Pages

Sunday, August 26, 2012

ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവനിര ലോകത്തിന്റെ നെറുകയില്‍


ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവനിര ലോകത്തിന്റെ നെറുകയില്‍
ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവനിരയും ലോകത്തിന്റെ നെറുകയില്‍ കൊടിനാട്ടിയിരിക്കുന്നു. ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ചുകൊണ്ടാണ് ഇന്ത്യയുടെ അണ്ടര്‍-19 താരങ്ങള്‍ ലോകകപ്പില്‍ മൂന്നാംവട്ടവും മുത്തമിട്ടത്. നിലവിലെ ചാമ്പ്യന്മാരായ ആതിഥേയരെ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ യുവസിംഹങ്ങള്‍ തറപറ്റിച്ചത്. ആദ്യം വേഗതയുടെ മണ്ണില്‍ കണിശത കൊണ്ട് കണക്കുപറഞ്ഞ മീഡിയം പേസര്‍ സന്ദീപ് ശര്‍മയുടെ ബൗളിങ് മികവില്‍ ഓസ്‌ട്രേലിയയെ 225 റണ്‍സില്‍ ഒതുക്കിയ ഇന്ത്യന്‍ പിന്നീട് യഥാര്‍ഥ പടനായകനായി മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിന്റെ സ്വപ്‌നതുല്ല്യമായ സെഞ്ച്വറിയുടെ മികവില്‍ പതിനാല് പന്ത് ബാക്കിയാക്കി ചരിത്രവിജയം സ്വന്തമാക്കുകയും ചെയ്തു. മാന്‍ ഓഫ് ദി മാച്ചായ ഉന്‍മുക്ത് 130 പന്തില്‍ നിന്ന് 111 റണ്‍സ് നേടിയപ്പോള്‍ പത്തോവര്‍ എറിഞ്ഞ് നാലു വിക്കറ്റാണ് ശര്‍മ പിഴുതത്. നാലും നിര്‍ണയാക വിക്കറ്റുകള്‍ തന്നെ.2000ല്‍ ശ്രീലങ്കയില്‍ വച്ചും 2008ല്‍ മലേഷ്യയില്‍ വച്ചുമാണ് ഇന്ത്യ ഇതിന് മുന്‍പ് ലോകകപ്പ് നേടിയത്. 2006ല്‍ റണ്ണറപ്പുമായി. 2000ല്‍ മുഹമ്മദ് കയ്ഫും 2008ല്‍ വിരാട് കോലിയുമായിരുന്നു നായകന്മാര്‍. ഓസ്‌ട്രേലിയ മാത്രമായിരുന്നു അണ്ടര്‍-19 ലോകകപ്പ് മൂന്ന്‌വട്ടം നേടിയ ടീം.കണ്ടുപഠിക്കേണ്ട ഇന്നിങ്‌സിലൂടെയാണ് നായകന്‍ ഉന്‍മുക്ത് ചന്ദ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. ഏറെക്കുറെ അനായാസമായി കൈവരിക്കാമായിരുന്ന ലക്ഷ്യമായിട്ടും രണ്ടാം ഓവറില്‍ സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ഓപ്പണര്‍ പ്രശാന്ത് ചോപ്രയെ നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ കിരീടമോഹത്തിന് മേല്‍ ഭീതിയുടെ കരിനിഴല്‍ പരന്നു. അവിശ്വസനീയമായ ചെറുത്തുനില്‍പ്പിലൂടെയാണ് ഉന്‍മുക്ത് പിന്നീട് ടീമിനെ സ്വപ്‌നതീരത്തേയ്ക്ക് തുഴഞ്ഞെത്തിച്ചത്. വ്യക്തിഗത സ്‌കോര്‍ 84ല്‍ നില്‍ക്കുമ്പോള്‍ ഒരിക്കല്‍ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ക്ഷമയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ആള്‍രൂപമായാണ് ഇന്ത്യന്‍ നായകന്‍ ക്രീസ് വാണത്. മന്ദസ്ഥായില്‍ തുടങ്ങി പതുക്കെ കത്തിക്കയറുകയായിരുന്നു ഉന്‍മുക്ത്. 130 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെയാണ് 111 റണ്‍സ് നേടിയത്. ലോകകപ്പിലെ ഉന്‍മുക്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. ജൂലായില്‍ നടന്ന ഏഷ്യാകപ്പിലും ഉന്‍മുക്ത് രണ്ട് സെഞ്ച്വറി നേടിയിരുന്നു. പാകിസ്താനെതിരെയും ശ്രീങ്കയ്‌ക്കെതിരെയും.38 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ ബാബ അപരാജിതിനെ കൂട്ടുപിടിച്ചാണ് ഉന്‍മുക്ത് പ്രതിസന്ധിയുടെ ആദ്യഘട്ടം തരണം ചെയ്തത്. 13.2 ഓവറില്‍ 73 റണ്‍സാണ് ഇവര്‍ രണ്ടാം വിക്കറ്റില്‍ ചേര്‍ത്തത്. എന്നാല്‍, 38 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത അപരാജിതിനെ ഓസ്‌ട്രേലിയക്കുവേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ഗുര്‍വീന്ദര്‍ സന്ധു മടക്കിയതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. 14.4 ഓവറില്‍ 75 റണ്‍സായിരുന്നു ഈ സമയം ഇന്ത്യയുടെ സമ്പാദ്യം. പതിനെട്ടാം ഓവറില്‍ ഹനുമ വിഹാരിയെ ടേണറും (4) ഇരുപത്തിയഞ്ചാം ഓവറില്‍ വിജയ് സോളിനെ (1) പാരിസും നിസാര സ്‌കോറിന് മടക്കിയതോടെ ഇന്ത്യയുടെ പ്രതിസന്ധിയുടെ ആക്കം കൂടി. വിജയസാധ്യത അപ്രാപ്യമായി വഴുതിമാറിക്കൊണ്ടിരുന്നു. ഈ സമയമാണ് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്മിത് പട്ടേലിനെ ക്യാപ്റ്റന് കൂട്ടുകിട്ടിയത്. തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ബാറ്റ്‌സ്മാന്മാര്‍ പ്രതിരോധത്തിന്റെ കോട്ടയിലേയ്ക്ക് ഉള്‍വലിഞ്ഞതോടെ ആവശ്യമായ റണ്‍റേറ്റ് മലപോലെ പെരുകിപെരുകി കൂടിക്കൊണ്ടിരുന്നു. എന്നാല്‍, വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ജീവന്‍ വീണുകിട്ടിയ പട്ടേല്‍ പിന്നെ പതറിയില്ല. ക്യാപ്റ്റന് ഉറച്ച പിന്തുണ തന്നെ നല്‍കി. ഒരു പ്രകോപനത്തിനും അവര്‍ വശംവദരായില്ല. ആവേശത്തിന്റെ കാറ്റില്‍ വഴിതെറ്റിയുമില്ല. ബൗണ്ടറികളിലേയ്ക്ക് കണ്ണെറിയാതെ വിക്കറ്റ് കാത്ത് ഒന്നും രണ്ടും വാരിയെടുത്ത് മെല്ലെ സ്‌കോര്‍ മുന്നോട്ടു ചലിപ്പിക്കുകയായരുന്നു ഇരുവരും. ആദ്യത്തെ 50 റണ്‍ 54 പന്തില്‍ സ്വന്തമാക്കിയപ്പോള്‍ പിന്നീടുള്ള 50 റണ്‍സിന് 100 പന്താണ് ഇന്ത്യയ്ക്ക് വിനിയോഗിക്കേണ്ടിവന്നത്. എങ്കിലും അമിതാവേശത്തിന് ഇരുവരും അടിപ്പെട്ടില്ല. അപകടമേഖല തരണം ചെയ്തതിനുശേഷം മാത്രമാണ് ഉന്‍മുക്തിലെ വെടിക്കെട്ടുവീരന്‍ ഉണര്‍ന്നത്. ബൗണ്ടറികളും സിക്‌സുമെല്ലാം പ്രവഹിച്ചതും അതിനുശേഷം മാത്രമാണ്. 23.2 ഓവറില്‍ 130 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇവര്‍ നേടിയത്. പട്ടേല്‍ 84 പന്തില്‍ നിന്ന് നാല് ബൗണ്ടറിയോടെ 62 റണ്‍സെടുത്ത് ക്യാപ്റ്റനൊപ്പം പുറത്താകാതെ നിന്നു. ഈ ലോകകപ്പില്‍ പട്ടേലിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.ഓസ്‌ട്രേലിയക്കുവേണ്ടി പാരിസ്, സ്‌റ്റെകറ്റീ, സന്ധു, ടേണര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.ടൂര്‍ണമെന്റില്‍ ആദ്യമായി ടോസ് ലഭിച്ചിട്ടും ഉന്‍മുക്ത് ബാറ്റിങ്ങിനയച്ച ഓസ്‌ട്രേലിയയെ നാണംകെട്ട തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ക്യാപ്റ്റന്‍ വില്ല്യം ബൊസിസ്‌റ്റോയുടെ കിടയറ്റ ചെറുത്തിനില്‍പ്പാണ്. 120 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത ബൊസിസ്‌റ്റൊ പുറത്താകാതെ നിന്നു. ആഷ്ടണ്‍ ടേണര്‍ 43 റണ്‍സെടുത്തു. ആറു പന്തില്‍ നിന്ന് 10 റണ്‍സ് നേടിയ ഗുര്‍വീന്ദര്‍ സന്ധുവാണ് പുറത്താകാതെ നിന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. പത്തോവറില്‍ 54 റണ്‍സ് വഴങ്ങി നാല് ഓസി വിക്കറ്റുകള്‍ പിഴുത മീഡിയം പേസര്‍ സന്ദീപ് ശര്‍മയാണ് ഓസീസ് ബാറ്റിങ്ങിന് ഒരു പരിധിവരെ കടിഞ്ഞാണിട്ടത്. രവികാന്ത് സിങ്ങും ബാബ അപരാജിതും ഓരോ വിക്കറ്റെടുത്തു.പിച്ചിലെ ഈര്‍പ്പത്തില്‍ കണ്ണുവച്ച് ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തിനൊത്ത് സീം പരമാവധി മുതലെടുത്ത സന്ദീപ് ശര്‍മയുടെ മാരകബൗളിങ്ങിന് മുന്നില്‍ നാലിന് 38 റണ്‍സ് എന്ന നിലയില്‍ ചൂളിപ്പോയശേഷമാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സിലൂടെ ആതിഥേയര്‍ തിരിച്ചുവന്നത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ റണ്ണെടുക്കാതെ നിന്ന പിയേഴ്‌സണിനെ ബൗള്‍ഡാക്കി സന്ദീപ് ശര്‍മ മടക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ രണ്ടു റണ്‍ മാത്രം. സന്ദീപിന്റെ തന്നെ രണ്ടാമത്തെ ഓവറില്‍ മറ്റൊരു ഓപ്പണറായ ബാന്‍ക്രോഫ്റ്റ് രണ്ടു റണ്ണെടുത്തു മടങ്ങുമ്പോള്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ രണ്ടിന് എട്ട്. ബുച്ചാനനും പാറ്റേഴ്‌സണും നേരിയ തോതില്‍ ചെറുത്തിനിന്ന് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 22 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത പാറ്റേഴ്‌സണെ പതിനൊന്നാം ഓവറില്‍ ബൗള്‍ഡാക്കി അപരാജിത വീണ്ടും ഇന്ത്യയെ കളിയിലേയ്ക്ക് മടക്കിക്കൊണ്ടുവന്നു. 30 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് അപരാജിത പിളര്‍ത്തിയത്. തൊട്ടടുത്ത ഓവറില്‍ 12 റണ്‍സെടുത്ത ബുച്ചാനനെ കീപ്പര്‍ സ്മിത് പട്ടേലിന്റെ കൈയിലെത്തിച്ച് മീഡിയം പേസര്‍ രവികാന്ത് സിങ് കളി ഇന്ത്യയുടെ കൈയില്‍ ഭദ്രമാക്കി. നാലിന് 38 എന്ന ദയനീയ സ്‌കോറില്‍ പകച്ചുനില്‍ക്കുകയായിരുന്നു ആതിഥേയര്‍ ഈ സമയം.

എന്നാല്‍, ബൊസിസ്‌റ്റോയും ട്രെവിസ് ഹെഡഡും രക്ഷകവേഷമണിഞ്ഞതോടെ ഓസ്‌ട്രേലിയ വലിയൊരു ഉരുള്‍പൊട്ടലില്‍ നിന്ന് ക്രമേണ കരകയറിവന്നു. 65 റണ്‍സിന്റെ ഇവരുടെ കൂട്ടുകെട്ടാണ് ഒരു മഹാദുരന്തത്തില്‍ നിന്ന് ആതിഥേയര്‍ക്ക് ആദ്യം രക്ഷാകവാടമൊരുക്കിയത്. 56 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത ഹെഡ് റണ്ണൗട്ടായപ്പോഴാണ് ഇന്ത്യയ്ക്ക് ശ്വാസം നേരെ വീണത്. ഹര്‍മിത്‌സിങ്ങിന്റെയും അപരാജിതിന്റെയും കൂട്ടായ് യത്‌നമാണ് ഈ ബ്രേക്ക് ഇന്ത്യയ്ക്ക് നല്‍കയത്.എന്നാല്‍, ഹെഡ്ഡിന് പകരമെത്തിയ ടേണര്‍ കൂടുതല്‍ അപകടകാരിയാവുകയായിരുന്നു. പന്തുകള്‍ പാഴാക്കാതെ സശ്രദ്ധം സ്‌കോര്‍ മുന്നോട്ടു ചലിപ്പിച്ച ഈ ഓള്‍റൗണ്ടര്‍ ക്യാപ്റ്റന് മികവുറ്റ പിന്തുണയാണ് നല്‍കിയത്. 16.2 ഓവര്‍ ക്രീസില്‍ നിലയുറപ്പിച്ച ഈ ജോഡി 5.52 എന്ന ശരാശരിയില്‍ 93 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. വിജയം സ്വപ്‌നം കണ്ടുതുടങ്ങിയ ഇന്ത്യയ്ക്ക് ഹൃദയഭേദകമായിരുന്നു ആത്മവീര്യവും ആത്മവിശ്വാസവുമെല്ലാം ചോര്‍ത്തിക്കളഞ്ഞ ഈ കൂട്ടുകെട്ട്. 30-ാം ഓവറില്‍ ജോഡി ചേര്‍ന്ന ഇവര്‍ പിരിഞ്ഞത് കളി അവസാനിക്കാന്‍ നാലോവര്‍ മാത്രം ശേഷിക്കുമ്പോഴാണ്. രണ്ടാം സ്‌പെല്ലിനെത്തിയ സന്ദീപ് ശര്‍മ തന്നെ വേണ്ടിവന്നു ഈ കൂട്ടുകെട്ട് ഭേദിക്കാന്‍. 50 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത ടേണറില്‍ ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദാണ് ക്യാച്ചെടുത്ത് മടക്കിയത്.ഇവിടെ നിന്ന് കരകയറാന്‍ പിന്നീട് ഓസ്‌ട്രേലിയക്കു കഴിഞ്ഞില്ല. നാലു റണ്‍ മാത്രമെടുത്ത അലകസ് ഗ്രിഗറിയെ സന്ദീപ് ശര്‍മയുടെ പന്തില്‍ അക്ഷ്ദീപ് നാഥ് മികച്ചൊരു ക്യാച്ചിലൂടെ മടക്കിയപ്പോള്‍ ജോയല്‍ പാരിസ് റണ്ണൊന്നുമെടുക്കാനാവാതെ 49-ാം ഓവറില്‍ റണ്ണൗട്ടായി. അവസാന രണ്ടോവറുകളില്‍ ബൊസിസ്‌റ്റോയും ഗുര്‍വീന്ദര്‍ സന്ധുവും ചേര്‍ന്ന് ഒന്‍പത് പന്തില്‍ നിന്ന് നേടിയ 19 റണ്‍സാണ് ഓസ്‌ട്രേലിയക്ക് പിന്നീട് ആശ്വസിക്കാനുണ്ടായിരുന്നത്. സന്ധു ആറ് പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കമാണ് പത്ത് റണ്‍സ് നേടിയത്. എന്നിട്ടും ബൊസിസ്‌റ്റൊ മറുഭാഗത്ത് വിക്കറ്റു കളയാതെ നിന്നു. 120 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് ക്യാപ്റ്റന്‍ 87 റണ്‍സെടുത്തത്. ലോകകപ്പിലെ ബൊസിസ്‌റ്റോയുടെ ഏറ്റവും മികച്ച സ്‌കോറാണിത്. നേരത്തെ ബംഗ്ലാദേശിനെതിരെ 71 ഉം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 40ഉം അയര്‍ലന്‍ഡിനെതിരെ 36 ഉം റണ്‍സെടുത്തിരുന്നു പതിനെട്ടുകാരനായ ക്യാപ്റ്റന്‍.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: