Pages

Wednesday, September 19, 2012

നെല്ലും തെങ്ങും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണം


നെല്ലും തെങ്ങും  സംരക്ഷിക്കാന്‍
  സര്‍ക്കാര്‍ ജാഗ്രത കാട്ടണം

കാലാവസ്ഥ വ്യതിയാനവും കാലവര്‍ഷത്തിലെ താളപ്പിഴയും  കേരളത്തിന്റെ കാര്‍ഷിക മേഖലയെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍  യാതൊരു സംശയവുമില്ല . അടുത്ത വര്‍ഷം തേങ്ങയുടെയും ഇക്കൊല്ലം കുരുമുളക്, ഏലം എന്നിവയുടെയും ഉത്പാദനം വന്‍തോതില്‍ കുറയുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളായണി കാര്‍ഷിക കോളേജിലെ കാര്‍ഷിക കാലാവസ്ഥാ വിഭാഗമാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 50 ശതമാനം വരെ ഉത്പാദനക്കുറവ് ഉണ്ടാകുമെന്ന് കരുതുന്നു. മഴ സമൃദ്ധമായി കിട്ടേണ്ട ജൂണ്‍, ജൂലായ് മാസങ്ങളില്‍ തെക്കന്‍ ജില്ലകളിലും വയനാട്, ഇടുക്കി എന്നിവിടങ്ങളിലും അന്‍പതു ശതമാനത്തിലേറേ മഴ കുറഞ്ഞു. മറ്റു പല പ്രശ്‌നങ്ങളാലും വലയുന്ന കേരളത്തിലെ കര്‍ഷക സമൂഹത്തിനാകെ ആശങ്കയുണ്ടാക്കുന്നതാണ് ഈ സ്ഥിതിവിശേഷം. ഈ വിളകളില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന ഒട്ടേറേ കര്‍ഷകര്‍ കേരളത്തിലുണ്ട്. അവയുടെ ഉത്പാദനം കുറയുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ദോഷംചെയ്യും. കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും രക്ഷയ്ക്ക് ആസൂത്രിതവും ഊര്‍ജിതവുമായ പരിശ്രമം ഉണ്ടാകണമെന്നാണ് ഇതോര്‍മിപ്പിക്കുന്നത്.
    നാളികേരവിലയിടിവുകൊണ്ട് കേരളത്തിലെ കേര കര്‍ഷകര്‍ ക്ലേശിക്കാന്‍ തുടങ്ങിയിട്ട് ഏറേക്കാലമായി. താങ്ങുവില പ്രഖ്യാപിച്ച് നാളികേരം സംഭരിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത് അവരുടെ ക്ഷേമം ലക്ഷ്യമിട്ടാണ്. എന്നാല്‍, കൊപ്രയുടെയും പച്ചത്തേങ്ങയുടെയും സംഭരണം വേണ്ടവിധം നടക്കാത്തത് ഇക്കുറിയും കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തു. തെങ്ങുകളുടെ രോഗം, വളംവിലയിലുണ്ടായ വര്‍ധന, നാളികേരത്തിന്റെ  വിലയിടിവ് , പാമോയില്‍ ഇറക്കുമതി തുടങ്ങിയവയും സ്ഥിതി രൂക്ഷമാക്കാന്‍ ഇടയാക്കി. നാളികേര ഉത്പാദനക്ഷമതയില്‍ കേരളം ഇപ്പോള്‍ പല അയല്‍ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് പിന്നിലാണ്. മഴക്കുറവുകാരണം ഉത്പാദനം ഇനിയും കുറഞ്ഞാലുണ്ടാകുന്ന അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. നെല്‍ക്കൃഷിയുടെ സ്ഥിതിയും കേരളത്തില്‍ ആശാവഹമല്ല. പരമ്പരാഗത നെല്‍ക്കൃഷിക്കാരില്‍ പലരും പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കേരളത്തെ ജലസമൃദ്ധമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. അതുകൊണ്ടുതന്നെ നെല്‍ക്കൃഷി കുറയുന്നത് ഇതര കൃഷികളെയും ബാധിക്കും.വികസനത്തിന്റെ പേരിലുള്ള അമിതമായ പ്രകൃതിചൂഷണം കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് ഒരു പരിധിവരെ കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പരിസ്ഥിതി പഠനമോ ഔചിത്യമോ ഇല്ലാതെ കല്ലും മണ്ണും മരവുമെല്ലാം വന്‍തോതില്‍ എടുക്കുന്നത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും വരള്‍ച്ചയ്ക്കും ഇടയാക്കുന്നു. കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ അന്തരീക്ഷ താപം, മഴ, കാറ്റിന്റെ ഗതി തുടങ്ങിയവ നിയന്ത്രിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പശ്ചിമഘട്ട മലനിരകളില്‍പ്പോലും വികസനത്തിന്റെ പേരില്‍ കൈയേറ്റങ്ങള്‍ നടക്കുന്നുണ്ട്. 

കാലാവസ്ഥാമാറ്റത്തെയും ആഗോളതാപനത്തെയും നേരിടാനുള്ള ശ്രമങ്ങളുടെ സഫലത, പരിസ്ഥിതി സംരക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം കൃഷിയെയും ആവാസവ്യവസ്ഥയെയും ബാധിക്കും. ഇന്ത്യയിലെ 
കൃഷിഭൂമിയില്‍ 40 ശതമാനത്തിലേ ജലസേചനസൗകര്യമുള്ളൂ. ഇക്കുറി മഴ വൈകിയതിനാല്‍, വടക്കേ ഇന്ത്യയില്‍ വേഗം മൂപ്പെത്തുന്ന വിത്തിനങ്ങള്‍ ഉപയോഗിക്കാന്‍ കാര്‍ഷികവിദഗ്ധര്‍ നിര്‍ദേശിക്കുകയുണ്ടായി. പയര്‍വര്‍ഗങ്ങളുടെ കാര്യത്തിലും ദീര്‍ഘകാല വിളകള്‍ ഒഴിവാക്കാനായിരുന്നു നിര്‍ദേശം. മാറിയ സാഹചര്യത്തില്‍ കേരളത്തിലെ പരമ്പരാഗതവിളകളെ എങ്ങനെ സംരക്ഷിക്കാം എന്നതും ഇവിടത്തെ കാര്‍ഷിക ശാസ്ത്രജ്ഞരുടെയും കൃഷിവകുപ്പിന്റെയും പഠന വിഷയമാകേണ്ടതാണ്. പുതിയ വിളകള്‍ കൂടുതല്‍ വ്യാപകമാക്കാനാവുമോ എന്നത് ആലോചിക്കണം. കര്‍ഷകര്‍ക്ക് വേണ്ടസമയത്ത് ഉപദേശങ്ങളും സഹായങ്ങളും നല്‍കുകയും വേണം. ഈ സാഹചര്യത്തില്‍ ജലസംരക്ഷണത്തിലും കേരളം കൂടുതല്‍ ശ്രദ്ധിച്ചേ മതിയാകൂ. ഏതാണ്ട് 45 ലക്ഷം കിണറുകളുള്ള സംസ്ഥാനത്ത് അവയിലെ ജലവിതാനം ഏഴു വര്‍ഷത്തിനിടെ മൂന്നു മീറ്ററോളം താഴ്ന്നു. മണ്ണിലേക്കിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിയോളം ഊറ്റിയെടുക്കുന്നുവെന്നാണ് കണക്ക്. ഭൂഗര്‍ഭജലചൂഷണമാണ് ജലക്ഷാമത്തിന് മറ്റൊരു കാരണം. അമിതമായി ഭൂഗര്‍ഭജലം ഊറ്റുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പ്രദേശത്ത് ജലവിതാനം ഓരോ വര്‍ഷവും 15 സെന്റിമീറ്റര്‍ താഴുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭൂഗര്‍ഭജലം പൊതുസ്വത്തായിക്കണ്ട് നിയന്ത്രണം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രൊഫ് ജോണ്‍ കുരാക്കാര്‍


No comments: