Pages

Thursday, August 16, 2012

മുള്‍മുനയില്‍ നിര്‍ത്തിയ 'ആത്മഹത്യാ സമരം' ഒത്തുതീര്‍ന്നു


മുള്‍മുനയില്‍ നിര്‍ത്തിയ 'ആത്മഹത്യാ സമരം' ഒത്തുതീര്‍ന്നു

  മാര്‍ ബസേലിയോസ് ആസ്പത്രിയില്‍ മൂന്നു മാസത്തിലേറെയായി നടന്നുവന്ന സമരം, മൂന്നു നഴ്‌സുമാര്‍ നടത്തിയ ആത്മഹത്യ സമരത്തിനൊടുവില്‍ വി.എസ്സിന്റെ ശക്തമായ ഇടപെടലോടെ ഒത്തുതീര്‍പ്പിലായി. ലേബര്‍ കമ്മീഷണര്‍ ടി.ടി. ആന്റണിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ച രാത്രി എട്ടുമണിക്ക് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കൂടി എത്തിയതോടെ ഒത്തുതീര്‍പ്പിലെത്തി. ഇതോടെ നഴ്‌സുമാര്‍ സമരം പിന്‍വലിക്കുകയായിരുന്നു. സമരത്തിന് മുമ്പുള്ള നില പുനഃസ്ഥാപിക്കാനും 19ന് ആരോഗ്യമന്ത്രിയുടെയും തൊഴില്‍വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടത്തുന്ന മന്ത്രിതല ചര്‍ച്ചയില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാനും ധാരണയായി. വ്യാഴാഴ്ച മുതല്‍ സമരത്തിന് മുമ്പ് നിലനിന്നിരുന്ന രീതിയില്‍ എല്ലാവര്‍ക്കും ജോലിയില്‍ പ്രവേശിക്കുവാനും അനുമതിയായി. 

മിനിമം വേതനം നല്‍കണം, മൂന്ന് ഷിഫ്ട് സമ്പ്രദായം നടപ്പാക്കണം തുടങ്ങി കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ഇരുവിഭാഗവും തമ്മില്‍ ലേബര്‍ വകുപ്പുമായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പാക്കണം. കൂടാതെ ബോണ്ട് ട്രെയിനികളായവരെ സ്ഥിരപ്പെടുത്തുന്ന പ്രശ്‌നം 19ന് നടത്തുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യും. ഇരുവിഭാഗങ്ങളുടെയും ഒപ്പുവച്ച കരാര്‍ പ്രതിപക്ഷ നേതാവ് രാത്രി പത്തരയോടെ സമരപ്പന്തലിലെത്തി അറിയിച്ചതിനുശേഷമാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ രണ്ടുദിവസത്തെ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്ക് പരിസമാപ്തിയായി. ജനങ്ങള്‍ ആര്‍പ്പുവിളിയും ആനന്ദനൃത്തം ചവുട്ടിയും മുദ്രാവക്യങ്ങള്‍ ഉയര്‍ത്തിയുമാണ് മടങ്ങിയത്.
നഴ്‌സുമാരുടെ 114 ദിവസം പിന്നിട്ട സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് നഴ്‌സുമാര്‍ ആസ്പത്രിയുടെ അഞ്ചാംനിലയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ സംഘര്‍ഷവസ്ഥ ഉടലെടുത്തു. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് നഴ്‌സുമാര്‍ ഭീഷണിയുമായി കെട്ടിടത്തിനു മുകളില്‍ നിലയുറപ്പിച്ചത്.
കവളങ്ങാട് സ്വദേശിനി പ്രിയ, ഉപ്പുകണ്ടം സ്വദേശിനി വിദ്യ, കുറുപ്പംപടി സ്വദേശിനി അനു എന്നിവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇവരെ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലതലത്തില്‍ നിന്നുമുള്ളവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉദ്വേഗജനകമായ മണിക്കൂറുകള്‍ പിന്നിട്ടതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. വാര്‍ത്ത പരന്നതോടെ വന്‍ജനാവലി ആസ്പത്രിപരിസരത്ത് എത്തി. പോലീസും ഫയര്‍ഫോഴ്‌സും സര്‍വവിധ സന്നാഹങ്ങളോടെ കെട്ടിടത്തിനു താഴെ നിലയുറപ്പിച്ചു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് നാട്ടുകാര്‍ റോഡില്‍ കുത്തിയിരിപ്പ് നടത്തി.വെള്ളവും ഭക്ഷണവും കഴിക്കാതെ മണിക്കൂറുകള്‍ പിന്നിട്ടതോടെ മൂന്ന് പേരും അവശനിലയിലായി. ബുധനാഴ്ച ഉച്ചയോടെ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂവാറ്റുപുഴ ആര്‍ഡിഒ എസ്. ഷാനവാസ്, തഹസില്‍ദാര്‍ പി.കെ. ജോസഫ്, ഡിവൈ.എസ്.പി. എം.എന്‍. രമേശ്, ഫയര്‍ഫോഴ്‌സ് ജില്ലാ ഓഫീസര്‍ കെ. അബ്ദുള്‍ റഷീദ് തുടങ്ങിയവരും സമരസഹായ സമിതി ചെയര്‍മാന്‍ കെ.എ. ജോയിയും ആസ്പത്രി കെട്ടിടത്തിന് മുകളില്‍ എത്തി നഴ്‌സുമാരുമായി ചര്‍ച്ച ചെയ്തു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച മാനേജ്‌മെന്റ് മുന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പരാജയപ്പെടുകയായിരുന്നു. മാനേജ്‌മെന്റ് പ്രതിനിധികള്‍ സ്ഥലത്തെത്തിയിരുന്നില്ല. അവരുമായി ഫോണിലൂടെയാണ് ഒത്തുതീര്‍പ്പിന് ബന്ധപ്പെട്ടിരുന്നത്.
വീഡിയോ കാണാന്‍ സന്ദര്‍ശിക്കുക
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: