Pages

Thursday, August 2, 2012

MEDICINAL PLANTS


ഔഷധച്ചെടികള്‍
കര്‍ക്കടകമെത്തിയാല്‍ ആരോഗ്യരക്ഷയ്ക്ക് തൊടിയില്‍ നിന്ന് പച്ചമരുന്ന് പറിച്ചൊരു മരുന്നുകഞ്ഞി കുടിക്കുന്ന പതിവുണ്ടായിരുന്നു നമുക്ക്. ഇന്നും പതിവ് തുടരണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ കടകളില്‍ നിരത്തിവെച്ചിരിക്കുന്ന വിവിധ കമ്പനികളുടെ മരുന്നുകൂട്ട് വാങ്ങണമെന്നതാണ് അവസ്ഥ. ശീപോതിവെക്കാന്‍ തുമ്പയോ മുക്കുറ്റിയോപോലും മിക്കവരുടെയും വീടുകളില്‍ കാണില്ല. എന്നാല്‍, ശീലങ്ങളെ ഒട്ടൊരു ഗൃഹാതുരതയോടെ ഓര്‍ത്ത് വീട്ടില്‍ ചടഞ്ഞുകൂടാന്‍ കോട്ടൂളി അരിപ്പുറത്ത് സരോജിനി തയ്യാറല്ല. തന്റെ വീടിന് ചുറ്റമുള്ള ഇത്തിരി സ്ഥലത്ത് അറുപതോളം ഔഷധച്ചെടികളാണ് സരോജിനി നട്ടുപിടിപ്പിച്ചിരിക്കുന്നത്.'ചുറ്റും പടര്‍ന്നുപിടിച്ച പച്ചയിലേക്ക് കണ്ണോടിച്ച് ഈ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ത്തന്നെ വ്യത്യാസം അറിയുന്നില്ലേ' എന്ന് ചോദിക്കുന്നു സരോജിനി. പേരക്കുട്ടികള്‍ക്ക് നാട്ടറിവുകള്‍ അന്യമായിപ്പോകുന്നു എന്ന് തോന്നിതുടങ്ങിയപ്പോഴാണ് ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയതെന്ന് സരോജിനി. വീട്ടിലെ പേരക്കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അസുഖങ്ങള്‍ക്കെല്ലാം തൊടിയിലെ ഔഷധച്ചെടികള്‍ത്തന്നെയാണ് മരുന്ന്.തൊടിയിലെ സര്‍വസുഗന്ധി കാണിച്ചുതന്ന്, അതിന്റെ ഇലയും മാവിന്റെ ഇലയും പൊടിച്ച് സമാസമം ചേര്‍ത്ത് പല്‍പൊടി തയ്യാറാക്കിയാണ് വീട്ടില്‍ ഉപയോഗിക്കുന്നതെന്ന് സരോജിനി പറഞ്ഞു. സര്‍വസുഗന്ധിയുടെ ഇല ഇറച്ചിക്കറിയിലും ബിരിയാണിയിലും ചേര്‍ത്താല്‍ നല്ല മണമായിരിക്കുമെന്നും സരോജിനി പറയുന്നു. അശോകമരത്തിന്റെ കാറ്റേറ്റാല്‍ സ്ത്രീകള്‍ക്ക് ഗര്‍ഭസംബന്ധമായ രോഗങ്ങള്‍ ഉണ്ടാവില്ലെന്നാണ് സരോജിനിയുടെ അഭിപ്രായം. 
 
രാമായണത്തില്‍ സീതാദേവി വിശ്രമിച്ചത് അശോകവനത്തിലാണെന്ന് പറഞ്ഞുകൊണ്ട് തന്റെ അശോകത്തെ ചേര്‍ത്തുപിടിച്ചു സരോജിനി. ദേവദാരുവിന്റെ എണ്ണയെടുത്ത് കത്തിച്ച് ആ പുക അപസ്മാരമുള്ള കുട്ടിയെ കൊള്ളിച്ചാല്‍ രോഗശാന്തിയുണ്ടാകുമത്രേ... സരോജിനി വീടിന്റെ മുന്‍വശത്ത് രണ്ടതിരിലും ദേവദാരു നട്ടിട്ടുണ്ട്.

കൂടാതെ, കര്‍പ്പൂരതുളസി, മിന്റ്തുളസി തുടങ്ങി വിവിധയിനം തുളസികളും മുക്കുറ്റി, ഒഴിഞ്ഞ, കഞ്ഞുണ്ണി, മുയല്‍ച്ചെവി, കറുക, നിലപ്പന, ചെറൂള, പൂവാംകുരുന്നില, വിഷ്ണുക്രാന്തി, തിരുതാളി തുടങ്ങി ദശപുഷ്പങ്ങളും സരോജിനി നട്ടുവളര്‍ത്തിയിട്ടുണ്ട്. നാഗപ്പൂമരം, കസ്തൂരി മഞ്ഞള്‍, കൂവ, രാമച്ചം, കച്ചോലം, മുറികൂട്ടി, കഞ്ഞിക്കൂര്‍ക്കല്‍, പതിമുഖം, നെല്ലി തുടങ്ങിയ മറ്റു ഔഷധസസ്യങ്ങളും സരോജിനിയുടെ തോട്ടത്തില്‍ വളരുന്നു.മണ്ണുത്തി സര്‍വകലാശാലയില്‍ നിന്നാണ് സരോജിനി ഔഷധസസ്യങ്ങള്‍ വാങ്ങുന്നത്. വെള്ളം നില്‍ക്കുന്ന പറമ്പായതിനാല്‍ മഴയത്ത് ചെടികളെല്ലാം നശിച്ചുപോകുന്നതാണ് സങ്കടം. എങ്കിലും മഴയൊന്നു മാറിയാല്‍ വീണ്ടും തൈകളുമായി തൊടിയിലേക്കിറങ്ങും. ഔഷധസസ്യങ്ങള്‍ മാത്രമല്ല പറമ്പിലുള്ളത്. കേരളത്തില്‍പ്പോലും അപൂര്‍വമായ റമ്പൂട്ടാന്‍, ആപ്പിള്‍ചാമ്പ, വെള്ള ചാമ്പ, സീതപ്പഴം, എഗ്ഫ്രൂട്ട്, ബദാം തുടങ്ങിയ പഴവര്‍ഗങ്ങളും കടല, വഴുതന, ചേന, ചേമ്പ് തുടങ്ങിയ പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും സരോജിനി വളര്‍ത്തുന്നുണ്ട്.ഭര്‍ത്താവ് ജനാര്‍ദനനും മക്കളായ അജയകുമാറും രാജേഷും കുടുംബവുമാണ് സരോജിനിക്ക് പിന്തുണ നല്‍കുന്നത്. ശില്പിയും ചിത്രകാരനുമായ മകന്‍ അജയകുമാറിന്റെ ശില്പങ്ങളാണ് സരോജിനിയുടെ തോട്ടം നിറയെ.
 ചെടികള്‍ക്ക് കൂട്ടിനായി വിവിധയിനം അലങ്കാരപ്രാവുകളെയും മത്സ്യങ്ങളെയും മക്കള്‍ വളര്‍ത്തുന്നുണ്ട്. ഇപ്പോള്‍ പേരക്കുട്ടികളുടെ സ്‌കൂളില്‍ ജൈവകൃഷിയെക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും ക്ലാസെടുക്കാനും സരോജിനി പോകാറുണ്ട്.
രോഗമകറ്റാന്‍ ഔഷധച്ചെടികള്‍
ചെടിച്ചീര, പച്ചമഞ്ഞള്‍, കൂവളത്തിന്റെ ഇല എന്നിവ മൂന്നുംകൂട്ടി അരച്ച് നെല്ലിക്കവലുപ്പത്തില്‍ ഉരുളകളാക്കി കഴിച്ചാല്‍ രക്തദൂഷ്യംകൊണ്ടുള്ള വ്രണങ്ങള്‍, കറുപ്പുനിറം തുടങ്ങിയവ മാറും.കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ ഒരേഅളവിലെടുത്ത് ചൂടുവെള്ളത്തില്‍ കലക്കി അതുകൊണ്ട് വ്രണങ്ങള്‍ കഴുകിയാല്‍ എളുപ്പം മാറും. കുട്ടികള്‍ക്ക് ചൂടുകുരു പൊന്തുന്നതിനും ഈ വെള്ളംകൊണ്ട് കഴുകുന്നതും ഫലം
ചെയ്യും.താരന് ഉമ്മത്തിന്റെ ഇല, കായ, കര്‍പ്പൂരം എന്നിവ പശുവിന്‍പാലില്‍ കാച്ചി തലയില്‍തേയ്ക്കുന്നത് ഫലം ചെയ്യും.അയമോദകം അരച്ച് വെള്ളത്തില്‍ തിളപ്പിച്ച് കഷായം കഴിക്കുന്നത് അള്‍സറിന് ഫലംചെയ്യും.അതിരാണിപ്പൂവ് അരച്ച് ചക്കരചേര്‍ത്ത് ദിവസേന രാവിലെ രണ്ടുസ്പൂണ്‍വീതം കഴിക്കുന്നത് മുട്ടുവേദനയ്ക്ക് ശമനമുണ്ടാക്കും.
 കച്ചോലം, കരിനൊച്ചി നീരില്‍ അരച്ച് ഇളംചൂടില്‍ കുറുക്കി നെറുകയിലിട്ടാലും മുട്ടുവേദനയ്ക്ക് മാറ്റമുണ്ടാകും.ടോണ്‍സ്‌ലൈറ്റിസിന് കൂവളത്തിന്റെ വേരിലുള്ള തൊലി അരച്ച് ചെറിയ ഉരുളകളാക്കി കഴിച്ചാല്‍ മതി. ചുവന്ന ചെമ്പരത്തി വെള്ളത്തിലിട്ട് പിറ്റേന്ന് കുടിച്ചാലും ഫലം ചെയ്യും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: