നൊബേല്‍ സമ്മാനംഅര്‍ഹിക്കുന്നവര്‍ക്ക് തന്നെയാണോ ലഭിക്കുന്നത് ?
നൊബേല്‍ സമാധാനസമ്മാനവും സാഹിത്യ സമ്മാനവും ആര്‍ക്ക്
ലഭിക്കുന്നു എന്നത് എപ്പോഴും ചര്‍ച്ചയാവാറുള്ളതാണ്. രാഷ്ട്രീയലക്ഷ്യത്തോടെ
സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുന്നു എന്ന ആരോപണം ചിലപ്പോള്‍ ഉയരാറുണ്ട്. ഇന്ന ആള്‍ക്കല്ല, മറ്റൊരാള്‍ക്കായിരുന്നു
സമ്മാനം ലഭിക്കേണ്ടിയിരുന്നത് എന്ന അഭിപ്രായമുള്ളവരും ധാരാളം കാണും.
ശാസ്ത്രസമ്മാനങ്ങളുടെ കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ പൊതുവേ കുറവാണ്.
ശാസ്ത്രജ്ഞരുടെ സംഭാവനകള്‍ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാണ്
എന്നതാവാം കാരണം. മറ്റൊന്ന് ശാസ്ത്രസമൂഹത്തിനകത്ത് ഭാഷയും ദേശീയതയും മറികടന്നുകൊണ്ട്
നിലനില്‍ക്കുന്ന ശക്തമായ ആശയവിനിമയമാണ്. ഇത്തവണ സമാധാനസമ്മാനം ലഭിക്കുമെന്ന്
പ്രതീക്ഷിച്ചവരുടെ പട്ടിക നീണ്ടതായിരുന്നു. എന്നാല്‍,
അവരെയൊക്കെ മറികടന്നുകൊണ്ട് ഒരു സംഘടന - യൂറോപ്യന്‍ യൂണിയന്‍ - സമ്മാനം നേടിയത്
ദേശീയതകളെക്കുറിച്ചും രാജ്യങ്ങള്‍ക്കിടയിലുണ്ടാവേണ്ട ഐക്യത്തെക്കുറിച്ചും
ആലോചിക്കാന്‍ വകനല്‍കുന്നു.സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഒരു സംഘടനയ്ക്ക് ലഭിക്കുന്നത്
അപൂര്‍വമല്ല. റെഡ്‌ക്രോസ്, യൂനിസെഫ്, ആംനസ്റ്റി
ഇന്റര്‍നാഷണല്‍ തുടങ്ങി എത്രയോ സംഘടനകള്‍ ഇതിന് മുമ്പ് സമ്മാനിതരായിട്ടുണ്ട്.
എന്നാല്‍, രാജ്യങ്ങളുടെ ഒരു കൂട്ടായ്മ സമ്മാനം നേടുന്നത്
ആദ്യമാകണം. അമ്പതുകളില്‍ രൂപംകൊണ്ട ഒരുകൂട്ടം ഉടമ്പടികളിലൂടെ നിലവില്‍ വന്നതാണ് 27 രാജ്യങ്ങളുടെ ഈ കൂട്ടായ്മ. അതില്‍ 17 രാജ്യങ്ങള്‍ക്ക്
പൊതു നാണയമാണ്. നൂറ്റാണ്ടുകളായി പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന രാജ്യങ്ങളാണ്
ഇക്കൂട്ടത്തിലുള്ളത്. ഇതില്‍ വമ്പിച്ച ജീവനാശം സംഭവിച്ച മഹായുദ്ധങ്ങളും പെടുന്നു.
വിഭജിച്ച് നിര്‍ത്തുന്നതിനേക്കാള്‍ ഒന്നിച്ചു നിര്‍ത്തുന്ന കാര്യങ്ങളാണ്
കൂടുതലുള്ളത് എന്ന തിരിച്ചറിവാണ് ഈ കൂടിച്ചേരലിന് രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഈ
കൂട്ടായ്മ, സാമ്പത്തികവും രാഷ്ട്രീയവും നിയമപരവുമായ നയങ്ങള്‍ക്കും
ഇക്കാലയളവില്‍ രൂപം നല്‍കുകയുണ്ടായി. ലണ്ടനില്‍ ഫ്രഞ്ചുകാര്‍ ധാരാളം താമസിക്കുന്ന
ഭാഗത്താണ് പ്രസിദ്ധ ഫുട്‌ബോള്‍ ടീമായ ആഴ്‌സനലിന്റെ ആസ്ഥാനം. എത്രയോ കാലമായി
ഫ്രഞ്ചുകാരനായ ആഴ്‌സന്‍ വെങ്ങറാണ് ഈ ഇംഗ്ലീഷ് ക്ലബ്ബിന്റെ പരിശീലകന്‍. അങ്ങനെ ഈ കൊടുക്കല്‍
വാങ്ങല്‍ പലതരത്തില്‍ കാണുന്നു. ഏത് രാജ്യത്തിനും പരമപ്രധാനം സ്വന്തം ജനതയുടെ
താത്പര്യങ്ങളാണ്. ഈ സ്വാര്‍ഥം എപ്പോഴും നിഷേധഭാവം കൈക്കൊള്ളേണ്ടതില്ലെന്ന്
യൂറോപ്യന്‍ യൂണിയന്‍ പഠിപ്പിക്കുന്നു. ഈ ഐക്യത്തിന്റെ കാതല്‍ ജനാധിപത്യമാണ്.
രാജാധികാരമോ ഏകാധിപത്യമോ മതാധിപത്യമോ ആണ് ഈ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നത്
എങ്കില്‍ ഇത്തരമൊരു കൂട്ടായ്മ അസാധ്യമായേനേ. ചരിത്രഗതിയില്‍ അത്തരം അധികാരരൂപങ്ങള്‍
ക്രമേണ ഇല്ലാതാവുകയാണ്. അങ്ങനെ ജനാധിപത്യത്തിന്റെ ഗുണ ഫലങ്ങള്‍ നുകരാന്‍
യൂറോപ്പിലെ ജനതയ്ക്ക് സാധിച്ചതുകൊണ്ടുതന്നെയാണ് യുദ്ധങ്ങള്‍ ഇല്ലാതായതും അവര്‍ക്ക്
ഇങ്ങനെ ഒന്നിച്ചു നില്‍ക്കാന്‍ സാധിച്ചതും. നദീജലം പങ്കിടല്‍, പട്ടിണിമാറ്റല്‍, ദുരന്തനിവാരണം, ഊര്‍ജോത്പാദനം തുടങ്ങിയ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സംസ്ഥാനങ്ങള്‍ക്ക്,
വിട്ടകലുകയല്ല, ഒന്നിച്ചുനില്‍ക്കുകയേ
വഴിയുള്ളൂവെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയെപ്പോലുള്ള രാജ്യത്തെ ഓര്‍മിപ്പിക്കുന്നു.
ഇതുകൊണ്ട് എല്ലാനിലയ്ക്കും ഭദ്രമായ സംവിധാനമാണ് യൂറോപ്യന്‍ യൂണിയന്‍ എന്നര്‍ഥമില്ല. രാജ്യങ്ങള്‍ ക്കിടയിലുള്ള സാമ്പത്തികമായ അന്തരം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഗ്രീസിനെപ്പോലുള്ള രാജ്യങ്ങളുടെ കട ഭാരവും അതിന് പരിഹാരമായി സമ്പന്നരായ ജര്‍മനി ശുപാര്‍ശ ചെയ്യുന്ന ചെലവുചുരുക്കല്‍ നയങ്ങളും എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. പൊതു നാണയമായ യൂറോ നേരിടുന്ന സമ്മര്‍ദം സൃഷ്ടിച്ച പ്രതിസന്ധി കലഹത്തിനും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. ജര്‍മനിയും ഫ്രാന്‍സും ഐക്യത്തിനുവേണ്ടി മുന്‍പത്തെപ്പോലെ പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരിക്കുകയാണ്. എങ്കിലും അതൊന്നും ഒന്നിച്ചു നില്‍ക്കുന്നതുകൊണ്ടുള്ള സാധ്യതകളെ ഇല്ലാതാക്കുന്നില്ല.നൊബേല്‍ സമ്മാനം നേടിയ പല സമാധാന പ്രവര്‍ത്തകരും സാഹിത്യകാരന്മാരും വിസ്മൃതരായിക്കഴിഞ്ഞു. അത് ലഭിക്കാത്തവര്‍ പലരും തിളക്കത്തോടെ ചരിത്രത്തില്‍ നിലകൊള്ളുന്നുമുണ്ട്. അഞ്ചുതവണ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടും മഹാത്മാഗാന്ധിക്ക് സമാധാനസമ്മാനം ലഭിക്കുകയുണ്ടായില്ല. ഗാന്ധിജിയെ ആഴത്തില്‍ സ്വാധീനിച്ച ലിയോ ടോള്‍സ്റ്റോയിക്ക് സാഹിത്യത്തിനുള്ള സമ്മാനവും കിട്ടാതെപോയി. എന്നാലും ഇപ്പോഴും ഏവരും ഉറ്റുനോക്കുന്ന ഒരു ബഹുമതിയായി നൊബേല്‍ നിലകൊള്ളുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment