ഒരു ശിശുദിനം കൂടി വരവായി -കുട്ടികളോടുള്ള ക്രൂരതക്ക് ഒരു കുറവും
വരുന്നില്ല
കുട്ടികളോടുള്ള
ക്രൂരത നമ്മുടെ രാജ്യത്ത് വര്‍ധിച്ചു വരികയാണ് .ആന്ധ്രപ്രദേശിലെ മേധക്കിലുണ്ടായ
സംഭവം മനുഷ്യസ്നേഹം തെല്ലെങ്കിലും മനസ്സിലുള്ള ഏതൊരാളിലും ഞെട്ടലുളവാക്കുന്നതാണ്.
സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം പിന്നിട്ട ഒരു രാജ്യത്ത് പരിഷ്കൃതം
എന്ന് കരുതുന്ന ഒരു സമൂഹത്തിന് അപമാനം വരുത്തിവയ്ക്കുന്നതാണ് സംഭവം. 12 വയസ്സുള്ള പിഞ്ചുബാലനെ 15 ദിവസം ചങ്ങലയ്ക്കിട്ട്
പീഡിപ്പിക്കുകയായിരുന്നു. 15 ദിവസം കഴിഞ്ഞപ്പോള്‍ ആര്‍ക്കെങ്കിലും കനിവ്
തോന്നി കുട്ടിയെ മോചിപ്പിച്ചതല്ല. കുട്ടി ചങ്ങല പൊട്ടിച്ച് മതില്‍ ചാടിക്കടന്ന്
ഒരു പുരയിടത്തിലെത്തി. ചങ്ങലയുടെ വലിയ ഭാഗം ശരീരത്തില്‍ത്തന്നെ
തൂങ്ങിക്കിടപ്പുണ്ടായിരുന്നു. കുട്ടി എത്തിപ്പെട്ട വസതി ഒരു ജുഡീഷ്യല്‍
മജിസ്ട്രേട്ടിന്റേതായിരുന്നു. കുട്ടിയെ ചങ്ങലയോടെ കണ്ട ന്യായാധിപന്‍ പൊലീസിലും റവന്യൂവകുപ്പിലും
വിവരമറിയിച്ചു. പൊലീസ് സിഐ വിജയകുമാര്‍ സ്ഥലത്തെത്തി കുട്ടിയുടെ ശരീരത്തിലുള്ള
ചങ്ങല അഴിച്ചുമാറ്റി ആശുപത്രിയിലെത്തിച്ചു.ഭാഷ പഠിക്കാത്തതിനാലാണുപോലും കുട്ടിയെ ചങ്ങലയ്ക്കിട്ട്
പീഡിപ്പിച്ചത്. മജിസ്ട്രേട്ടിന്റെ നിര്‍ദേശാനുസരണം പള്ളികൂടം അധികൃതര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. അവരുടെ
വിശദീകരണം വളരെ വിചിത്രമായിരുന്നു. കുട്ടി വീട്ടില്‍നിന്ന് ചാടിപ്പോകാറുണ്ടെന്നും
അതുകൊണ്ട് കുട്ടിയെ ചങ്ങലയ്ക്കിട്ട് അറബിഭാഷ പഠിപ്പിക്കണമെന്ന് കുട്ടിയുടെ
അച്ഛനമ്മമാര്‍ ആവശ്യപ്പെട്ടതിനാലാണ് ചങ്ങലയ്ക്കിട്ടതെന്നാണ് അധ്യാപകര്‍ പറഞ്ഞത്. ഈ
ക്രൂരത ഒറ്റപ്പെട്ടതല്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കുട്ടികള്‍ അതിക്രൂരമായ
നിലയില്‍ മനുഷ്യത്വം തൊട്ടുതെറിപ്പിക്കാത്ത രീതിയില്‍ പീഡിപ്പിക്കപ്പെടുന്നത്
നിത്യസംഭവമാണ്. സ്കൂളിലും മറ്റും പോകുന്ന
കൊച്ചുപെണ്‍കുട്ടികള്‍പോലും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍
മാധ്യമങ്ങളില്‍നിന്ന് നാമറിയുന്നു. അമ്മ സ്വന്തം കുഞ്ഞിനെ കിണറ്റിലെറിയുന്നു.
കുട്ടികളെ തീവച്ച് പൊള്ളിക്കുന്നു. അംഗവൈകല്യം വരുത്തുന്നു. കുട്ടികളെ
തട്ടിയെടുത്ത് യാചനയ്ക്കുപയോഗപ്പെടുത്തുന്നു. മതിയായ പോഷകാഹാരം ലഭിക്കാതെ
കുട്ടികള്‍ രോഗബാധിതരായിത്തീരുന്നു.
കുട്ടികള്‍ക്കെതിരെ എന്തെല്ലാം ക്രൂരതകളാണ്
നടന്നുകൊണ്ടിരിക്കുന്നത്. നെഹ്റുവിന്റെ ജന്മദിനത്തില്‍ നമ്മള്‍ ശിശുദിനം
ആചരിക്കാറുണ്ട്. ഇതെല്ലാം വെറും നാട്യമായി പരിണമിക്കുകയാണ്. അടിച്ചുപഠിപ്പിക്കണം, അല്ലെങ്കില്‍ കുട്ടി ചീത്തയാകും എന്നൊരു
ചൊല്ലുണ്ട്. മുരിങ്ങമരം ഓടിച്ചു വളര്‍ത്തണം
മക്കളെ അടിച്ചു വളര്‍ത്തണം ,ഈച്ചയ്ക്ക് പുണ്ണും കുട്ടിക്ക് നൊണ്ണും
കാണിക്കരുത്. തുടങ്ങിയ ചൊല്ലുകള്‍ അറുപഴഞ്ചനാണ്. അപരിഷ്കൃതമാണ്. എത്ര നല്ല
ഉദ്ദേശ്യത്തോടെയാണെങ്കിലും കുട്ടികളോട് കാണിക്കുന്ന ക്രൂരത അവന്‍ വളരുമ്പോള്‍
സമൂഹത്തോടുതന്നെയുള്ള പകയായി മാറും. കുട്ടികളെ സ്നേഹിക്കണം, കുട്ടികളോട് ചിരിക്കണം, കളിക്കണം. ഇതൊന്നുമില്ലെങ്കിലാണ് കുട്ടികള്‍
ചീത്തയാകുന്നത്.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment