രാജ്യത്തിന്‍റെപുരോഗതി
യും വിദ്യാഭ്യാസനിലവാരവും
ഒരു
രാജ്യത്തിന്റെ സാര്‍ഥകമായ പുരോഗതി അവിടത്തെ വിദ്യാഭ്യാസനിലവാരത്തെ
ആശ്രയിച്ചിരിക്കുന്നു എന്ന് പറയാറുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയ്ക്ക്
ഭരണകൂടങ്ങള്‍ വലിയ പരിഗണനയാണ് നല്‍കിവരുന്നത്. ഇന്ത്യയില്‍ ഈ മേഖലയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍
കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും വിദ്യാഭ്യാസം വളരെ
ചെലവുള്ളതാക്കിമാറ്റി . അതിന്റെ ഫലമായി ഉന്നതവിദ്യാഭ്യാസത്തിന്, വിശേഷിച്ച് പ്രൊഫഷണല്‍ പഠനത്തിന്, സാധാരണക്കാര്‍ക്കും
പാവപ്പെട്ടവര്‍ക്കും പഠിക്കാന്‍ കഴിയാത്ത
സ്ഥിതിയായി . വിദ്യാഭ്യാസ വായ്പയാണ്
സാധാരണകാര്‍ക്ക് ഏക ആശ്രയം. ഉന്നതവിദ്യാഭ്യാസത്തിന്
ചെലവേറിയതോടെ, വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗത്തിന്
വായ്പയെ ആശ്രയിക്കേണ്ടിവരുന്നു. എന്നാല്‍, വിദ്യാഭ്യാസവായ്പ
പലപ്പോഴും ആവശ്യക്കാര്‍ക്ക് വേണ്ടസമയത്ത് ലഭിക്കുന്നില്ലെന്ന പരാതി ഉയരാന്‍
തുടങ്ങിയിട്ട് ഏറേക്കാലമായി. അധികൃതരുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ബാങ്കുകളെ
സമീപിച്ചവരില്‍ പലര്‍ക്കും പണത്തിന് മറ്റുവഴികള്‍ തേടേണ്ടിവന്നു. ഈ
സാഹചര്യത്തിലാണ്, വിദ്യാഭ്യാസവായ്പ അവകാശമാണെന്നും അര്‍ഹരായവര്‍ക്ക്
അത് നിഷേധിച്ചാല്‍ ഉത്തരവാദികളെ ശിക്ഷിക്കുമെന്നും കേന്ദ്ര ധനമന്ത്രി പി. ചിദംബരം
വ്യക്തമാക്കിയത്.
ഇത്തരം വിശദീകരണങ്ങളും താക്കീതുകളും പല ബാങ്ക് അധികൃതരും വകവെക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ടായി. അപലപനീയമായ ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാക്കാന്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ തന്നെ മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷകള്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന മാനേജര്‍മാര്‍ക്കെതിരെ ബാങ്കുകള്‍ നടപടിയെടുക്കണമെന്ന് അസോസിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നു. വായ്പയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ഏത് ബാങ്കിനെയും സമീപിക്കാമെന്നും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസവായ്പയ്ക്കുള്ള പുതുക്കിയ മാതൃകാ പദ്ധതിയോടൊപ്പം ബാങ്കുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് അസോസിയേഷന്റെ ഈ നിര്‍ദേശം. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് വായ്പ നല്‍കേണ്ടതില്ലെന്ന ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ തീരുമാനം വലിയ പരാതിക്കിടയാക്കിയിരുന്നു. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനത്തിന് അര്‍ഹത നേടിയവര്‍ മാനേജ്‌മെന്റ് ക്വാട്ടയിലാണ് പ്രവേശനം നേടുന്നതെങ്കില്‍ അവര്‍ക്കും വായ്പ നല്‍കണമെന്നാണ് പുതുക്കിയ പദ്ധതി നിര്‍ദേശിക്കുന്നത്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ യോഗ്യത നേടുന്ന എല്ലാവരെയും മെറിറ്റെന്നോ മാനേജ്‌മെന്റെന്നോ വ്യത്യാസമില്ലാതെ, വായ്പയ്ക്ക് അര്‍ഹരാക്കുന്നതാണ് ഈ നിര്‍ദേശം.
വായ്പയ്ക്ക് ഏതു ബാങ്കിനെയും സമീപിക്കാമെന്ന തീരുമാനവും വിദ്യാര്‍ഥികള്‍ക്ക് ഏറേ ആശ്വാസകരമാണ്. അപേക്ഷ പരിശോധിച്ച് തീരുമാനം എടുക്കുന്നതിന് സമയപരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായ്പയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീളുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാകും. വിദ്യാഭ്യാസവായ്പയ്ക്ക് ഏറേ അപേക്ഷകരുള്ള സംസ്ഥാനമാണ് കേരളം. ഇപ്പോഴത്തെ വായ്പത്തുക ഏതാണ്ട്് 6,000 കോടി രൂപ വരും. വായ്പയെച്ചൊല്ലിയുള്ള പരാതികളും കേരളത്തില്‍ സാധാരണമാണ്. വ്യവസ്ഥകള്‍ തെറ്റായി വ്യാഖ്യാനിച്ചോ ഇല്ലാത്ത വ്യവസ്ഥകള്‍ ഉന്നയിച്ചോ വായ്പ നിഷേധിക്കുന്ന ബാങ്കധികൃതരുണ്ട്. നടപടിക്രമങ്ങള്‍ വൈകിച്ച് വിദ്യാര്‍ഥികളെ വിഷമിപ്പിക്കുന്നവരാണ് മറ്റു ചിലര്‍. ഇത്തരം പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണാനുള്ള സംവിധാനങ്ങളും പലേടത്തുമില്ല. ബാങ്ക് വായ്പ ഒഴിച്ചുകൂടാനാവാത്ത പാവപ്പെട്ടവര്‍ക്കാണ് പലപ്പോഴും അത് നിഷേധിക്കപ്പെടാറുള്ളത്. പുതിയ നിര്‍ദേശങ്ങള്‍ ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാക്കുമെന്നാശിക്കാം. നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയണം. വിദ്യാഭ്യാസവായ്പയുടെ കാര്യത്തില്‍ എല്ലാ നിലയ്ക്കും ഉദാരമായ സമീപനമാണ് അഭികാമ്യം. വിദ്യാഭ്യാസവായ്പ യഥാ സമയം തിരിച്ചടക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രമിക്കുകയും വേണം .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment