Pages

Tuesday, August 21, 2012

കേരള ഭാഗ്യക്കുറി തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്


കേരള ഭാഗ്യക്കുറി തകര്‍ക്കാന്‍
ആരെയും  അനുവദിക്കരുത്
കേരള ഭാഗ്യക്കുറി തകര്‍ക്കാന്‍ അന്യസംസ്ഥാന ലോട്ടറി മാഫിയ വീണ്ടും രംഗത്തിറങ്ങിയെന്ന റിപ്പോര്‍ട്ട് സര്‍ക്കാറിനെന്നപോലെ ജനങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരം ഗൂഢശ്രമങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സര്‍ക്കാറും ജനങ്ങളും വഞ്ചിതരാകും. ലോട്ടറി മാഫിയ ഓണ്‍ലൈന്‍ ലോട്ടറി രഹസ്യമായി വില്പന നടത്തുകയും കേരള ലോട്ടറി മറ്റു സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തുകയും ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, മലബാര്‍ മേഖലയില്‍ വ്യാപകമായി ഓണ്‍ലൈന്‍ ലോട്ടറി വില്പനയുള്ളതായാണ് റിപ്പോര്‍ട്ട്. ഫോണ്‍ വഴിയും ഓണ്‍ലൈനായും നമ്പറുകള്‍ നല്‍കിയാണ് വില്പന നടത്തുന്നതത്രേ. കേരള ലോട്ടറി തമിഴ്‌നാടും ജമ്മു-കശ്മീരുമടക്കം ഒട്ടേറേ സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നുണ്ട്. കേരളത്തിന് പുറത്ത് വില്പന നിരോധിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

പാലക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന അന്യസംസ്ഥാന ലോട്ടറി നടത്തി
പ്പുകാരാണ് ടിക്കറ്റുകള്‍ വന്‍തോതില്‍ വാങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ആരംഭിച്ചകാലം മുതല്‍ തന്നെ പ്രചാരവും വിശ്വാസ്യതയും നേടിയിട്ടുള്ളതാണ് കേരള ഭാഗ്യക്കുറി. കൂടുതല്‍ ശ്രദ്ധേയവും വിപുലവുമായതോടെ അതിനെ തകര്‍ക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമമുണ്ടായി. അതിന്റെ തുടര്‍ച്ചയായിത്തന്നെ ലോട്ടറി മാഫിയയുടെ ഇപ്പോഴത്തെ നീക്കത്തെ കാണാം. അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കേരള ലോട്ടറിയുടെ സമ്മാനം നല്‍കാന്‍ വ്യവസ്ഥയില്ലാതിരിക്കെ അവിടങ്ങളില്‍ വ്യാപകമായി ടിക്കറ്റ് വില്‍ക്കുന്നത് കേരള ലോട്ടറിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് തന്നെയാവണം. സമ്മാനം നേടിയ കേരള ലോട്ടറി ടിക്കറ്റുമായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചിലര്‍ എത്തിയതായി ലോട്ടറി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അന്യസംസ്ഥാനങ്ങളിലേക്ക് ലോട്ടറി ടിക്കറ്റുകള്‍ കടത്തുന്നത് തടയാന്‍ എത്രയും വേഗം ഫലപ്രദമായ നടപടികള്‍ എടുക്കണം. ലോട്ടറി വകുപ്പ് നേരിട്ടും ലോട്ടറി മോണിറ്ററിങ് സെല്‍ വഴിയും ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

വന്‍കിട ഏജന്റുമാര്‍ക്കുള്ള ലോട്ടറി ടിക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതും കടത്ത് തടയാന്‍ ലക്ഷ്യമിട്ടാണ്. കേരളലോട്ടറിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മാധ്യമങ്ങളില്‍ പരസ്യം നല്‍കി രാജ്യവ്യാപകമായി പ്രചാരണം നടത്താനും സംസ്ഥാനങ്ങളെ രേഖാമൂലം അറിയിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മാഫിയ ശക്തമാണെങ്കില്‍ ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ സഹകരണം കൂടിയുണ്ടായാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. അതിനുള്ള ശ്രമങ്ങളും സംസ്ഥാനസര്‍ക്കാര്‍ നടത്തണം.

വന്‍കിട ഏജന്റുമാരാണ് ഫലത്തില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന നിയന്ത്രിക്കുന്നത്. ഓരോ ലോട്ടറിയുടെയും ടിക്കറ്റുകള്‍ എത്രവേണമെങ്കിലും വാങ്ങാമെന്നത് ഇവര്‍ക്ക് സഹായകമാകുന്നു. ഇതിന് പരിധി നിശ്ചയിക്കാന്‍ ലോട്ടറി വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. വന്‍കിടക്കാരുടെ ആധിപത്യം കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ ഇതുവഴി സാധിച്ചേക്കും.
 
നറുക്കെടുപ്പിന് 21 ദിവസം മുന്‍പാണ് ഇപ്പോള്‍ ടിക്കറ്റുകള്‍ നല്‍കിവരുന്നത്. ഈ പരിധി 14 ദിവസമായി കുറയ്ക്കാനും തീരുമാനിച്ചു. ടിക്കറ്റുകള്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് ഇതുവഴി നിയന്ത്രിക്കാമെന്ന് ലോട്ടറി വകുപ്പ് കരുതുന്നു. ലോട്ടറി അധികൃതരും പോലീസടക്കമുള്ള വിഭാഗങ്ങളും ജാഗ്രതയോടെ പ്രവര്‍ത്തിച്ചാലേ നിയന്ത്രണങ്ങള്‍ നടപ്പാക്കി ലക്ഷ്യം നേടാനാവൂ. കേരളത്തില്‍ വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വില്പന നടത്തുന്നതായി പ്രചാരണമുണ്ട്.
 അത്തരം ടിക്കറ്റുകള്‍ ഒരിടത്തും കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തിലും ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. ഒറ്റനമ്പര്‍ ലോട്ടറികളുടെയും അന്യസംസ്ഥാന ലോട്ടറികളുടെയും ചൂഷണം കുറേ വര്‍ഷങ്ങളായി കേരളീയരെ വലച്ചിരുന്നു. ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയതോടെ, അടുത്തകാലത്താണ് അത് അവസാനിച്ചത്. ലോട്ടറി മാഫിയയുടെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങളും അധികൃതര്‍ നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിച്ചാല്‍ തടയാനാകും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: