Pages

Tuesday, August 28, 2012

INDIA CRICKET- YOUNGSTERS


ക്രിക്കറ്റ് ലോകകപ്പ് നേടിയ
ഇന്ത്യയുടെ കൗമാര നിര
ഓസ്‌ട്രേലിയയിലെ ടൗണ്‍സ്‌വിലില്‍ നടന്ന പത്തൊമ്പത് വയസ്സില്‍ താഴെയുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യയുടെ കൗമാര നിര, സീനിയര്‍ ടീമിന്റെ വഴിയേ ആണെന്ന് തെളിയിച്ചിരിക്കുന്നു. ലോകകപ്പിനായി ഇന്ത്യയുടെ 28 വര്‍ഷം നീണ്ട കാത്തിരിപ്പ് മുംബൈയില്‍ കിരീടമുയര്‍ത്തി മഹേന്ദ്രസിങ് ധോനിയും സംഘവും അവസാനിപ്പിച്ചത് കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ്. മുതിര്‍ന്നവരെ അനുകരിച്ച് കൗമാരക്കാരും കിരീടം നേടിയതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഭദ്രമാണെന്ന് ന്യായമായും കരുതാം. ടോണി അയര്‍ലന്‍ഡ് സ്റ്റേഡിയത്തില്‍ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയ ഉന്മുക്ത് ചന്ദിന്റെ നേതൃത്വത്തിലുള്ള ചുണക്കുട്ടികള്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ മറികടന്നാണ് കൗമാര ലോകകപ്പില്‍ മൂന്നാം തവണയും ഇന്ത്യയുടെ കൈയൊപ്പു ചാര്‍ത്തിയത്. നിര്‍ണായക സമയത്ത് സെഞ്ച്വറിയടിച്ച് ടീമിന്റെ കിരീടവിജയം ഉറപ്പാക്കിയ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയായ നായകന്‍ ഉന്മുക്ത് തന്നെയാണ് ഇന്ത്യയുടെ ഹീറോ. 
കോച്ച് ഭരത് അരുണിന്റെ ശിക്ഷണത്തില്‍ രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ടൗണ്‍സ്‌വിലില്‍ കൊയ്‌തെടുത്തത്. ബൗളര്‍മാരെ കൈയയച്ച് സഹായിക്കുകയും ബാറ്റ്‌സ്മാന്മാരെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത പിച്ചില്‍, ഏറ്റവുമുയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കുകയെന്നത് ചെറിയ കാര്യമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ അരങ്ങേറ്റ സീസണില്‍ തിളങ്ങാനായില്ലെങ്കിലും മറ്റെല്ലാ നിര്‍ണായക സന്ദര്‍ഭങ്ങളിലും പ്രതിഭയുടെ ശരിയായ മാറ്റ് പ്രതിഫലിപ്പിച്ച് ടീമിനെ രക്ഷിച്ചെടുത്ത കഥയാണ് ഉന്മുക്തിന്റേത്. ലോകകപ്പ് ഫൈനലിലും അതാവര്‍ത്തിക്കപ്പെട്ടു. ഇന്ത്യയുടെ ഭാവി താരമെന്ന് മുമ്പേ തന്നെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഉന്മുക്തിന് നായകസ്ഥാനം നല്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അര്‍പ്പിച്ച വിശ്വാസം ശരിയാണെന്ന് ഫൈനലിലെ ഉജ്ജ്വല ഇന്നിങ്‌സ് സാക്ഷ്യപ്പെടുത്തുന്നു. ഓപ്പണറായി ഇറങ്ങി അപരാജിത സെഞ്ച്വറിയുമായി ടീമിനെ ജയിപ്പിച്ച്, കപ്പുമായി തിരിച്ചുകയറിയതിലൂടെ, തന്നെ ഏല്പിച്ച ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കുകയായിരുന്നു ഉത്തരാഖണ്ഡില്‍ വേരുകളുള്ള ഈ ഡല്‍ഹിക്കാരന്‍.

ഫൈനലിന്റെ താരം ഉന്മുക്താണെങ്കിലും കൂട്ടായ്മയിലാണ് ടീം മറ്റു പടികള്‍ പിന്നിട്ടത്. വെസ്റ്റിന്‍ഡീസിനോട് ആദ്യ കളിയില്‍ തോറ്റ ഇന്ത്യ പിന്നീട് തോല്‍വിയറിയാതെ കിരീടം പിടിച്ചെടുത്തു. ഉന്മുക്തിനു പുറമെ ബാറ്റ്‌സ്മാന്മാരായ പ്രശാന്ത് ചോപ്ര, വിജയ് സോള്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്മിത് പട്ടേല്‍, ഓള്‍റൗണ്ടര്‍ ബാബ അപരാജിത്, ബൗളര്‍മാരായ സന്ദീപ് ശര്‍മ, രവികാന്ത് സിങ്, കമല്‍ പാസ്സി, ഹര്‍മീത് സിങ്... ഇവരുടെ പ്രകടനങ്ങള്‍ ഒരു കളിയില്‍ അല്ലെങ്കില്‍ മറ്റൊരു കളിയില്‍ ടീമിന് വിജയം സമ്മാനിച്ചിരുന്നു.
 

ഭാവിയില്‍ ഈ പേരുകളില്‍ പലതും ടീം ഇന്ത്യയുടെ പട്ടികയിലുണ്ടാവുമെന്ന കാര്യത്തിലും സംശയം വേണ്ട. സ്ഥിരതയാര്‍ന്ന ബൗളിങ്ങും ഫീല്‍ഡിങ്ങുമാണ് ടീമിനെ ഫൈനല്‍ വരെയെത്തിച്ചത്. ഈ ഘട്ടത്തില്‍ ബാറ്റ്‌സ്മാന്മാര്‍ കൂട്ടത്തോടെ ശോഭിച്ചില്ലെങ്കിലും ഒന്നോ രണ്ടോ പേര്‍ ടീമിന്റെ രക്ഷയ്‌ക്കെത്തിയിരുന്നു. ഫൈനലില്‍ ബൗളര്‍മാര്‍ നന്നായി തുടങ്ങിയശേഷം നിറം മങ്ങിയതും ഫീല്‍ഡിങ്ങിലെ ചില പിഴവുകളുമാണ് ഏറ്റവുമുയര്‍ന്ന വിജയലക്ഷ്യം ഇന്ത്യക്കു മുന്നിലുയര്‍ത്താന്‍ ഓസ്‌ട്രേലിയക്കാരെ പ്രാപ്തരാക്കിയത്. എന്നാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നുകൊണ്ടും തൃപ്തരാവില്ല എന്ന വാശിയില്‍ കളിച്ച കൗമാര സംഘം സ്വപ്നസാഫല്യത്തോടെ ദൗത്യം പൂര്‍ത്തിയാക്കി.

1988-ല്‍ തുടങ്ങിയ ജൂനിയര്‍ ലോകകപ്പിന്റെ രണ്ടാം അധ്യായത്തിന് പത്തുവര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്നു. 1998 മുതല്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന ലോകകപ്പ് ഏറ്റവുമധികം തവണ നേടുന്ന രാജ്യമെന്ന ബഹുമതി മൂന്നുവട്ടം ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കൊപ്പം പങ്കുവെക്കാന്‍ ടൗണ്‍സ്‌വിലിലെ വിജയത്തോടെ ഇന്ത്യക്ക് കഴിഞ്ഞിരിക്കയാണ്. രണ്ടായിരത്തില്‍ മുഹമ്മദ് കൈഫിന്റെയും 2008-ല്‍ വിരാട് കോലിയുടെയും നേതൃത്വത്തിലുള്ള സംഘം ലോകകപ്പ് ഇന്ത്യയിലെത്തിച്ചിരുന്നു.
 കൈഫിന്റെ ടീമിലംഗമായിരുന്ന യുവരാജ് സിങ്ങും നാലുവര്‍ഷം മുമ്പ് ടീമിനെ കിരീടമണിയിച്ച കോലിയും ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണിപ്പോള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലത്തെ പ്രതിനിധികളായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും വി.വി.എസ്.ലക്ഷ്മണും വിടപറഞ്ഞതോടെയുണ്ടായ ഒഴിവുകളും പേസ് ബൗളിങ്ങില്‍ ടീം ഇന്ത്യ നേരിടുന്ന വരള്‍ച്ച തീര്‍ക്കാന്‍ പറ്റിയ താരങ്ങളും ജൂനിയര്‍ ലോകകപ്പു നേടിയ സംഘത്തിലുണ്ട്. അവരില്‍ ചിലരുടെ പേരുകള്‍ എന്തായാലും വരുംകാലത്ത് നമ്മുടെ നാവിന്‍തുമ്പത്ത് ഉണ്ടാവും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: