Pages

Sunday, September 16, 2012

ALCOHOLISM


അമിതമായ മദ്യപാനം ഒരു രോഗം തന്നെയാണ്‌ 
മദ്യപാനത്തെ ഒരു ദുശീലമായിട്ടാണ് അധികം പേരും കാണുന്നത്. എന്നാലിതു പൂര്‍ണമായും ശരിയല്ല. അമിതമായ മദ്യ ഉപയോഗം വ്യക്തിയുടെ മാനസിക-ശാരീരിക ആരോഗ്യത്തെ തകരാറില്‍ ആക്കുകയും വ്യക്തിബന്ധങ്ങളിലും തൊഴില്‍മേഖലയിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും എന്നതിനാല്‍ ഇത് ഒരു രോഗം തന്നെയാണ്.മദ്യത്തെപ്പറ്റിയുടെ വിട്ടുമാറാത്ത ചിന്ത, എങ്ങനെയും മദ്യം ലഭ്യമാക്കാനുള്ള പ്രവൃത്തികള്‍, മദ്യവുമായി ബന്ധമുള്ള വസ്തുക്കളുടെ (ഉദാ: സോഡാക്കുപ്പി, ഷാപ്പിന്റെ ബോര്‍ഡ്) ദര്‍ശനമാത്രമയില്‍ കുടിക്കാനുള്ള ആഗ്രഹം ഉണരുക, ആരെങ്കിലും മദ്യം നീട്ടിയാല്‍ നിരസിക്കാന്‍ കഴിയാതിരിക്കുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ മനഃശാസ്ത്രപരമായി അയാളെ മദ്യപാനരോഗി എന്നു വിളിക്കാം. സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കാനും തനിക്ക് എപ്പോള്‍ വേണമെങ്കിലും മദ്യാപനം നിര്‍ത്താന്‍ കഴിയുമെന്ന് വീമ്പിളക്കാനും ഇവര്‍ മടിക്കാറില്ല. ഉള്ളിലുള്ള കുറ്റബോധവും ആശങ്കയുമാണ് ഇത്തരം സംഭാഷണത്തിനു പിന്നില്‍ ലഹരിയില്‍ ആയിരുന്നപ്പോള്‍ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ മറന്നുപോകുന്നതും സാധാരണമാണ്. ഒരാള്‍ മദ്യപാനിയാവുന്നത് പലഘട്ടങ്ങളിലൂടെയാണ്. ആദ്യഘട്ടങ്ങളില്‍ മദ്യത്തോടുള്ള മാനസികവും ശാരീരികവുമായ വിധേയത്വം കുറവായതിനാല്‍ ചികിത്സ എളുപ്പവും കൂടുതല്‍ ഫലപ്രദവുമാണ്. എന്നാല്‍, രോഗത്തിന്റെ അവസാനഘട്ടങ്ങളില്‍ എത്തുമ്പോള്‍ ആണ് പലപ്പോഴും ബന്ധുക്കള്‍ ചികിത്സയെപ്പറ്റി ആലോചിക്കുന്നതു തന്നെ.

പില്‍ക്കാലത്ത് രോഗികളായിത്തീര്‍ന്ന് എല്ലാവരുംതന്നെ ആദ്യം ഒരു കമ്പനിക്ക് മാത്രമായി മദ്യം കഴിച്ചു തുടങ്ങിയവരാണ്. മദ്യം കഴിച്ചു 
തുടങ്ങുന്ന പത്തു പേരില്‍ മൂന്നു പേര്‍ ഭാവിയില്‍ മദ്യപാനരോഗികള്‍ ആയിത്തീരുന്നു. രോഗകളാവാന്‍ സാധ്യതയുള്ളവര്‍ ആദ്യം തന്നെ ഇതില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് ഉത്തമം. പെട്ടെന്ന് വികാരം കൊള്ളുന്നവരും മനസില്‍ അടിത്തട്ടില്‍ അപകര്‍ഷതാബോധം നുരയിടുന്നവരും, ഒരിക്കല്‍ ലഹരി ഉപയോഗിച്ചു തുടങ്ങിയാല്‍ രോഗഗ്രസ്ഥരാവാനുള്ള സാധ്യത ഏറെയാണ്. അപസ്മാരം, മനോരോഗങ്ങള്‍ മുതലയാവ വന്നിട്ടുള്ളവര്‍ തീര്‍ച്ചയായും മദ്യത്തില്‍ നിന്ന് അകന്നു നില്ക്കണം. മാനസിക സംഘര്‍ഷത്തില്‍ നിന്നും താത്കാലികമായി മോചനം നേടാനും സാമ്പത്തിക പ്രയാസങ്ങള്‍ മറക്കാനും ഒക്കെ ആളുകള്‍ മദ്യം ശിപാര്‍ശ ചെയ്യാറുണ്ട്. ജനനത്തിന്റെ സന്തോഷം പങ്കുവയ്ക്കാനും മരണത്തില്‍ സങ്കടം പ്രകടിപ്പിക്കാനും ജനം മദ്യഷാപ്പിലേക്കോടുന്നു. ലൈംഗികവേഴ്ചയുടെ സമയദൈര്‍ഘ്യം വര്‍ധിപ്പിക്കാനായി കുടിശീലിക്കുന്നവരെയും കാണാം. യഥാര്‍ഥ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള വിപദിധൈര്യം നഷ്ടമായവരാണ് ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നത്. ഈ ശീലം വ്യക്തിയെ ഒരു വിഷമവൃത്തത്തില്‍ എത്തിക്കും എന്നതില്‍ തര്‍ക്കമില്ല.

മദ്യാസക്തനുമായുള്ള ബന്ധത്താല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ മാനസിക, ശാരീരിക അനാരോഗ്യത്തില്‍ എത്തിച്ചേരുന്നു. ഇതൊരു കുടുംബരോഗവും സാമൂഹികപ്രശ്‌നവും ആകയാല്‍ ചികിത്സ ഒഴിവാക്കാനാവില്ല. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ഉപദേശിച്ചു നന്നാക്കുന്നതുപോലെ മദ്യപന്റെ മനസ് മാറ്റിക്കളയാമെന്നു കരുതുന്നതു വങ്കത്താമാണ്. ചികിത്സയാവട്ടെ ഏറെ ശ്രമകരവും വളരെനാള്‍ ദീര്‍ഘിക്കുന്നതുമാണ്.ശരീരത്തിലുള്ള മദ്യത്തിന്റെ അളവ് നീക്കം ചെയ്യുന്ന ഡീ - ടോക്‌സിഫിക്കേഷന്‍ ആണ് ആദ്യപടി. ഈ ഘട്ടത്തില്‍ രോഗി പിന്‍മാറ്റ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു. വിറയല്‍. ഛര്‍ദി തുടങ്ങി സ്ഥലകാലവിഭ്രാന്തി വരെ രോഗി പ്രകടിപ്പിച്ചേക്കാം. എന്നാലിത് താല്‍ക്കാലികമാണ്. മരുന്നുകളുടെ ഉപയോഗത്തില്‍ രോഗി വേഗത്തില്‍ ഈ ഘട്ടം തരണം ചെയ്യുന്നു. ഈ വേളയില്‍ ചികിത്സ നിര്‍ത്തിപ്പോയ പലരും പിന്നീട് മദ്യപാനികളായിത്തന്നെ തുടരുന്നു.മനഃശാസ്ത്രജ്ഞന്റെ മേല്‍നോട്ടത്തിലുള്ള മാനസികാപഗ്രഥനവും സൈക്കോതെറാപ്പിയുമാണ് അടുത്തുപടി. രോഗിക്കും ബന്ധുക്കള്‍ക്കും രോഗത്തപ്പറ്റി ഉള്‍ക്കാഴ്ച നല്കുന്ന കൗണ്‍സലിംഗവും പ്രധാനം തന്നെ ചികിത്സയ്ക്കു ശേഷം രോഗി വീണ്ടും മദ്യത്തിലേക്ക് വഴുതിവീഴാതിരിക്കാന്‍ വേണ്ട പുനരധിവാസവും നടപ്പിലാക്കണം, പരിചയസമ്പന്നനായ സൈക്യാട്രിക്ക് സോഷ്യല്‍വര്‍ക്കറാണ് ഇതു ചെയ്യേണ്ടത്.ഇത്തരം ശാസ്ത്രീയമായ ചികിത്സയിലുടെ മദ്യപാനത്തിന്റെ ഏതു ഘട്ടത്തിലും രോഗിയെ സുഖപ്പെടുത്താന്‍ കഴിയും. ചികിത്സകര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടത്ര ക്ഷമ ഉണ്ടാവണമെന്നു മാത്രം സര്‍ക്കാര്‍ വക മാനസികാരോഗ്യ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ലഹരീമോചന കേന്ദ്രങ്ങളിലും ഈ ചികിത്സ തികച്ചും സൗജന്യമായി ലഭ്യമാണ്. മനോരോഗവിഭാഗം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആസ്പത്രികളെയും ചികിത്സയ്ക്കായി സമീപിക്കാം.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: