Pages

Wednesday, September 19, 2012

കൂടംകുളത്ത് കത്തുന്ന സമരം കടലിലിറങ്ങി സമരം, മണലില്‍ പുതഞ്ഞ് സമരം



കൂടംകുളത്ത് കത്തുന്ന  സമരം 

 കടലിലിറങ്ങി സമരം,
 മണലില്‍ പുതഞ്ഞ് സമരം



കൂടംകുളം ആണവനിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കാന്‍ നടപടി എടുക്കണമെന്നും ഇടിന്തകരൈയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പോലീസിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കടലിലിറങ്ങിയുള്ള  സമരം തുടരുന്നു.  സമരവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തവരെ മോചിപ്പിക്കണമെന്നും പോലീസിന്റെ ബലപ്രയോഗത്തില്‍ കേടുപറ്റിയ ബോട്ടുകള്‍ക്കും മറ്റ് മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സമരസമിതി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടു. കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരത്തില്‍ ആദ്യം പിന്തുണ നല്‍കിയ മുഖ്യമന്ത്രി ജയലളിത പിന്നീട് നിലപാട് മാറ്റിയത് തങ്ങളെ ഞെട്ടിച്ചതായി സമരസമിതി കുറ്റപ്പെടുത്തി.സമരസമിതി നേതാക്കളായ ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ക്കെതിരെ ദേശദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച ഇടിന്തകരൈ ലൂര്‍ദ് മേരിപള്ളിക്കു മുന്നിലെ സമരപ്പന്തലില്‍നിന്ന് അനുയായികള്‍ 'നിര്‍ബന്ധിച്ച്'കൂട്ടിക്കൊണ്ടുപോയ ഉദയകുമാറിനെ പിടിക്കാനുള്ള പോലീസിന്റെ ശ്രമം തുടരുകയാണ്. റോഡുമാര്‍ഗമുള്ള എല്ലാ നീക്കവും പോലീസിന്റെ നിരീക്ഷണത്തിലാണ്. കടല്‍വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മറൈന്‍ പോലീസിനെ നിയോഗിച്ചു. നാല് സ്പീഡ്‌ബോട്ടുകളിലായി അവര്‍ റോന്തുചുറ്റുകയാണ്. കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ തൂത്തുക്കുടിയിലെത്തിയിട്ടുണ്ട്. അഹല്യാദേവി, വീര എന്നീ പേരുകളുള്ള ഈ കപ്പലുകള്‍ കിഴക്കന്‍തീരം നിരീക്ഷിച്ചുവരികയാണ്. കൂന്തക്കുഴിക്കും മണപ്പാട്ടിനും മധ്യേയുള്ള ഏതോ ഒളിസങ്കേതത്തില്‍ ഉദയകുമാറുണ്ടെന്നാണ് പോലീസിന് കിട്ടുന്ന വിവരം. ഇവിടെനിന്ന് രക്ഷപ്പെടാതിരിക്കാനുള്ള വലയാണ് പോലീസ് വിരിച്ചിരിക്കുന്നത്. 

പൊതുവേദിയില്‍ വന്നിട്ടും സമരത്തിന് നേതൃത്വം നല്‍കുന്ന ഉദയകുമാറിനെ പിടിക്കാന്‍ കഴിയാത്തത് പോലീസിനു ക്ഷീണമായി. ഗാന്ധിയന്‍ സമരമാര്‍ഗം അവലംബിക്കുന്നുവെന്ന് പ്രസംഗിക്കുന്ന ഉദയകുമാര്‍ ഒളിച്ചോടുന്നതും ഒളിവില്‍ പാര്‍ക്കുന്നതും വിചിത്രമാണെന്ന് എ.ഡി.ജി.പി. വി.ജോര്‍ജ് പത്രലേഖകരോട് പറഞ്ഞു. ''മഹാത്മാഗാന്ധി മുന്നില്‍നിന്നാണ് പോരാടിയത്. അല്ലാതെ ഒളിച്ചോടുകയല്ല ചെയ്തത്'' - അദ്ദേഹം പറഞ്ഞു. ഒട്ടേറെ വകുപ്പുകളനുസരിച്ചാണ് ഉദയകുമാറിനെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തിട്ടുള്ളത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നിയമോപദേശം ഉദയകുമാര്‍ തേടിയതായി അറിവായിട്ടുണ്ട്. അതേസമയം ഉദയകുമാറിനെതിരെയുള്ള കേസുകള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്ന് അണ്ണഹസാരെ സംഘത്തിലെ അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കൂടംകുളം സമരത്തെ പോലീസ് നേരിട്ട രീതി ശരിയായില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ മധുരയില്‍ പത്രലേഖകരോട് പറഞ്ഞു. സമരപ്പന്തലില്‍ കഴിയുന്ന ചിലരുടെ വീടുകളില്‍ കൊള്ള നടന്നതായി പരാതിയുണ്ട്. 

      ഇറക്കുമതി ചെയ്ത ആണവനിലയങ്ങള്‍ പാടില്ലെന്നും സുരക്ഷാകാര്യത്തില്‍ സന്ധിയില്ലെന്നും വിശദീകരിക്കുന്ന കാരാട്ട്, പക്ഷേ കൂടംകുളത്തെ സമരത്തെ തള്ളിക്കളയുകയാണ്. ''ഒന്നിലധികം ഇറക്കുമതി റിയാക്ടറുകള്‍ ഉള്ള ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെ സി.പി.എം. എതിര്‍ക്കുന്നു. പക്ഷേ റഷ്യയില്‍ നിന്ന് വാങ്ങി കമ്മീഷന്‍ ചെയ്ത രണ്ട് ആണവ റിയാക്ടറുകള്‍ അടച്ചിടണമെന്ന ആവശ്യത്തോട് സി.പി.എം. യോജിക്കുന്നില്ല. കൂടംകുളത്ത് സ്ഥാപിച്ച ഈ രണ്ട് റിയാക്ടറുകള്‍ വ്യത്യസ്തമായ വിഭാഗത്തില്‍പ്പെട്ടതാണ്.ഇന്ത്യ-അമേരിക്ക ആണവകരാറിന് എത്രയോ മുമ്പ് റഷ്യയില്‍ നിന്നും വാങ്ങിയതാണ് ഈ റിയാക്ടറുകള്‍. ഇവ സ്ഥാപിക്കാനുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 15,000 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ട് ഇത് അടച്ചിടണമെന്നു പറയുന്നത് പ്രായോഗിമോ രാജ്യതാത്പര്യത്തിന് ഉതകുന്നതോ അല്ലെന്നും'' കാരാട്ട് തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നു.

            കൂടംകുളത്ത് ആണവനിലയം പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. 
ബാംഗ്ലൂരില്‍ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇതൊരു യഥാര്‍ഥ പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ സി.പി.എം. ജനങ്ങളോടൊപ്പമാണെന്നും യെച്ചൂരി പറഞ്ഞു. കൂടംകുളം ആണവ നിലയത്തിനെതിരെ ഇടിന്തക്കരയിലും പരിസരത്തും പ്രക്ഷോഭം നടത്തുന്ന 8,000 പേരുടെ ജീവന്‍ സംരക്ഷിക്കാന്‍ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കി. പ്രക്ഷോഭത്തെ അനുകൂലിക്കുന്ന സംഘടനകളും പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ നിത്യാനന്ദ ജയരാമന്റെ നേതൃത്വത്തിലാണ് ചെന്നൈയിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്റെ ലെയ്‌സണ്‍ ഓഫീസില്‍ അപേക്ഷ നല്‍കിയത്. ജീവനും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുമായുള്ള നടപടികള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയാല്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ജയരാമ  കൂടംകുളം ആണവനിലയം പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്ന് പിന്നാക്കം പോകുന്ന പ്രശ്‌നമില്ലെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ തിങ്കളാഴ്ച വ്യക്തമാക്കി.  ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി,വകുപ്പിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ട് പത്രസമ്മേളനത്തില്‍ നല്‍കുന്നതിനിടെയാണ് ഷിന്‍ഡെ ഇങ്ങനെ പറഞ്ഞത്. കൂടംകുളത്തിനെതിരെ വിദേശ എന്‍.ജി.ഒ.കളാണ് രംഗത്തുള്ളതെന്ന സര്‍ക്കാറിന്റെ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു.

     ആണവോര്‍ജം മാലിന്യമുണ്ടാക്കാത്തതും ചെലവു കുറഞ്ഞതുമാണെന്ന് പ്രധാനമന്ത്രി നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമുക്ക് അത് കൂടിയേ കഴിയൂ. ചില എന്‍.ജി.ഒ.കള്‍ ഇക്കാര്യത്തിലെടുക്കുന്ന താത്പര്യത്തെക്കുറിച്ച് സര്‍ക്കാറിനറിയാം -ഷിന്‍ഡെ പറഞ്ഞു. 

                                                             പ്രൊഫ് . ജോണ്‍ കുരാക്കാര്‍



No comments: