Pages

Sunday, August 5, 2012

EZHUTHACHAN'S KAVYAM


എഴുത്തച്ഛന്റെ കാവ്യപുനഃസൃഷ്ടി

മൂലകൃതിയെ അതിശയിക്കുന്ന പരിഭാഷ എന്നു പറഞ്ഞുകേള്‍ക്കാറുണ്ട്. അത്തരത്തില്‍ ഒരു പരിഭാഷ ഉണ്ടോ? പരിഭാഷ അങ്ങനെ ആകാന്‍ പാടുണ്ടോ? പരിഭാഷയില്‍ മൂലകൃതിയുടെ ഭാഷമാത്രമേ മാറാന്‍ പാടുള്ളൂ. ആശയം, അര്‍ഥം, കാവ്യഭംഗികള്‍, ധ്വന്യാര്‍ഥങ്ങള്‍- എല്ലാം സമമൂല്യതയോടെ പരിഭാഷയില്‍ വരണം. പക്ഷേ, ഭാഷ മാറുന്നതോടെ എല്ലാം മാറിമറിയുന്നു. ആശയത്തിനു വ്യതിയാനം വരുന്നു; അര്‍ഥത്തിന് ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നു; ധ്വന്യാര്‍ഥങ്ങള്‍ക്ക് ചോര്‍ച്ച പറ്റുന്നു; കാവ്യഭംഗികള്‍ വികലമാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു - സാധാരണ നിലയില്‍ പരിഭാഷകളുടെ അവസ്ഥ അതാണ്. മൂലകൃതിയായി സ്വീകരിച്ച അധ്യാത്മരാമായണത്തിന്റെ ഒരു പരിഭാഷ നിര്‍മിക്കുകയായിരുന്നില്ല എഴുത്തച്ഛന്റെ ലക്ഷ്യം. സംസ്‌കൃതകാവ്യത്തെ ആധാരമാക്കി ഒരു പുനഃസൃഷ്ടിയാണ് അദ്ദേഹത്തിന്റെ ആലോചനയിലുണ്ടായിരുന്നത്. എഴുത്തച്ഛന് മൂലകൃതി ഇടയ്ക്കിടെ ചാരിനില്ക്കാനുള്ള ഇതിവൃത്തത്തിന്റെ ഒരത്താണി മാത്രമായിരുന്നു.മൂലഗ്രന്ഥകാരനെ തൊട്ടുകൊണ്ട് എഴുത്തച്ഛന്‍ കാവ്യസൗന്ദര്യത്തിന്റെ ആകാശങ്ങളില്‍ പറന്നുനടക്കുന്നു. ഇതിവൃത്തത്തില്‍ മാത്രം ശ്രദ്ധയൂന്നി മുന്നോട്ടു പോകുന്ന മൂലകൃതിയും ഭാവനയുടെ ഉദാരമേഖലകളില്‍ യഥേഷ്ടം വിഹരിക്കുന്ന എഴുത്തച്ഛന്റെ കിളിപ്പാട്ടും തമ്മില്‍ താരതമ്യം പലപ്പോഴും അസാധ്യമാണ്. മൂലത്തിലെ ശുഷ്‌കമായ ഭാഗങ്ങളെ കാവ്യമധുരങ്ങളാക്കി മാറ്റുക, സന്ദര്‍ഭത്തിന് ഉതകുന്നതാണെന്നു തോന്നിയാല്‍ പൂര്‍വകവികളുടെ കാവ്യഭാഗങ്ങള്‍ സ്വതന്ത്രമായ ഭാവനകലര്‍ത്തി എടുത്തുചേര്‍ക്കുക, ദീര്‍ഘമായ മൂലഭാഗങ്ങള്‍ ഒന്നോ രണ്ടോ വരികളില്‍ സംഗ്രഹിക്കുക, ഭക്തിക്കു സാധ്യതയുള്ള കാവ്യസന്ദര്‍ഭങ്ങളെ വിസ്തരിക്കുക - ഇങ്ങനെ സ്വതന്ത്രവും ഭാവനാവിലസിതവുമായ ഒരു സ്വതന്ത്ര പരിഭാഷാപുനഃസൃഷ്ടിയാണ് എഴുത്തച്ഛന്‍ നിര്‍വഹിച്ചിരിക്കുന്നത്. ശ്രീരാമനോടൊത്ത് ദണ്ഡകാരണ്യത്തിലേക്ക് പോകാന്‍ തുടങ്ങുന്ന ലക്ഷ്മണനോട് അമ്മ സുമിത്ര പറയുന്നു:
''രാമനെ നിത്യം ദശരഥനെന്നുള്ളി-/ ലാമോദമോടു നിരൂപിച്ചുകൊള്ളണം/ എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍/ പിന്നെയയോധ്യയെന്നോര്‍ത്തീടടവിയെ/ മായാവിഹീനമീവണ്ണമുറപ്പിച്ചു/ പോയാലുമെങ്കില്‍ സുഖമായ് വരിക തേ.''എന്ന വരികള്‍ ''രാമം ദശരഥം വിദ്ധി..''- എന്നു തുടുങ്ങുന്ന വാല്മീകിരാമായണത്തിലെ വരികളുടെ പദാനുപദവിവര്‍ത്തനം തന്നെ. സംസ്‌കൃതകാവ്യത്തില്‍ അത്ര പ്രാധാന്യമില്ലാതെ വിട്ടുകളഞ്ഞ സുമിത്രയെ തിളങ്ങുന്ന ഒരു മുഹൂര്‍ത്തത്തില്‍ കൊണ്ടുനിറുത്തി അവിസ്മരണീയ കഥാപാത്രമാക്കിവളര്‍ത്തിയിരിക്കുന്നു.സീതാസ്വയംവരത്തിനുമുമ്പ് രാമന്‍ ശൈവചാപം മുറിക്കുന്നതായും ദിക്കുകള്‍ ഞെട്ടിവിറച്ചതായും മൂലഗ്രന്ഥത്തിലുണ്ട്. എന്നാല്‍, കണ്ണശ്ശരാമായണത്തിലെ ആശയവും കാവ്യബിംബങ്ങളും സ്വീകരിച്ച് ആ ഭാഗം എഴുത്തച്ഛന്‍ ഉദാത്തമായ കാവ്യാനുഭവമാക്കി മാറ്റിയിരിക്കുന്നു.


            പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: