Pages

Sunday, August 5, 2012

DON'T WASTE A DROP OF WATER


                      ഒരു തുള്ളി  വെള്ളം 
                   പോലും  പാഴാക്കരുത്
  ജലസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് കേരളത്തിലെ ' കാലാവസ്ഥ ' അധികൃതരെയും സമൂഹത്തെയും ഓര്‍മിപ്പിക്കുന്നത്. കാലവര്‍ഷം ഇക്കുറി 41 ശതമാനം കുറഞ്ഞുവെന്നതുതന്നെ സ്ഥിതിവിശേഷത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. അഞ്ചു ജില്ലകളില്‍ മഴ 50 ശതമാനത്തിലേറേ കുറഞ്ഞിട്ടുണ്ട്. വയനാട്ടില്‍ ഇത് 68-ഉം പത്തനംതിട്ടയില്‍ 59-ഉം ശതമാനമാണ്. വരുംദിവസങ്ങളില്‍ വടക്കന്‍ജില്ലകളില്‍ മാത്രമേ കാലവര്‍ഷം കനക്കാന്‍ സാധ്യതയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമബംഗാള്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തമാകുന്നതാണ് ഇതിനു കാരണം. അറേബ്യന്‍ സമുദ്രത്തിന്റെ തെക്കുഭാഗത്ത് താപനില കുറഞ്ഞ് ഉന്നതമര്‍ദമേഖല രൂപപ്പെട്ടത് തെക്കന്‍ ജില്ലകളില്‍ മഴകുറയാന്‍ ഇടയാക്കുമെന്ന് കരുതപ്പെടുന്നു. കേരളം വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. അതു നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ ഒട്ടും വൈകിക്കൂടാ. 

മഴ കുറയുന്നത് സംസ്ഥാനത്ത് കുടിവെള്ളലഭ്യതയെ കാര്യമായി ബാധിക്കും. മഴ നന്നായി കിട്ടുന്ന കൊല്ലങ്ങളില്‍പ്പോലും മഴയെത്തുംമുന്‍പുള്ള മാസങ്ങളില്‍ പലേടത്തും കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുന്നു. ഏതാണ്ട് 45 ലക്ഷം കിണറുകളുള്ള കേരളത്തില്‍ അവയിലെ ജലവിതാനം ഏഴുവര്‍ഷത്തിനിടെ മൂന്ന് മീറ്ററോളം താഴ്ന്നു. മണ്ണിലേക്കിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടി ഊറ്റിയെടുക്കുന്നുണ്ട്. മഴ കുറഞ്ഞനിലയ്ക്ക് ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതവും വ്യാപകവുമാക്കണം. മുന്‍പ് ജനങ്ങളുടെ ജലാവശ്യങ്ങള്‍ വലിയൊരു പരിധിവരെ നിറവേറ്റിയിരുന്നത് നദികളും മറ്റ് പൊതുജലാശയങ്ങളുമാണ്. മലിനീകരണവും നദികളുടെ നാശത്തിനിടയാക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളും വ്യാപകമായതോടെ ആ സ്ഥിതിക്ക് മാറ്റംവന്നു. കിട്ടുന്ന വെള്ളമെങ്കിലും ഇനി പാഴാക്കാതെ നോക്കണം. കിണറുകളും കുളങ്ങളും വൃത്തിയാക്കാനുള്ള പദ്ധതികള്‍ വേണ്ടവിധം പ്രാവര്‍ത്തികമായിട്ടില്ല. ഭൂഗര്‍ഭജലചൂഷണം ജലക്ഷാമത്തിന് കാരണമാകുന്നുണ്ട്. അമിതമായി ഭൂഗര്‍ഭജലം ഊറ്റുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പ്രദേശത്ത് ജലവിതാനം ഓരോ വര്‍ഷവും 15 സെന്റിമീറ്റര്‍ താഴുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭൂജലം പൊതുസ്വത്തായി കണ്ട് വിനിയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നകാര്യം കേന്ദ്രം പരിഗണിക്കുന്നുണ്ട്. നിയന്ത്രണം ഉണ്ടെങ്കിലേ ചൂഷണം തടയാനാകൂ.
മഴവെള്ളസംഭരണം, വനവത്കരണം തുടങ്ങിയവയും ഇതിന് അനുബന്ധമായി നടപ്പാക്കേണ്ടതുണ്ട്. വളപ്പുകളില്‍ നീര്‍ക്കുഴികള്‍ കുഴിച്ചും വീടുകളില്‍ സംഭരണികള്‍ സ്ഥാപിച്ചും മഴവെള്ളം പ്രയോജനപ്പെടുത്താം. അശാസ്ത്രീയമായ വിതരണത്തിലൂടെ 20 മുതല്‍ 40 വരെ ശതമാനം ജലം കേരളത്തില്‍ പാഴാകുന്നുണ്ടെന്നാണ് കണക്ക്. ഈ ദുര്‍വ്യയം ഒഴിവാക്കണം. ജലലഭ്യത കുറയുകയും കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്താല്‍ ജനങ്ങള്‍ക്ക് വെള്ളക്കച്ചവടക്കാരെ ആശ്രയിക്കേണ്ടിവരും.ജലലഭ്യത കുറഞ്ഞാല്‍ വൈദ്യുതി ഉത്പാദനവും ഗണ്യമായി കുറയുമെന്നതാണ് കേരളത്തിന് ആശങ്കയുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം. പല ജലവൈദ്യുതി പദ്ധതികളുടെയും ഉത്പാദനശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. സംഭരണികളില്‍ ജലം വീണ്ടും കുറഞ്ഞാല്‍ സ്ഥിതി രൂക്ഷമാകും. വൈദ്യുതി ഉത്പാദനത്തിന് ബദല്‍മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയാലേ ഇതിന് ശാശ്വതപരിഹാരം ഉണ്ടാക്കാനാവൂ. പല അയല്‍സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഏറേ മുന്നോട്ടുപോയിക്കഴിഞ്ഞു. കാറ്റില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും ഊര്‍ജം ഉത്പാദിപ്പിക്കാനാവും. സൂര്യതാപത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കാനായി കര്‍ണാടകസര്‍ക്കാര്‍ നിയമംതന്നെ കൊണ്ടുവരുകയുണ്ടായി. സൗരവൈദ്യുതി പദ്ധതികള്‍ ആവിഷ്‌കരിച്ച് കേരളത്തിന്റെ ഊര്‍ജാവശ്യം മുഴുവന്‍ നിറവേറ്റാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.ബയോഗ്യാസ്പ്ലാന്റുകള്‍ സ്ഥാപിച്ച് മാലിന്യത്തില്‍നിന്ന് ഊര്‍ജമുണ്ടാക്കുന്ന രീതിയും വ്യാപകമാക്കാവുന്നതാണ്. ഊര്‍ജോപയോഗത്തില്‍ മിതത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകുകയും വേണം.
 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: