മേളിച്ചിട്ടുള്ളൂ. കൂടി പിരിഞ്ഞതല്ലാതെ നിർമ്മാണച്ചുമതല ആർക്കു നൽകണമെന്ന സുപ്രധാന വിഷയത്തിൽ അന്നു ചർച്ച
പോലും നടന്നില്ല. ഇൗ മാസം 19ന് ചേരാൻ നിശ്ചയിച്ചിട്ടുള്ള ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യം ചർച്ചയ്ക്കെടുക്കുമെന്നാണ് കേൾക്കുന്നത്. തീരുമാനം തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെയാണ് ഡൽഹി മെ‌ട്രോയുടെയും ശ്രീധരന്റെയും തീരുമാനം. ഇക്കാര്യം വളരെ വ്യക്തമായിത്തന്നെ ശ്രീധരൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്. ഇതു സംഭവിച്ചാൽ അതിന്റെ നഷ്​ടം കൊച്ചി മെ‌ട്രോയ്​ക്കും ഇവിടത്തെ ജനങ്ങൾക്കുമായിരിക്കുമെന്നു തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയും വിവേകവും സർക്കാരിനുണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: