Pages

Thursday, August 16, 2012

FARMERS DAY(ചിങ്ങം ഒന്ന് കര്ഷ്കദിനം)


ചിങ്ങം ഒന്ന് കര്‍ഷകദിനം
Cover photo
 ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിക്കുന്നത് കേരളത്തിന്റെ കാര്‍ഷികസംസ്‌കാരത്തില്‍ ആണ്ടുപിറപ്പിനുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ്. സമ്പല്‍സമൃദ്ധമായ കാര്‍ഷികവത്സരത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രേരകമാകുമെന്ന പ്രതീക്ഷയും ആചരണത്തിനുപിന്നിലുണ്ട്. ഇത് കൃഷിയുടെ നാടാണെങ്കിലും ഇവിടത്തെ കര്‍ഷകര്‍ വിവിധ പ്രശ്‌നങ്ങളാല്‍ വലയാന്‍ തുടങ്ങിയിട്ട് ഏറേക്കാലമായി. സംസ്ഥാനം മൊത്തത്തില്‍ നേടിയ പുരോഗതിയുടെ ഫലം കര്‍ഷകസമൂഹത്തിലേക്ക്, വിശേഷിച്ച് ചെറുകിടക്കാരിലേക്ക്, ത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. കാര്‍ഷികവൃത്തി ഉപേക്ഷിക്കാന്‍ പരമ്പരാഗത കര്‍ഷകരില്‍ പലരും നിര്‍ബദ്ധരാകുന്നു. പുതിയ തലമുറയെ ഈ രംഗത്തേക്ക് കാര്യമായി ആകര്‍ഷിക്കാന്‍ കഴിയുന്നുമില്ല. വിലത്തകര്‍ച്ച, ചെലവിലുണ്ടായ വന്‍വര്‍ധന, തൊഴിലാളിക്ഷാമം, വിപണനസൗകര്യങ്ങളുടെ പരിമിതി തുടങ്ങിയവ കേരളത്തിലെ മിക്ക കൃഷികളെയും ബാധിച്ചിട്ടുണ്ട്. കര്‍ഷകസമൂഹം വിചാരിച്ചാല്‍ തരണം ചെയ്യാവുന്നതല്ല ഇത്തരം പ്രശ്‌നങ്ങള്‍. കാലാവസ്ഥയിലെ അപ്രതീക്ഷിത വ്യതിയാനങ്ങളും കാര്‍ഷിക മേഖലയ്ക്ക് ദോഷം ചെയ്യുന്നുണ്ട്.
 
ആവശ്യത്തിനനുസരിച്ച് പല കാര്‍ഷികോത്പന്നങ്ങളും കിട്ടാത്തതിനാല്‍ അവയ്ക്കായി കേരളത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. നമ്മുടെ ഭക്ഷ്യാവശ്യം കുറച്ചെങ്കിലും നിറവേറ്റുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്തിരുന്ന നെല്‍ക്കൃഷി കാര്യമായി കുറഞ്ഞു. നല്ല വിളവുണ്ടാക്കിയാലും അതിന്റെ ഫലം പലപ്പോഴും കര്‍ഷകര്‍ക്ക് കിട്ടാറില്ല. കൊയ്ത്തിനുള്ള പ്രയാസങ്ങളും സംഭരണസംവിധാനത്തിലെ പാളിച്ചകളുമാണ് പ്രധാനകാരണങ്ങള്‍. അവ പരിഹരിക്കാനും നെല്‍കൃഷി പ്രോത്സാഹിപ്പിക്കാനുമായി പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും മതിയായ സഹായവും നെല്ലിന് ആദായകരമായ വിലയും ഉറപ്പാക്കിയാലേ നെല്‍ക്കൃഷി നിലനിര്‍ത്താനാവൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തില്‍ നെല്‍ക്കൃഷി നടത്താന്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അത് വ്യാപകമായി നടപ്പാക്കാവുന്നതാണ്. കേന്ദ്രം നല്‍കുന്ന അരിവിഹിതത്തില്‍ നേരിയ കുറവുണ്ടായാല്‍പ്പോലും വിഷമിക്കുന്ന സംസ്ഥാനമാണ് കേരളം. അത് കണക്കിലെടുത്തുള്ള പ്രോത്സാഹനം ഈ മേഖലയിലുണ്ടാകണം. വിലത്തകര്‍ച്ചയും സംഭരണത്തിലെ പ്രശ്‌നവും കേരകര്‍ഷകരെയും വലയ്ക്കുന്നു. പാമോയില്‍ ഇറക്കുമതിയിലുണ്ടായ വര്‍ധന, വെളിച്ചെണ്ണവില കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഇവിടത്തെ കേരകര്‍ഷകരില്‍ ഭൂരിഭാഗവും ചെറുകിടക്കാരാണ്. അവരില്‍ ആത്മവിശ്വാസം വളര്‍ത്താനും കൃഷിവിപുലമാക്കുന്നതിന് അവരെ പ്രേരിപ്പിക്കാനും ഉതകുന്ന പദ്ധതികളാണ് ഈ രംഗത്ത് ആവശ്യം.

പച്ചക്കറിക്കൃഷിയുടെ കാര്യത്തിലും ഉദ്ദേശിച്ച പുരോഗതിയുണ്ടാക്കാന്‍ കേരളത്തിനായിട്ടില്ല. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുവണ്ടികളുടെ വരവ് ഒരുദിവസം മുടങ്ങിയാല്‍ത്തന്നെ ഇവിടെ പലേടത്തും കടുത്ത പച്ചക്കറിക്ഷാമം ഉണ്ടാകുന്നു. സാധ്യതകള്‍ പ്രയോജനപ്പെടുത്താത്തതാണ് ഈ രംഗത്തെ പ്രധാനപ്രശ്‌നം. അടുത്തകാലത്ത് ആവിഷ്‌കരിച്ച ചില പദ്ധതികളെത്തുടര്‍ന്ന് പലരും പച്ചക്കറിക്കൃഷിയില്‍ താത്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. വന്‍തോതില്‍ കൃഷി നടത്തിയവര്‍ക്ക് , വിപണന സൗകര്യത്തിലെ പോരായ്മകള്‍ പ്രശ്‌നമായെന്നാണ് റിപ്പോര്‍ട്ട്. ഇത് പരിഹരിക്കണം. പച്ചക്കറിയുടെ കാര്യത്തില്‍ സ്വാശ്രയശീലം വളര്‍ത്താന്‍ ജനങ്ങളും അവര്‍ക്ക് സഹായവും നിര്‍ദേശങ്ങളും നല്‍കാന്‍ അധികൃതരും തയ്യാറായാല്‍, കേരളത്തിന് പച്ചക്കറിക്കായി അന്യസംസ്ഥാനങ്ങളെ ഇത്രയേറേ ആശ്രയിക്കേണ്ടി വരില്ല. ഉപജീവനത്തിന് കൃഷിയെ മാത്രം ആശ്രയിക്കുന്നവര്‍ കുറഞ്ഞുവരുന്നു. ആ നിലയ്ക്ക്, ശാസ്ത്രീയ സംവിധാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഔചിത്യപൂര്‍വം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ ഈ രംഗത്ത് അനിവാര്യമാണ്. കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി കാലാനുസൃതമായ പരിഷ്‌കാരങ്ങളോടെ വീണ്ടെടുക്കുന്നതില്‍ സഹകരണപ്രസ്ഥാനത്തിനും കുടുംബശ്രീ പോലുള്ള കൂട്ടായ്മകള്‍ക്കും വലിയ പങ്കുവഹിക്കാനാവും. ഇത്തരം ശ്രമങ്ങള്‍ക്ക് തുടക്കംകുറിച്ചാണ് കര്‍ഷകദിനാചരണം സാര്‍ഥകമാക്കേണ്ടത്.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍


No comments: