മാലിന്യനിര്‍മാര്‍ജനവും സംസ്‌കരണവും
മാലിന്യനിര്‍മാര്‍ജനവും സംസ്‌കരണവും
സംസ്ഥാനത്തെ ചെറുപട്ടണങ്ങളില്‍പ്പോലും വന്‍പ്രശ്‌നമായിട്ടുണ്ട്. തിരുവനന്തപുരം
നഗരസഭയുടെ കീഴില്‍ വിളപ്പില്‍ പഞ്ചായത്തിലുള്ള വിളപ്പില്‍ശാല മാലിന്യസംസ്‌കരണകേന്ദ്രത്തിന്റെ
പ്രവര്‍ത്തനം കത്തുന്നപ്രശ്‌നമായി നിലനില്‍ക്കുകയാണ്. നഗരമാലിന്യം പഞ്ചായത്തുകളിലെ
സംസ്‌കരണകേന്ദ്രങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നതുമൂലം അവിടങ്ങളിലെ ജനങ്ങള്‍
പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നിട്ടും സംസ്‌കരണം
ശാസ്ത്രീയമാക്കാനും പരിസരമലിനീകരണം ഒഴിവാക്കാനും പൂര്‍ണമനസ്സോടെയുള്ള ശ്രമം നഗരസഭകളുടെയോ
മാറി മാറി വരുന്ന സര്‍ക്കാറുകളുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ്
കരുതേണ്ടത്. ഇതേച്ചൊല്ലി ഇപ്പോഴും തര്‍ക്കങ്ങളും തെരുവിലെ ഏറ്റുമുട്ടലുകളും
തുടരുകയാണ്. കൊച്ചി നഗരസഭയുടെ കീഴിലുള്ള ബ്രഹ്മപുരത്തെ ഖരമാലിന്യകേന്ദ്രത്തില്‍
സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക മാലിന്യസംസ്‌കരണപ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍
നടപടിയാരംഭിച്ചത് ഈ സാഹചര്യത്തില്‍ ഏറേ പ്രാധാന്യമര്‍ഹിക്കുന്നു. പരിസ്ഥിതി
മലീനീകരണ പ്രശ്‌നമില്ലാത്ത പ്രവര്‍ത്തനത്തിലൂടെ ഇത് സംസ്ഥാനത്തിനു തന്നെ
മാതൃകയാകണം. കൊച്ചിക്കുപുറമേ തിരുവനന്തപുരം, കോഴിക്കോട്,
തൃശ്ശൂര്‍ എന്നിവിടങ്ങളിലും ഇത്തരം പ്ലാന്റ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്. വിദേശരാജ്യങ്ങളില്‍ മാത്രമല്ല, ബാംഗ്ലൂര്‍
ഉള്‍പ്പെടെ ഇന്ത്യയിലെതന്നെ വന്‍നഗരങ്ങളിലും നല്ല രീതിയില്‍ മാലിന്യസംസ്‌കരണ
പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍, സംസ്ഥാനത്ത് ഇതിനകം സ്ഥാപിച്ച മാലിന്യസംസ്‌കരണ കേന്ദ്രങ്ങളുടെ
നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം അവ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ആളുകള്‍
ഗതികേടിലായിരിക്കയാണ്. ഇവയ്‌ക്കെതിരെ പ്രതിഷേധവും പ്രതിരോധവും ശക്തമാവുകയും
ചെയ്തിട്ടുണ്ട്. കൊച്ചി നഗരസഭയുടെ മാലിന്യസംസ്‌കരണകേന്ദ്രമായ ബ്രഹ്മപുരത്ത്
ജൈവമാലിന്യസംസ്‌കരണ സംവിധാനം ഏറേക്കാലം തീരെ മോശമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രവര്‍ത്തനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. മാലിന്യത്തില്‍
നിന്നുണ്ടാക്കിയ ജൈവവളം വിപണനം ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നതും പ്ലാസ്റ്റിക്
മാലിന്യം കൂടിക്കിടക്കുന്നതുമാണ് ഇപ്പോഴത്തെ വലിയ പ്രശ്‌നങ്ങള്‍. പ്ലാസ്റ്റിക്
പുനരുപയോഗ സംവിധാനം കാര്യക്ഷമമല്ലെന്നാണ് സൂചന. ഇത്തരം പ്രശ്‌നങ്ങള്‍ക്കുകൂടി
പരിഹാരം കാണുന്നതാകണം പുതിയ മാലിന്യ സംസ്‌കരണപ്ലാന്റ്. നിലവില്‍ നഗരത്തില്‍ നിന്ന്
ബ്രഹ്മപുരത്തേക്ക് മാലിന്യം നീക്കാന്‍ വേണ്ടത്ര കവചിത വാഹനങ്ങളില്ല. തുറന്ന
ലോറികളില്‍ മാലിന്യം കൊണ്ടുപോകുന്നത് വഴിയരികില്‍ താമസിക്കുന്നവര്‍ക്കെല്ലാം
കടുത്ത വിഷമം ഉണ്ടാക്കുന്നുണ്ട്. മാലിന്യശേഖരണവും നീക്കവും കൂടി
ശാസ്ത്രീയമാക്കിക്കൊണ്ട് കൊച്ചി മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാകണം.
തിരുവനന്തപുരത്തെ വിളപ്പില്‍ശാല മാത്രമല്ല, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളിലെയൊക്കെ മാലിന്യസംസ്‌കരണം പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മാലിന്യപ്രശ്‌നം ജനകീയപ്രശ്‌നമായിക്കണ്ട് നേതാക്കള്‍ കക്ഷിരാഷ്ടീയഭേദം മറന്ന് ഒന്നിച്ചുനില്‍ക്കണം. പ്രശ്‌നപരിഹാരത്തിന് കൂട്ടായ ശ്രമം നടത്തണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനോ ചൂഷണത്തിനോ ഉള്ള ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. വിളപ്പില്‍ശാലയിലെ മാലിന്യത്തില്‍ നിന്ന് ഊറിയൊഴുകുന്ന മലിനജലം അവിടത്തെ തോടുകളും കിണറുകളും ഉള്‍പ്പെടെ ജലസ്രോതസ്സുകളെ മലിനമാക്കുന്നുണ്ട്. ഇതൊഴിവാക്കാനുള്ള മലിനജലസംസ്‌കരണ പ്ലാന്റിന്റെ യന്ത്രോപകരണങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ചിട്ടുള്ളത്. എന്നാല്‍, ജനങ്ങള്‍ റോഡിന് കുറുകെ തീയിട്ട് യന്ത്രം നീക്കുന്നത് തടയുകയായിരുന്നു. ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ക്ക് പരിഹാരംകണ്ട് പ്രശ്‌നം രമ്യമായി തീര്‍ക്കാന്‍ രാഷ്ട്രീയനേതാക്കള്‍ വഴി കണ്ടെത്തണം. ജനനന്മയും നാടിന്റെ വികസനവും മുന്‍നിര്‍ത്തി കക്ഷിവ്യത്യാസമില്ലാതെ, രാഷ്ട്രീയനേതൃത്വം മനസ്സ്‌വെച്ച് പരിശ്രമിച്ചാല്‍ തീരാത്ത പ്രശ്‌നമൊന്നും ഇവിടെയില്ല. വിവിധനഗരങ്ങളില്‍ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേല്‍നോട്ട സംവിധാനം വേണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ കരാറുകാര്‍ക്കുമെതിരെ യഥാസമയം കര്‍ശന നടപടിയെടുക്കുകയും വേണം.
പ്രൊഫ്
.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment