Pages

Monday, August 6, 2012

"ആകസ്മി"കം ഓണത്തിന് തിയേറ്ററുകളിലെത്തുന്നു.


"ആകസ്മികം "ഓണത്തിന് തിയേറ്ററുകളിലെത്തുന്നു.


സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന ശ്വേതാ മേനോന്റെ മറ്റൊരു ശക്തമായ കഥാപാത്രവുമായി 'ആകസ്മികം' ഓണത്തിന് തിയേറ്ററുകളിലെത്തുന്നു. നഗരത്തിരക്കിന് നടുവിലെ ഫ്ലാറ്റിന്റെ വീര്‍പ്പുമുട്ടലിലേക്ക് ജീവിതം പരിമിതപ്പെടുത്തേണ്ടിവന്ന അനിത എന്ന കഥാപാത്രത്തെയാണ് 'ആകസ്മിക'ത്തില്‍ ശ്വേത അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഗര്‍ഭിണിയായി ജീവിക്കുന്ന ശ്വേതാ മേനോന്‍ ഗര്‍ഭിണിയായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന ആകസ്മികതയും ഈ സിനിമയ്ക്കുണ്ട്. ഭര്‍ത്താവിനും മകനുമിടയില്‍ തളര്‍ന്നുനില്‌ക്കേണ്ടിവരുന്ന കഥാപാത്രമാണ് ശ്വേതയുടേത്. ആധാരം, സവിധം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജോര്‍ജ് കിത്തുവാണ് 'ആകസ്മികം' സംവിധാനം ചെയ്തിരിക്കുന്നത്.'പാലേരി മാണിക്യ'ത്തിനുശേഷം ഒരു സാഹിത്യകൃതി സിനിമയാകുന്നു എന്ന പ്രത്യേകതയും 'ആകസ്മിക'ത്തിനുണ്ട്. മലയാളത്തിലെ ശക്തനായ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ 'ഗുപ്തം - ഒരു തിരക്കഥ'യാണ് 'ആകസ്മിക'മാകുന്നത്. പത്രപ്രവര്‍ത്തകനായ അനില്‍കുമാര്‍ പിള്ളയുടെ ഗാനങ്ങള്‍ക്ക് അനില്‍ ഗോപാലന്‍ ഈണമിട്ടിരിക്കുന്നു. ജയചന്ദ്രന്‍, ശ്രീനിവാസ്, നീരജ എന്നിവരാണ് ഗായകര്‍. രാജാമണിയാണ് പശ്ചാത്തലസംഗീതം. ശ്വേത മേനോനു പുറമെ സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ദേവന്‍, ശോഭാമോഹന്‍, പ്രവീണ, മധുപാല്‍, അശ്വിന്‍, നിഖിത, ശിവജി ഗുരുവായൂര്‍ എന്നിവരും അഭിനയിക്കുന്നു. എക്‌സലന്റ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ മോനു പഴേടത്താണ് 'ആകസ്മികം' നിര്‍മിക്കുന്നത്. പ്രവീണ്‍ അറയ്ക്കലാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എം.ഡി. സുകുമാരന്റേതാണ് ക്യാമറ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍