Pages

Tuesday, August 14, 2012

ഉരുള്‍പൊട്ടല്‍ കേരളത്തിന്‍റെ ശാപം


ഉരുള്‍പൊട്ടല്‍ കേരളത്തിന്‍റെ ശാപം


 അമ്പൂരിതൊട്ട് മൂന്നാര്‍ വരെയുള്ള കുന്നിന്‍ പ്രദേശങ്ങളില്‍ എവിടെയെങ്കിലും ഓരോ മഴക്കാലത്തും ഉരുള്‍പൊട്ടുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും കേരളത്തില്‍ സ്ഥിരം വാര്‍ത്തയാണ്. കേരളത്തെ ഏതാണ്ടപ്പാടെ കാലവര്‍ഷം ചതിച്ചെന്നു കരുതിയ ഈ വര്‍ഷവും പുല്ലൂരാം പാറയില്‍ മരണം ഉരുള്‍പൊട്ടിയിറങ്ങി. ഒരു കുടുംബത്തില്‍ നാലു വയസ്സുള്ള കുട്ടിയുള്‍പ്പെടെ അഞ്ചുപേരും പിന്നെ മറ്റു നാലുപേരും മരിച്ചു എന്നാണ് വായിച്ചത്.മരണങ്ങള്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കാണ് കൂടുതല്‍ വാര്‍ത്താപ്രാധാന്യം കിട്ടുന്നതെങ്കിലും മരണം മാത്രമല്ല ഉരുള്‍പൊട്ടലിന്റെ ബാക്കി പത്രം. വീടുകളും റോഡുകളും പാലങ്ങളും പോലെ മനുഷ്യനിര്‍മ്മിതമായ വസ്തുക്കളുടെ നാശം, കൃഷിസ്ഥലത്തിന്റെ ഉപയോഗശൂന്യമാകല്‍ എല്ലാം ഉരുള്‍പൊട്ടലില്‍ നിന്നും സംഭവിക്കാം. മരണം സംഭവിച്ചില്ലെങ്കിലും കോടികളുടെ നഷ്ടമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം കേരളത്തില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്നത്.കുത്തനെയുള്ള കുന്നുകളും പര്‍വ്വതങ്ങളും ഒക്കെയുള്ള രാജ്യങ്ങളില്‍ എല്ലാം സംഭവിക്കുന്ന ഒരു ദുരന്തമാണ് നാം ഉരുള്‍പൊട്ടല്‍ എന്നു വിളിക്കുന്ന് ഡെബ്രി ഫ്ലോ (debris flow). രണ്ടു തരത്തിലാണ് ഇത് സംഭവിക്കാവുന്നത്. തുടരെ തുടരെയുള്ള കനത്ത മഴയില്‍ മലയില്‍ വെള്ളമിറങ്ങി മണ്ണിനടിയില്‍ വെള്ളത്തിന്റെ മര്‍ദ്ദം കൂടുമ്പോള്‍ അസ്ഥിരമായ കുന്നിന്‍ ചെരുവുകള്‍ മൊത്തമായി പൊട്ടി ഒഴുകുന്നു. വലിയകല്ലുകളും മണ്ണും വെള്ളവും ഒക്കെ മണിക്കൂറില്‍ അന്‍പതു കിലോമീറ്ററോ അതില്‍ കൂടുതല്‍ വേഗതയിലോ താഴേക്ക് ഒഴുകുന്നു. ഒഴുക്കിന്റെ പാതയിലുള്ള എന്തിനെയും (വീട്,മരം) അടിച്ചുതെറുപ്പിക്കാനും കുഴിച്ചു മൂടാനും ഇതിനു ശക്തിയുണ്ട്. ഒഴുകി വരുന്ന ഉരുള്‍പൊട്ടലില്‍ നിന്നും ഓടി മാറുക സാധാരണഗതിയില്‍ സാധ്യമല്ല. മണ്ണും കല്ലും മരവും എല്ലാം സ്ലോപ്പുകുറഞ്ഞതോ സമതലമായതോ ആയ ഭാഗത്ത് നിക്ഷേപിക്കപ്പെടുമ്പോഴാണ് ഉരുള്‍പൊട്ടല്‍ അവസാനിക്കുന്നത്. അതിനിടക്ക് വരുത്താനുള്ള നാശമെല്ലാം അത് വരുത്തിക്കാണും. പലപ്പോഴും മീറ്ററുകളോളം ആഴത്തില്‍ ഒരു ഗ്രാമത്തെവരെ കുഴിച്ചുമൂടാന്‍ ഉരുള്‍പൊട്ടലുകള്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ റെസ്‌ക്യൂ പോയിട്ട് റിക്കവറി പോലും പലപ്പോഴും അസാധ്യമാവുകയും ചെയ്യും.മറ്റൊരു തരത്തിലും ഉരുള്‍പൊട്ടല്‍ ഉണ്ടാകാം. (ഇതു സാധാരണ കേരളത്തില്‍ കണ്ടുവരാറില്ല). കുത്തനായ കുന്നിന്റെ അടിവാരത്തിലൂടെയൊ ഇടയിലോ ഒഴുകുന്ന നദി കുന്നിന്റെ അടിവാരത്തെ പതുക്കെ കാര്‍ന്നു തിന്നുമ്പോള്‍ കുന്നിന്‍ ചെരുവുകള്‍ അസ്ഥിരമാകുന്നു. ഇത് ചിലപ്പോള്‍ കുന്നിന്‍ ചെരുവു മൊത്തമായി പുഴയിലേക്ക് ഊര്‍ന്നിറങ്ങാന്‍ കാരണമാകുന്നു. അതിവൃഷ്ടിയും വെള്ളപ്പൊക്കവും ഉള്ള സമയത്താണ് ഇതു സംഭവിക്കുന്നത് എങ്കില്‍ മലയിടിച്ചിലും വെള്ളപ്പൊക്കവും ചേര്‍ന്ന് ഉരുള്‍പൊട്ടിയപോലെ താഴേക്ക് ഒഴുകുന്നു. 

ഉരുള്‍പൊട്ടുന്നതിന് വലിയ മുന്നറിയിപ്പൊന്നും തല്കാലത്തെ സാങ്കേതിക വിദ്യ അനുസരിച്ച് സാധ്യമല്ല. ചെറിയ മുന്നറിയിപ്പുകള്‍കൊണ്ട് ഓടി രക്ഷപ്പെടാനും സാധ്യമല്ല. പക്ഷെ മനുഷ്യര്‍ വിചാരിച്ചാല്‍ ഏറെ നിയന്ത്രിക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടിയുണ്ടാകുന്ന മരണങ്ങള്‍ ആകട്ടെ സമഗ്രമായ ഭൂവിനിയോഗത്തിന്റെ ആസൂത്രണത്തിലൂടെ മിക്കവാറും ഒഴിവാക്കാവുന്നതും ആണ്.
 
 
എവിടെ എപ്പോള്‍ ഉണ്ടാകുമെന്ന് പ്രവചിക്കുക എളുപ്പമല്ലെങ്കിലും ഏതുതരം സ്ഥലങ്ങളില്‍ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടാവുക എന്ന് എളുപ്പത്തില്‍ പറയാം. കുത്തനെയുള്ള കുന്നിന്‍ ചെരുവുകള്‍, മണ്ണും കല്ലും ചേര്‍ന്ന് കിടക്കുന്ന ജിയോളജി, കനത്ത മഴയുണ്ടാകുന്ന പ്രദേശങ്ങള്‍, കാടുകളുടെയും മരങ്ങളുടെയും കുറവ് ഇവയാണ് കേരളത്തില്‍ കണ്ടുവരുന്നതരത്തിലുള്ള ഉരുള്‍പൊട്ടലിന്റെ അടിസ്ഥാനഘടകങ്ങള്‍. ഇപ്പോള്‍ നമുക്ക് ലഭ്യമായ ഉപഗ്രഹചിത്രങ്ങളും മഴയുടെ കണക്കും ഒക്കെ വെച്ച് ഏതുഭാഗങ്ങളില്‍ ആണ് ഉരുള്‍പൊട്ടാനോ മണ്ണോ മലയോ ഇടിയാനോ സാധ്യതയുള്ളത് എന്ന് എളുപ്പത്തില്‍ മാപ്പ് ചെയ്യാവുന്നതാണ്.
 ഉരുള്‍പൊട്ടലിനെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യം ഉള്ളത് ഭൂകമ്പമോ സുനാമിയോ പോലെ അതുണ്ടാകാനുള്ള സാധ്യത കുറക്കാന്‍ (കൂട്ടാനും) നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത കാര്യം അല്ല എന്നതാണ്. കേരളത്തിലുണ്ടാകുന്ന മിക്കവാറു ഉരുള്‍പൊട്ടലും ഒരു പഞ്ചായത്തിനപ്പുറം വ്യാപ്തിയുള്ളതല്ല. പലപ്പോഴും ഒരു വാര്‍ഡിനുള്ളില്‍ ഒതുങ്ങി നില്ക്കുന്നതും ആണ്. അപ്പോള്‍ ഒരു പഞ്ചായത്തിലെ ഭൂവിനിയോഗത്തിന്റെ തീരുമാനങ്ങളില്‍ നിന്നു തന്നെ ഉരുള്‍പൊട്ടല്‍ സാധ്യത കൂട്ടുകയോ കുറക്കുകയോ ചെയ്യാം.കുത്തനെയുള്ളതും മണ്ണും കല്ലും ചേര്‍ന്നു ഭൂപ്രകൃതിയും ഉള്ളകുന്നിന്‍ പ്രദേശങ്ങളിലുണ്ടാകുന്ന എന്തുതരം ഇടപെടലും ഉരുള്‍പൊട്ടലിന്റെ സാധ്യതവര്‍ദ്ധിപ്പിക്കും. ഇത് മരം വെട്ടി കൃഷിഭൂമിയാക്കുന്നതാകാം. മല തുരന്ന് പാറപൊട്ടിക്കുന്ന ക്വാറിയാകാം അശാസ്ത്രീയ മണ്ണെടുക്കുന്നത് ആകാം. മലയിലൂടെ റോഡ് പണിയുന്നതോ വീടുവക്കുന്നതോ ഒക്കെയാകാം. ഈ തീരുമാനങ്ങള്‍ എല്ലാം തന്നെ പഞ്ചായത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണല്ലോ. അപ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിനുമുന്‍പ്, അതുണ്ടാക്കാനിടയുള്ള അപകടസാധ്യതകൂടി മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ അപകടസാധ്യത കൂടുന്നത് ഒഴിവാക്കാംകേരളത്തിലെ മണ്ണിടിച്ചിലിനെയും ഉരുള്‍പൊട്ടലിനെയും പറ്റി സമഗ്രമായ പഠനം നടത്തിയിട്ടുള്ള ഡോക്ടര്‍ ശേഖര്‍ കുര്യാക്കോസ് (തിരുവനന്തപുരത്തെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫസര്‍) പല നിര്‍ണ്ണായകമായ നിഗമനങ്ങളും നടത്തിയിട്ടുണ്ട്. കേരളത്തിലെ മഴയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചില്‍ വന്നിട്ടില്ലെങ്കില്‍ പോലും മരണകാരണമായ മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും എണ്ണം കൂടിവരുന്നു എന്നതാണ് ഒന്ന്. മലകളിലെ വനപ്രദേശങ്ങള്‍ വെട്ടിമാറ്റി തോട്ടങ്ങളും മറ്റുകൃഷിസ്ഥലങ്ങളും ആക്കിയതിന് ഇതില്‍ വലിയ പങ്കുണ്ട്. കുന്നിലും അടിവാരത്തിലും ആളുകളുടെ ആവാസം കൂടിയതും സ്വാഭാവികമായും മരണം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഒറ്റപ്പെട്ട ഒരു കനത്തമഴയിലും കൂടുതല്‍ അപകടകാരിയായത് തോരാതെ മണിക്കൂറുകളോളം ചെയ്യുന്ന മഴയാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു നിഗമനം. അപകടസാധ്യതയുള്ള കുന്നിന്‍പ്രദേശത്തും അടിവാരത്തും താമസിക്കുന്ന ആളുകള്‍ക്ക് ഒരു പരിധിവരെ ഇതൊരു തംപ്‌റൂള്‍ ആയി എടുത്ത് മുന്‍കരുതല്‍ എടുക്കാവുന്നതാണ്.ഉരുള്‍പൊട്ടല്‍ സാധ്യതകൂടിയ സ്ഥലങ്ങളില്‍ അതു കുറക്കാന്‍ സാധിക്കുമോ എന്നതാണ് താല്പര്യമുള്ള അടുത്ത വിഷയം. ആധുനിക ജിയോടെക്‌നിക്കല്‍ എന്‍ജിനീയറിംഗിലെ പലസംവിധാനങ്ങള്‍ വഴി ഉള്ളതാണ് ഒരു മാര്‍ഗം. ചെലവ് ഏറെ കൂടുതല്‍ ആണ്. റോഡോ റെയില്‍വേയോ ഒക്കെപോലെയുള്ള സ്ട്രാറ്റജിക് സംവിധാനങ്ങള്‍ സംരക്ഷിക്കാനേ സാധാരണഗതിയില്‍ അത്ര ചെലവുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുള്ളൂ എന്നാല്‍ മനുഷ്യന്റെ ഇടപെടലുകള്‍ കൊണ്ട് ഉരുള്‍പൊട്ടല്‍ സാധ്യത കൂട്ടിയ സ്ഥലങ്ങള്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ അപഗ്രഥിച്ച് സ്ലോപ്പുകള്‍ കുറച്ചും, വെള്ളം കെട്ടി നിന്നിറങ്ങാന്‍ സാധ്യതയുള്ള മണ്ണിന്റെ കുഴികള്‍ നികത്തിയും മണ്ണിനെ ഉറപ്പിച്ചു നിര്‍ത്തുന്ന പുല്ലും ചെടികളും വന്‍മരങ്ങളും വെച്ചു പിടിപ്പിച്ചും എല്ലാം ഇപ്പോഴുള്ള അപകടസാധ്യത കുറക്കുകയും ചെയ്യുന്ന പരിസ്ഥിതിയോടു ചേര്‍ന്നതാണ് അടുത്ത മാര്‍ഗ്ഗം. ലോകത്തിലെ പല പ്രകൃതിദുരന്തങ്ങളും ഇതുപോലെ പരിസ്ഥിതിയിലുള്ള കൃത്യമായ ഇടപെടലുകളിലൂടെ കുറക്കാമെന്നാണ് പരിസ്ഥിതിയും ദുരന്തനിവാരണവും പ്രൊമോട്ടുചെയ്യുന്നതിനായി സ്ഥാപിക്കപ്പെട്ട അന്താരാഷ്ട്ര കൂട്ടായ്മപറയുന്നത്.

ലോകത്തെ മിക്കവാറും ദുരന്തങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കാനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ജനസാന്ദ്രത കുറച്ചുകൊണ്ടുവരിക എന്നതാണെന്ന് ലോകബാങ്കിന്റെ പ്രശസ്തമായ
  എന്ന പഠനം പറയുന്നത്. ഫാക്ടറികളുടെ അതിരകത്തും സുനാമിയുണ്ടാകുന്ന കടല്‍തീരത്തും വെള്ളം പൊങ്ങുന്ന പുഴയോരത്തും ഒക്കെ വീടുവെച്ചാല്‍ പിന്നെ അപകടം ചോദിച്ചുവാങ്ങലല്ലേ അത്.കേരളം പോലെ ജനസാന്ദ്രത കൂടുതല്‍ ഉള്ള ഒരു സ്ഥലത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ആവാസസാന്ദ്രത കുറയുന്നത് എത്രമാത്രം പ്രായോഗികമാണ് എന്നൊരു ചോദ്യം ഉണ്ട്. അത് ന്യായവുമാണ്. പക്ഷെ കേരളത്തേക്കാള്‍ അപകടസാധ്യതകള്‍ ഉള്ളതും ജനസാന്ദ്രതകൂടിയതും ആയ പലരാജ്യങ്ങളിലും ഇത് ഫലപ്രദമായി പ്രായോഗികമാക്കിയിട്ടുണ്ട്. ജപ്പാനില്‍ കഴിഞ്ഞ വര്‍ഷത്തെ സുനാമിയില്‍ അനവധി ആളുകള്‍ മരിച്ചല്ലോ. വന്‍ജനസാന്ദ്രതയാണ് ജപ്പാന്‍ തീരപ്രദേശങ്ങളില്‍, തീരപ്രദേശത്തു താമസിക്കുന്ന കൂടുതലും പേര്‍ കടലുമായി ബന്ധപ്പെട്ട എന്തെങ്കിലും തൊഴില്‍ ചെയ്യുന്നവരും ആണ്. അവരെ മൊത്തം അവിടെ നിന്നു മാറ്റാന്‍ സ്ഥലത്തിന്റെ അഭാവം മാത്രമല്ല തൊഴില്‍ സ്ഥലത്തുനിന്നും വിച്ഛേദിക്കുക എന്ന പ്രശ്‌നം കൂടിയുണ്ട്. ഈ സങ്കീര്‍ണ്ണമായ പ്രശ്‌നത്തെ തികച്ചും ജനാധിപത്യപരമായി അവിടുത്തെ ഗവണ്‍മെന്റ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ കടലിനോട് ഏറ്റവും അടുത്ത സ്ഥലം ഒരു ഗ്രീന്‍ ബെല്‍ട്ട് ആക്കി മനുഷ്യവാസം തീരെ ഇല്ലാതാക്കുക, അതിനു തൊട്ടുപുറകില്‍ തൊഴില്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക, അതിനും പുറകില്‍ വീടുകള്‍, അതിന്റെ പുറകേ ആശുപത്രിയും മറ്റും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും, ഏറ്റവും പുറകില്‍ സ്‌കൂളുകള്‍, കുട്ടികള്‍ക്കുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെ. അപ്പോള്‍ സുനാമി വരുമ്പോള്‍ ആദ്യം പ്രതിരോധിക്കുന്നത് ഒരു ചെറിയ വനമാണ്. അതും കഴിഞ്ഞ് എത്തിയാല്‍ വസ്തുവകകളാണ് നശിക്കുന്നത്. ആളുകള്‍ തീരെ കുറവ്, ഏറ്റവും പ്രധാനമായത് കുട്ടികള്‍, അതായത് അടുത്ത തലമുറ- അതാണ് ഈ ചിന്തയുടെ പിറകില്‍. കേരളത്തിലെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ പല കാരണങ്ങളാല്‍ സമഗ്രമായ ഒരു ലാന്റ് യൂസ് പ്ലാന്‍ ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷെ ഹൈടെന്‍ഷന്‍ ലൈനിനടുത്തുപോലും രണ്ടു സെന്റ് സ്ഥലമുണ്ടെങ്കില്‍ അവിടെ വീടു വെക്കുന്നതും വീടിനടുത്ത് സ്ഥലമുണ്ടെങ്കില്‍ അവിടെ വര്‍ക്ക്‌ഷോപ്പ് ഉണ്ടാക്കുന്നതും, സ്വതന്ത്രമായി ഒരു മലയുണ്ടെങ്കില്‍ അവിടെ മണ്ണിടിക്കുന്നതും പാറപൊട്ടിക്കുന്നതും എല്ലാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് നാം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ നമ്മളേക്കാള്‍ ഏറെ ജനാധിപത്യപാരമ്പര്യവും പൗരാവകാശ സംരക്ഷണനിയമങ്ങളും ഉള്ള രാജ്യങ്ങളില്‍ പോലും ഭൂമിയുടെ കൈമാറ്റത്തിനും വിനിയോഗത്തിനും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്. തല്കാല സ്വാര്‍ത്ഥ ലാഭം നോക്കാതെ സമൂഹത്തിന്റെ സുസ്ഥിര വികസനം മുന്‍പില്‍ കാണുന്ന ജനങ്ങളും സമൂഹവും ഗവണ്‍മെന്റും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ പരിസ്ഥിതി പ്രശ്‌നങ്ങളും അപകടസാധ്യതയും പരമാവധി ഒഴിവാക്കുന്ന ഒരു സ്ഥലവിനിയോഗപരിപാടി നമുക്ക് ഉണ്ടാക്കാം.
അതുവരെ നിര്‍ഭാഗ്യവശാല്‍ നാം ദുരന്തങ്ങളെപ്പറ്റി കേട്ടുകൊണ്ടിരിക്കേണ്ടിവരും.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: