Pages

Sunday, August 26, 2012

ഓണയാത്രകള്‍ ദുരിത യാത്രയായി മാറരുത്


ഓണയാത്രകള്‍
 ദുരിത യാത്രയായി മാറരുത്
           ഓണക്കാലത്ത് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരാണ് മറുനാടന്‍മലയാളികളില്‍ വലിയൊരു വിഭാഗം. ഗതാഗത സൗകര്യങ്ങളുടെ പരിമിതിമൂലം അവരില്‍ പലരുടെയും ആഗ്രഹം സഫലമാകാറില്ല. മറ്റുചിലരാകട്ടെ നാട്ടിലെത്തി മടങ്ങുന്നത് കടുത്ത യാത്രാക്ലേശം സഹിച്ചാണ്. വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന ഈ സ്ഥിതിവിശേഷത്തിന് ഇത്തവണയും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഓണം പ്രമാണിച്ച് ഓടിക്കുന്ന പ്രത്യേക തീവണ്ടികളില്‍ ദിവസങ്ങള്‍ക്കു മുന്‍പേ റിസര്‍വേഷന്‍ പൂര്‍ത്തിയായി. സ്ഥിരം വണ്ടികളിലും ഏതാണ്ട് ഇതുതന്നെയാണ് സ്ഥിതി. നാട്ടിലെത്താന്‍ സൗകര്യം ലഭിച്ചവരില്‍ പലരും മടക്കയാത്രയ്ക്ക് വലയും. മലയാളികള്‍ ഏറെയുള്ള മറുനാടുകളിലൊന്നായ ചെന്നൈയിലേക്ക് പല വണ്ടികളിലും ഓണം കഴിഞ്ഞുള്ള ദിനങ്ങളിലേക്ക് റിസര്‍വേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കേരളത്തിലേക്ക് കുറച്ച് പ്രത്യേക വണ്ടികളേ അനുവദി ച്ചിട്ടുള്ളൂ. ചില പ്രത്യേക വണ്ടികളാകട്ടെ ഓണത്തിനു ശേഷമാണ് നാട്ടിലെത്തുന്നത്. ഡല്‍ഹിക്കും മുംബൈക്കും സപ്തംബര്‍ ആദ്യവാരം വരെയുള്ള റിസര്‍വേഷനുകള്‍ പൂര്‍ത്തിയായി. ഓണാവധി കഴിഞ്ഞ് വരുന്ന ആദ്യ ഞായറാഴ്ചയായ സപ്തംബര്‍ രണ്ടിലേക്കുള്ള റിസര്‍വേഷന്‍ പലേടത്തും ആഴ്ചകള്‍ക്കുമുന്‍പ് കഴിഞ്ഞു.
റെയില്‍വേ അധികൃതരും സംസ്ഥാന സര്‍ക്കാറും ഗൗരവമായി കാണേണ്ട പ്രശ്‌നമാണിത്. മറുനാട്ടില്‍ ജോലിക്കും പഠനത്തിനും ബിസിനസ്സിനും പോകുന്ന മലയാളികളുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരുന്നു. അതിനനു സരിച്ച് ഓണക്കാലത്ത് തീവണ്ടികളില്‍ തിരക്കേറും. എന്നാല്‍, വേണ്ടത്ര പ്രത്യേക വണ്ടികള്‍ അനുവദിക്കാന്‍ റെയില്‍വേ മടിക്കുന്നു. വണ്ടികളുടെ സമയം, ദിവസം തുടങ്ങിയവ മലയാളി യാത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് വേണ്ടവിധം ക്രമീകരിക്കാനും അധികൃതര്‍ താത്പര്യമെടുത്തു കാണുന്നില്ല. വലിയ ക്ലേശമില്ലാതെ ഓണത്തിന് മുന്‍പായി നാട്ടിലെത്താനും ഓണം കഴിഞ്ഞാല്‍ മടങ്ങാനും കഴിയുംവിധമുള്ള യാത്രാസൗകര്യമാണ് മറുനാടന്‍ മലയാളികള്‍ക്കുവേണ്ടത്. കേരളത്തിലെ ഓണാവധി, മറ്റ് പൊതു അവധികള്‍, വിദ്യാര്‍ഥികളുടെ സൗകര്യം തുടങ്ങിയവയും വണ്ടികള്‍ അനുവദിക്കുമ്പോള്‍ പരിഗണിക്കപ്പെടണം. ഓണക്കാലത്ത് കൂടുതലായി ഏര്‍പ്പെടുത്തുന്ന യാത്രാസൗകര്യങ്ങളെക്കുറിച്ച് വളരെ നേരത്തേതന്നെ അറിയിക്കാവുന്നതാണ്. തിരക്കിനനുസരിച്ച് ഉടന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സംവിധാനം ഉണ്ടാകണം. ഇങ്ങനെ റെയില്‍വേ അധികൃതര്‍ അല്പം ആസൂത്രണത്തോടെയും ആര്‍ജവത്തോടെയും പ്രവര്‍ത്തിച്ചാല്‍ ഓണം മറുനാടന്‍ മലയാളികള്‍ക്ക് യാത്രാക്ലേശത്തിന്റെ കാലമാവില്ല. ഇതിന് റെയില്‍വേയെ പ്രേരിപ്പിക്കാന്‍ ഓരോ കൊല്ലവും നേരത്തേതന്നെ സംസ്ഥാന സര്‍ക്കാറും ജനപ്രതിനിധികളും മുന്‍കൈയെടുക്കണം.
ഓണത്തിന് ബസ്സില്‍ നാട്ടില്‍ വന്നുപോകുന്നവരും ഏറെയുണ്ട്. ഓണക്കാലത്ത് തിരക്കേറുന്നതിനാല്‍ പലര്‍ക്കും സീറ്റ് കിട്ടാതെ വരും. മറുനാടുകളിലെ പ്രധാന നഗരങ്ങളിലേക്ക് ഓണക്കാലത്ത് ആവശ്യാനുസരണം കൂടുതല്‍ ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി. ഓടിക്കണം. ഇവിടത്തെ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഇങ്ങോട്ടും കൂടുതല്‍ ബസ് സര്‍വീസുകള്‍ ഓണക്കാലത്ത് അനുവദിപ്പിക്കാന്‍ കഴിയും. കേരളത്തിനകത്തെ ഗതാഗതക്കുരുക്കും തിരക്കും കുറയ്ക്കാനുതകുന്ന സംവിധാനങ്ങളും ആവശ്യമാണ്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ ശനിയാഴ്ച വാഹനപരിശോധനമൂലം ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. പരിശോധന വേണ്ടതുതന്നെ. വലിയ ഗതാഗതക്കുരുക്കോ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടോ ഉണ്ടാകാത്ത രീതിയിലാണ് അത് നടത്തേണ്ടത്. കേരളത്തിലെ നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം ഓണത്തിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. പോലീസും മറ്റധികൃതരും ഓരോ സ്ഥലത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമുള്ള നടപടികളെടുക്കണം. ഓണാഘോഷത്തിന് പൊലിമ കൂട്ടുന്നതില്‍ സര്‍ക്കാറും വലിയ പങ്കുവഹിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് മതിയായ സൗകര്യങ്ങള്‍ കൂടി ഉറപ്പിക്കാനാവുമ്പോഴേ ആഘോഷം അര്‍ഥവത്താകൂ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: