Pages

Sunday, September 16, 2012

കേരളത്തില്‍ വികസനത്തിന്‍റെ വഴി തുറക്കാന്‍ രാഷ്രീയ പാര്‍ട്ടികള്‍ ഒന്നിക്കണം


കേരളത്തില്‍ വികസനത്തിന്‍റെ വഴി തുറക്കാന്‍  രാഷ്രീയ പാര്‍ട്ടികള്‍ ഒന്നിക്കണം
     കേരളത്തില്‍ വികസനത്തിന്‍റെ വഴി തുറക്കാന്‍  രാഷ്രീയ പാര്‍ട്ടികള്‍ ഒന്നിക്കേണ്ട കാലം  അതിക്രമിച്ചിരിക്കുകയാണ് .സംസ്ഥാനത്തെ വ്യവസായ സാധ്യതകള്‍ നിക്ഷേപകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാനുദ്ദേശിച്ചുള്ള 'എമര്‍ജിങ് കേരള' സമ്മേളനം വിജയകരമായി അവസനിച്ചുവല്ലോ . കേരളത്തിന്റെ മാറുന്ന മുഖം വ്യവസായികള്‍ക്കുമുന്നില്‍ തുറന്നുകാട്ടുന്നതില്‍ ഈ സംരംഭം വിജയിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. വികസനത്തിലേക്കുള്ള വഴി തുറക്കാന്‍ ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. 40,000 കോടി രൂപയുടെ 45 പദ്ധതി നിര്‍ദേശങ്ങള്‍ക്ക് വ്യക്തമായ രൂപം കൈവന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് അതിശയിപ്പിക്കുന്ന കാര്യമാണ്. പദ്ധതികള്‍ സമയബദ്ധമായും കുറ്റമറ്റ നിലയിലും നടപ്പാക്കാനായാല്‍ കേരളത്തിലെ സ്ഥിതി വളരെ മെച്ചപ്പെടും. ഭാരത് പെട്രോളിയത്തിന്റെ 20,000 കോടി രൂപയുടെ പദ്ധതി, കണ്ണൂരിലെ 1250 കോടി രൂപയുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങി ഒട്ടേറേ പദ്ധതികള്‍ ആലോചനാഘട്ടത്തിലാണ്. ഇങ്ങനെ സംസ്ഥാനത്തേക്ക് വരുന്ന നിക്ഷേപ പദ്ധതികളുടെ ആകെ കണക്ക് തയ്യാറായി വരുന്നതേയുള്ളൂ. പദ്ധതികള്‍ നല്ല രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചാല്‍ വ്യവസായവിരുദ്ധസംസ്ഥാനമെന്ന് കേരളത്തിനെതിരെ പതിവായി ഉന്നയിക്കപ്പെടുന്ന ആരോപണം മാറ്റാന്‍ സാധിക്കും. വ്യവസായങ്ങള്‍ക്ക് വേണ്ടത്ര ഊര്‍ജം, ഗതാഗത സൗകര്യം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഇതോടൊപ്പം മെച്ചപ്പെടേണ്ടതുണ്ട്. വ്യവസായം തെങ്ങിന്റെ മണ്ടയിലോ ആകാശത്തോ നടപ്പാക്കാനാവില്ലെന്ന് മാറി വരുന്ന ഭരണാധികാരികള്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇവിടത്തെ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും പാടേ നശിപ്പിച്ചുകൊണ്ടുള്ള വികസനമല്ല 'എമര്‍ജിങ് കേരള' കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുന്നുണ്ട്. ഇത് ആശ്വാസകരമാണ്. ലാഭകരമല്ലെന്ന് പറഞ്ഞ് 

ഭക്ഷ്യധാന്യ ഉത്പാദനം പൂര്‍ണമായി ഒഴിവാക്കുന്നത് ഒരു പ്രദേശത്തിനും സംസ്ഥാനത്തിനും യോജിച്ചതല്ല. നെല്‍കൃഷി നഷ്ടമില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കണം. ഏറേ കൊട്ടിഗ്‌ഘോഷിക്കുന്ന സംസ്ഥാനത്തെ ജലസമൃദ്ധിക്ക് പ്രധാനകാരണം നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമാണ്. ഇതുമറന്ന് പ്രവര്‍ത്തിച്ചാല്‍ കേരളം ഭക്ഷ്യധാന്യകാര്യത്തില്‍ വട്ടപ്പൂജ്യമാവുമെന്നു മാത്രമല്ല, ജലദൗര്‍ലഭ്യം മൂലം കഷ്ടപ്പെടുകയും ചെയ്യും. വെള്ളമില്ലാതെയും ഗള്‍ഫ് രാജ്യങ്ങള്‍ പുരോഗതി നേടുന്നുണ്ടെങ്കില്‍ അതിന്റെ മുഖ്യകാരണം അവ പെട്രോളിയത്താല്‍ സമ്പന്നമായതാണ്. കേരളത്തിന്റെ അവസ്ഥ അതല്ല എന്നോര്‍ക്കണം. ഇപ്പോള്‍ത്തന്നെ, സര്‍ക്കാര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചാല്‍ ഏത് നെല്‍വയലും നികത്താനാവുംവിധം നിയമഭേദഗതി വരുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലെ തീരുമാനത്തിന് തികഞ്ഞ സുതാര്യത ആവശ്യമാണ്. ബന്ധപ്പെട്ട മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ചകളിലൂടെ പരിസ്ഥിതിയും വ്യവസായവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഉതകുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്.

വിവിധ ജില്ലകളിലായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പദ്ധതികളില്‍ കേരളത്തിന് ആവശ്യവും അനുയോജ്യവുമായ പദ്ധതികള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കി അവ പ്രാവര്‍ത്തികമാക്കാന്‍ എണ്ണയിട്ട രീതിയില്‍ പിഴവുകൂടാതെ പ്രവര്‍ത്തിക്കുന്ന ഭരണ സംവിധാനം വേണം. പദ്ധതിയുടെ നടപടികള്‍ മുന്നോട്ടു പോയില്ലെങ്കില്‍ നിക്ഷേപകര്‍ ആദ്യഘട്ടത്തില്‍ത്തന്നെ ഉപേക്ഷിച്ചു പോകും. പല പദ്ധതികള്‍ക്കും ആവശ്യമായതിലേറെ സ്ഥലം 'എമര്‍ജിങ് കേരള'യുടെ വെബ്‌സൈറ്റിലുണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ള പദ്ധതികള്‍ പെണ്ണുകാണല്‍ പോലെയാണെന്നും അതില്‍ കരാറോ ധാരണയോ ഇല്ലെന്നും ഭരണകര്‍ത്താക്കള്‍ വിശദീകരിച്ചു. അങ്ങനെയെങ്കില്‍, പരിചയപ്പെടുത്തുമ്പോള്‍ മുന്നോട്ടുവെക്കുന്ന അത്രയും വസ്തു പദ്ധതിക്കായി നീക്കിവെച്ചിട്ടില്ലെന്ന് പിന്നീട് പറയേണ്ടിവരും. അപ്പോള്‍ തകര്‍ന്നു പോകുന്നത് വ്യവസായത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ വിശ്വാസ്യത തന്നെയാവും. അതിനാല്‍ പ്രായോഗികതയില്‍ ഊന്നി നിന്നുകൊണ്ടുള്ള തുടര്‍പരിപാടികളാണ് ഇനി ആവശ്യം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും കൂട്ടായ പ്രവര്‍ത്തനവും മേല്‍നോട്ടവും വളരെ പ്രധാനമാണ്. ഒരു മാസം മുതല്‍ മൂന്നു മാസം വരെയാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിന് ദോഷകരമാകാത്ത പദ്ധതികള്‍ കണിശമായ തുടര്‍നടപടികളോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ആത്മാര്‍ഥവും സത്യസന്ധവുമായ ശ്രമമാണ് ഇനി വേണ്ടത്. ഓരോ പദ്ധതിയുടെയും കാര്യത്തില്‍ സുതാര്യമായ രീതിയിലുള്ള നടത്തിപ്പാണ് ആവശ്യം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: