റെയില്‍വേ പുറമ്പോക്കുകാര്‍ക്ക്
ഭൂമി നല്‍കാന്‍ നടപടി തുടങ്ങി
ചെങ്കോട്ട-പുനലൂര്‍ ഗേജ് മാറ്റത്തിനായി പുനലൂരിലെ റെയില്‍വേ പുറമ്പോക്കില്‍നിന്ന് ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് കേളങ്കാവില്‍ മൂന്നുസെന്റ് വീതം ഭൂമി പ്ലോട്ട് തിരിച്ച് നല്‍കാന്‍ നടപടി ആരംഭിച്ചു. ശനിയാഴ്ച രാവിലെ കേളങ്കാവിലെ നിര്‍ദ്ദിഷ്ട ഭൂമിയില്‍ എത്തിയ നഗരസഭാധ്യക്ഷ വിമല ഗുരുദാസിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാരുടെയും റവന്യൂ-നഗരസഭാ ഉദ്യോഗസ്ഥരുടെയും സംഘം ഇതിനുള്ള പ്രവൃത്തികള്‍ തുടങ്ങി. ഇവിടെ പ്രത്യേകം റോഡ് നിര്‍മ്മിച്ചു. മൂന്നു സെന്റ് സ്ഥലം വീതം അടങ്ങുന്ന ഓരോ പ്ലോട്ടും കല്ല് നാട്ടി തിരിക്കുന്ന ജോലികള്‍ ഞായറാഴ്ച ആരംഭിക്കും. മേല്‍നോട്ടം നല്‍കാന്‍ നഗരസഭാ മരാമത്തുസമിതി ചെയര്‍മാന്‍ ബിനോയ് രാജനെ ചുമതലപ്പെടുത്തി.
വരുന്ന ഒമ്പതാം തീയതി പുറമ്പോക്ക് നിവാസികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ റെയില്‍വേ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് കേളങ്കാവില്‍ പുറമ്പോക്കുകാര്‍ക്കായി അനുവദിച്ച ഭൂമി ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ നഗരസഭ നടപടി ആരംഭിച്ചത്. പ്ലോട്ട് തിരിച്ച് നല്‍കുന്ന ജോലികള്‍ക്ക് കാലതാമസം നേരിടുമെന്നതിനാല്‍ പുറമ്പോക്ക് നിവാസികള്‍ ഒഴിയുന്നതിന് പതിനഞ്ചുദിവസംകൂടി സാവകാശം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നഗരസഭാധ്യക്ഷ റെയില്‍വേയുടെ മധുര അഡീഷണല്‍ മാനേജര്‍ക്ക് കഴിഞ്ഞദിവസം കത്തയച്ചിട്ടുണ്ട്.
പുനലൂരിലെ പുറമ്പോക്കില്‍ താമസിക്കുന്ന 103 കുടുംബങ്ങള്‍ക്കാണ് കേളങ്കാവില്‍ ഭൂമി നല്‍കിയത്. ഇതില്‍ 80 കുടുംബങ്ങള്‍ക്ക് ആഗസ്ത് ഒന്നിന് പുനലൂരില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പട്ടയം വിതരണം ചെയ്തിരുന്നു. എന്നാല്‍ ഈ ഭൂമി കാടുതെളിച്ച് പ്ലോട്ട് തിരിച്ച് നല്‍കാന്‍ നടപടി വൈകിയതിനാല്‍ പുറമ്പോക്കുകാര്‍ക്ക് ഇവിടേക്ക് മാറിത്താമസിക്കാന്‍ കഴിഞ്ഞില്ല. ഇവിടെയുള്ള 35 മരങ്ങള്‍ എട്ടിന് ലേലംചെയ്ത് നല്‍കാന്‍ റവന്യൂ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
പുറമ്പോക്കുകാര്‍ക്ക് ഭൂമി നല്‍കിയാലും ഇവര്‍ക്ക് വീട് ഇല്ലാത്തതിനാല്‍ ഇവരുടെ താമസം പ്രതിസന്ധിയിലാകും. സര്‍ക്കാരിന്റെ സാമ്പത്തിക പങ്കാളിത്തത്തോടെ ഇവര്‍ക്ക് വീട് നല്‍കാന്‍ ലക്ഷ്യമിട്ട് നഗരസഭ വള്ളിമാനൂര്‍ ഭവനപദ്ധതി ഒരുമാസംമുമ്പ് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിയ്ക്കും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇനിയും നടപടി ഉണ്ടായിട്ടില്ല.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment