മോഷണം വര്‍ദ്ധിക്കുന്നു
പാരിപ്പള്ളിയില്‍ വീട്ടുവാതില്‍
തകര്‍ത്ത് 27 പവന്‍ കവര്‍ന്നു
പാരിപ്പള്ളിയില്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് 27 പവന്‍ സ്വര്‍ണം കവര്‍ന്നു. ആറ് വീടുകളില്‍ മോഷണശ്രമവും നടന്നു. പാരിപ്പള്ളി എഴിപ്പുറം സാരംഗില്‍ സുഗതന്റെ വീട്ടിലാണ് മോഷണം നടന്നത്. സുഗതന്റെ ഭാര്യ ലേഖയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. എഴിപ്പുറം മഞ്ജുഭവനില്‍ ഷീല, ജവഹര്‍ ജങ്ഷന്‍ ജ്യോതിഷില്‍ വിജയകുമാര്‍, കാവടി പുതുവല്‍ വീട്ടില്‍ റെജി, ഷൈന്‍ നിവാസില്‍ ശശിധരന്‍, ചരുവിള വീട്ടില്‍ ജയന്‍, കോട്ടയ്‌ക്കേറം കുഴിവിള വീട്ടില്‍ ബേബി എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. എല്ലാ വീടുകളുടെയും പിന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്താന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷണശ്രമം പാളി. രണ്ടുദിവസം മുമ്പ് പാമ്പുറം ഇ.എസ്.ഐ.ആസ്പത്രിക്ക് സമീപമുള്ള ഒരു വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് മൂന്നുപവന്‍ മോഷ്ടിച്ചിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനും നാലിനും ഇടയിലാണ് പാരിപ്പള്ളിയില്‍ മോഷണവും മോഷണശ്രമവും ഉണ്ടായത്. സുഗതന്റെ വീട്ടില്‍ പുറകുവശത്തെ രണ്ട് വാതിലുകളും ഇരുമ്പ് ഗ്രില്ലും തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. കിടക്കമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.നാല് പവന്റെ താലിമാല, ഏഴു പവന്റെ രണ്ട് മാലകള്‍, 5 പവന്റെ നാല് മോതിരങ്ങള്‍, രണ്ടു പവന്റെ ഒരു വള, 3 പവന്റെ കൊലുസ്സ്, 2 പവന്റെ ബ്രേസ്‌ലെറ്റ്, 4 പവന്റെ കമ്മല്‍ എന്നിവയാണ് മോഷണം പോയത്. പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. ഇരുനില വീടിന്റെ പിന്‍വശത്തെ ഇരുമ്പ് ഗ്രില്‍ തകര്‍ത്ത് അകത്തുകയറിയശേഷമാണ് രണ്ട് വാതിലുകള്‍കൂടി പൊളിച്ചത്. പാരിപ്പള്ളി ജങ്ഷനില്‍ ഇലക്ട്രിക്കല്‍ കട നടത്തുകയാണ് സുഗതന്‍.
സുഗതന്റെ വീടിന് തൊട്ടടുത്താണ് മോഷണശ്രമം നടന്ന മഞ്ജുഭവനില്‍ ഷീലയുടെ വീട്. അടുക്കളവാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്ത് കയറിയിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാവ് ഇരുമ്പ് ആയുധം കാട്ടി ഭീഷണിപ്പെടുത്തിയശേഷം രക്ഷപ്പെട്ടു. കൊടിമൂട്ടില്‍ ക്ഷേത്രത്തിന് സമീപം കോട്ടേയ്ക്കറം കുഴിവിളയില്‍ ബേബിയുടെ വീട്ടിലും പിന്‍വശത്തെ കതക് തകര്‍ത്താണ് മോഷണശ്രമം നടത്തിയത്. ബേബിയുടെ മകള്‍ ശബ്ദംകേട്ട് ഉണര്‍ന്നപ്പോള്‍ മോഷ്ടാവ് രക്ഷപ്പെട്ടു. ജവഹര്‍ ജങ്ഷനില്‍ നാല് വീടുകളിലാണ് മോഷണശ്രമം നടന്നത്. പോലീസുകാരന്‍ മണിയന്‍പിള്ള ആട് ആന്റണിയുടെ കുത്തേറ്റ് മരിച്ച സ്ഥലമാണ് ജവഹര്‍ ജങ്ഷന്‍. കാവടി പുതുവല്‍വീട്ടില്‍ റെജിയുടെ വീടിന്റെ പിന്‍വശത്തെ കതക് തകര്‍ത്തു. ശബ്ദം കേട്ട് വീട്ടുകാരും അയല്‍വാസിയായ ജ്യോതിഷില്‍ വിജയകുമാറും എഴുന്നേറ്റപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. മോഷ്ടാവിനുവേണ്ടി തിരച്ചില്‍ നടത്തിയശേഷം വിജയകുമാര്‍ വീട്ടില്‍വന്ന് കിടന്നതിന് തൊട്ടുപിന്നാലെയാണ് വിജയകുമാറിന്റെ വീട്ടിലും മോഷണശ്രമം നടന്നത്. ചരുവിളയില്‍ ജയന്റെ വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്തു. പുലര്‍ച്ചെ ജയന്‍ ശിവകാശിയില്‍ പോയി. ഇതിനുശേഷമാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ ഉണര്‍ന്ന് ആരാണെന്ന് ചോദിച്ചപ്പോള്‍ മോഷ്ടാവ് അസഭ്യം വിളിച്ചശേഷം രക്ഷപ്പെട്ടു. ഇവിടെനിന്ന് മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന 30 രൂപയും ഒരു സിഗരറ്റ് ലൈറ്ററും ലഭിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ എ.സി.പി. എ. സന്തോഷ്‌കുമാര്‍, പരവൂര്‍ സി.ഐ. ജവഹര്‍ ജനാര്‍ദ്ദ്, പാരിപ്പള്ളി എസ്.ഐ. സി.ദേവരാജന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും എത്തി തെളിവെടുത്തു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment