Pages

Sunday, October 7, 2012

കേന്ദ്രസര്‍ക്കാറിന്റെസാമ്പത്തിക പരിഷ്‌ക്കരണം ജനങ്ങളെ ബോധ്യപ്പെടുത്തണം


കേന്ദ്രസര്‍ക്കാറിന്റെസാമ്പത്തിക പരിഷ്‌ക്കരണം ജനങ്ങളെ ബോധ്യപ്പെടുത്തണം
 കേന്ദ്രസര്‍ക്കാറിന്റെസാമ്പത്തിക പരിഷ്‌ക്കരണം ജനങ്ങളെ ബോധ്യപ്പെടുത്താന്‍  ഇതുവരെ  കഴിഞ്ഞിട്ടില്ല .സാമ്പത്തിക പരിഷ്‌കരണരംഗത്ത് ഇനി പിന്നോട്ടില്ലെന്ന ഉറച്ച സന്ദേശമാണ് കേന്ദ്രസര്‍ക്കാറിന്റെ അടുത്തകാലത്തെ നയപ്രഖ്യാപനങ്ങളുടെ ആകെ സത്ത. ഇന്‍ഷുറന്‍സിലും പെന്‍ഷന്‍ഫണ്ടിലും 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള കഴിഞ്ഞ ദിവസത്തെ തീരുമാനം ചില്ലറവ്യാപാരമേഖല വിദേശനിക്ഷേപകര്‍ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള പരിഷ്‌കരണ നടപടികളുടെ രണ്ടാംഘട്ടമായി കാണാം. മമതാ ബാനര്‍ജി യു.പി.എ. വിട്ടതോ, ഇടതുപക്ഷത്തിന്റെ എതിര്‍പ്പോ ഒന്നും കോണ്‍ഗ്രസ്സിനെ ഉദാരീകരണത്തിന്റെ അതിവേഗപാതയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ മാത്രം ശക്തമല്ല. ചില്ലറവ്യാപാരരംഗത്തെ വിദേശനിക്ഷേപത്തെ പരസ്യമായി എതിര്‍ത്ത പ്രധാന പ്രതിപക്ഷമായ ബി.ജെ.പി.ക്ക് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് മേഖലയിലെ വിദേശപങ്കാളിത്തത്തോട് ആശയപരമായ എതിര്‍പ്പില്ല. പത്തുവര്‍ഷം മുമ്പ് വിദേശനിക്ഷേപത്തിന് ആദ്യമായി വാതിലുകള്‍ തുറന്നുകൊടുത്ത പാര്‍ട്ടിയെന്ന നിലയ്ക്ക് ബി.ജെ.പി.ക്ക് ഇപ്പോഴത്തെ പരിഷ്‌കരണ നടപടികളെ തള്ളിപ്പറയാന്‍ പരിമിതികളുണ്ടെന്ന് യു.പി.എ. നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. രാജ്യത്ത് നാണ്യപ്പെരുപ്പവും ധനക്കമ്മിയും ആശങ്കാജനകമായ തരത്തിലേക്ക് എത്തുകയും വളര്‍ച്ചനിരക്ക് താഴോട്ടുപോകുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് ചില കടുത്ത നടപടികള്‍ എടുക്കാതെ മുന്നോട്ടുപോകാനാവാത്ത സാഹചര്യമുണ്ട്. രൂപയുടെ മൂല്യം ഡോളറിന് 52 രൂപയിലേക്ക് ഇടിഞ്ഞിരിക്കുന്നു. ഇറക്കുമതിയുടെ ഭാരം വര്‍ധിക്കുമ്പോള്‍ വിലക്കയറ്റം സ്വാഭാവികമായുണ്ടാവും. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നത് മൂലധന വിപണിയെ തളര്‍ത്തുകയും വളര്‍ച്ചനിരക്ക് വീണ്ടും താഴ്ത്തുകയും ചെയ്യും. വിദേശനിക്ഷേപകര്‍ക്ക് ഉത്തേജനം പകര്‍ന്ന് കൂടുതല്‍ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരികയാണ് ഇപ്പോഴത്തെ പരിഷ്‌കരണ നടപടികളുടെ ലക്ഷ്യമെന്ന് ഇതില്‍നിന്ന് വ്യക്തമാകും.ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപത്തിന്റ പരിധി 26-ല്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്തുന്നതോടെ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 30,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയ്ക്കായിരിക്കും കൂടുതല്‍ ഗുണം കിട്ടുക. വിദേശനിക്ഷേപം അനുവദിക്കുന്നതിനുമുമ്പ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 1.9 ശതമാനമായിരുന്നു ഇന്‍ഷുറന്‍സ് മേഖലയുടെ സംഭാവനയെങ്കില്‍ ഇപ്പോഴത് 4.5 ശതമാനമായി വളര്‍ന്നിട്ടുണ്ട്. മാത്രമല്ല ഇന്‍ഷുറന്‍സ് മേഖലയുടെ വാര്‍ഷിക വളര്‍ച്ചനിരക്ക് 32 ശതമാനത്തിനടുത്താണ്. പത്തുകൊല്ലം മുമ്പ് എന്‍.ഡി.എ. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചശേഷം ഒട്ടേറേ വിദേശകമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 21 സ്വകാര്യ കമ്പനികളും നാല് പൊതുമേഖലാ സ്ഥാപനങ്ങളും ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തുണ്ട്. എങ്കില്‍പോലും രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനത്തോളം ഇപ്പോഴും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവരാണ്. വിദേശകമ്പനികളുടെ കടന്നുവരവ് കൂടുതല്‍പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമോ എന്നാണ് പരിശോധിക്കേണ്ടത്. നമ്മുടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലനില്പിനെയും വളര്‍ച്ചയെയും പുതിയ നയം എങ്ങനെ ബാധിക്കുമെന്നതും സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കേണ്ട വിഷയമാണ്. രാജ്യത്തിന്റെ വികസനരംഗത്തും സാമൂഹ്യസുരക്ഷാ മേഖലയിലും നമ്മുടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിവരുന്ന സംഭാവന ചെറുതല്ല. വിദേശകമ്പനികള്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പൊതുവേ വിമുഖരാണ്. അതിനാല്‍ത്തന്നെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ വളര്‍ച്ച ഉറപ്പാക്കാനാവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കാന്‍ അമാന്തം കാട്ടരുത്.

പെന്‍ഷന്‍ ഫണ്ടില്‍ ആദ്യമായാണ് വിദേശപങ്കാളിത്തം അനുവദിക്കുന്നത്. രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രോവിഡന്റ് ഫണ്ട് സമ്പാദ്യം ഓഹരിവിപണിയുടെ ചാഞ്ചാട്ടത്തിലേക്ക് വിട്ടുകൊടുക്കുന്നതില്‍ തൊഴിലാളിസംഘടനകള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച ചില അമേരിക്കന്‍ പെന്‍ഷന്‍ ഫണ്ട് കമ്പനികളുടെ ചരിത്രം നമുക്ക് പാഠമാകേണ്ടതാണ്. ആയിരക്കണക്കിന് കോടികളുടെ ഫണ്ട് യാതൊരു സര്‍ക്കാര്‍ നിയന്ത്രണവുമില്ലാതെ കൈകാര്യംചെയ്യാന്‍ സ്വകാര്യവിദേശ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നത് സുരക്ഷിതമോ എന്ന് നമ്മുടെ ഭരണാധികാരികള്‍ പുനര്‍ചിന്തനം നടത്തുകതന്നെ വേണം. ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിയുള്ള ഒരു സര്‍ക്കാറിന് ഇത്രയും നിര്‍ണായകമായ നയതീരുമാനങ്ങളെടുക്കാനുള്ള അവകാശത്തെ പ്രതിപക്ഷം ചോദ്യംചെയ്തുകഴിഞ്ഞു. വിദേശമൂലധന ശക്തികളുടെ താത്പര്യങ്ങള്‍ക്കല്ല ജനങ്ങളുടെ താത്പര്യങ്ങള്‍ക്കാണ് തങ്ങള്‍ പ്രഥമപരിഗണന നല്‍കുന്നതെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനും കേന്ദ്രസര്‍ക്കാറിനും ചുമതലയുണ്ട്. അതവര്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കാം. ഇതുപോലുള്ള സുപ്രധാന നയവ്യതിയാനങ്ങള്‍ കൊണ്ടുവരുന്നത് ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമാകണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: