Pages

Tuesday, October 16, 2012

പുനലൂരില്‍ ഭക്ഷ്യവിഷബാധ


പുനലൂരില്‍ ഭക്ഷ്യവിഷബാധ
(മിഠായി നല്‍കിയത് പുനലൂരിലെ കടയില്‍നിന്ന്)

ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയുണ്ടാക്കിയത് പുനലൂരിലെ കടയില്‍നിന്ന് വിതരണം ചെയ്ത മിഠായികള്‍. ഇതേത്തുടര്‍ന്ന് പുനലൂരില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഈ കടയടക്കം മൂന്ന് കടകളില്‍നിന്ന് മിഠായി പിടിച്ചെടുത്തു. കടയുടമകള്‍ക്കെതിരെ കേസെടുത്തു. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡും പട്ടണത്തില്‍ പരിശോധന നടത്തി. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.ആര്‍.ടി.ടി, സിവില്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്‌കൂളിന് സമീപത്തെ കടയില്‍നിന്ന് ചെറിയ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ പുളിമിഠായി കഴിച്ച കുട്ടികള്‍ക്ക് വയറുവേദനയും വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ കടയില്‍ മിഠായി നല്‍കിയത് പുനലൂരിലെ കടയില്‍നിന്നാണെന്ന് വ്യക്തമായി.

തുടര്‍ന്ന് പുനലൂര്‍ എസ്.ഐ. കെ.എസ്.ഗോപകുമാര്‍, തെന്മല എസ്.ഐ. ഉമ്മര്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ പോസ്റ്റ് ഓഫീസ് ജങ്ഷനിലുള്ള കടകളില്‍നിന്ന് പുളിമിഠായി, സിപ്പപ്പ്, തുടങ്ങിയവ പിടിച്ചെടുത്തു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുംവിധം ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തിയതിനാണ് കടയുടമകള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.തമിഴ്‌നാട്ടില്‍നിന്നാണ് പുനലൂരില്‍ കടകളിലേക്ക് ഇത്തരം ഭക്ഷ്യസാധനങ്ങള്‍ കൂടുതലായി എത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ലേബലോ, നിര്‍മ്മാണത്തീയതിയോ ചേരുവയെക്കുറിച്ചുള്ള വിവരങ്ങളോ ഇവയില്‍ ഉണ്ടാവുകയില്ല. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇവ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്. മോപ്പഡുകളില്‍ എത്തിക്കുന്ന ഇവ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുകയുമില്ല. ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോഴാണ് ഉദ്യോഗസ്ഥര്‍ ഇതേപ്പറ്റി ശ്രദ്ധിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഉത്പാദനമെങ്കില്‍ ചെക്ക് പോസ്റ്റില്‍ത്തന്നെ ഇവയുടെ വരവ്തടയണം .ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം .

പ്രൊഫ്. ജോണ്‍ കുരക്കാര്‍

No comments: