Pages

Tuesday, August 14, 2012

കേരകര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം


കേരകര്‍ഷകരെ രക്ഷിക്കാന്‍
 സര്‍ക്കാര്‍ തയ്യാറാകണം
വിലത്തകര്‍ച്ചയും ഉത്പാദന, വിപണനരംഗങ്ങളിലെ പ്രശ്‌നങ്ങളുംകാരണം വലയുന്ന കേരകര്‍ഷകരെ  സഹായിക്കാന്‍  സര്‍ക്കാര്‍  തയ്യാറാകണം . പാമോയില്‍ ഇറക്കുമതിയിലെ വര്‍ധന മറ്റൊരു അടിയായി. കഴിഞ്ഞകൊല്ലം ഇക്കാലത്ത് വെളിച്ചെണ്ണ ക്വിന്റലിന് ശരാശരി 10000 രൂപയായിരുന്നുവെങ്കില്‍ ഇപ്പോഴത് താഴ്ന്ന് 6000ത്തിനടുത്തെത്തിയിരിക്കുന്നു. രാജ്യത്ത് ഭക്ഷ്യഎണ്ണക്ഷാമം ഉള്ളതിനാല്‍ വന്‍തോതില്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നതും തമിഴ്‌നാട്ടില്‍ നിന്ന് വെളിച്ചെണ്ണ വരുന്നതുമാണ് ഈ സ്ഥിതിവിശേഷത്തിനു കാരണം. വെളിച്ചെണ്ണവിപണിയെയും കേരകര്‍ഷകരെയും ബാധിക്കുമെന്നതിനാല്‍ പാമോയില്‍ ഇറക്കുമതി നിരോധിക്കുകയോ കാര്യമായി നിയന്ത്രിക്കുകയോ ചെയ്യണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കപ്പെട്ടുപോരുന്നുണ്ട്. എന്നാല്‍, കേരകര്‍ഷകരുടെ താത്പര്യം മാനിക്കാതെ നിയന്ത്രണത്തില്‍ ഇടയ്ക്കിടെ അയവുവരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പാമോയില്‍ ലോബി ഇത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ മുതല്‍ മെയ് വരെ 1084933മെട്രിക്ടണ്‍ പാമോയിലാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് ഇറക്കുമതിചെയ്തതിന്റെ ഇരട്ടിയോളം വരുമിത്. ഈ കാലത്ത് 64692 മെട്രിക് ടണ്‍ പാം കെര്‍ണല്‍ ഓയിലും ഇറക്കുമതിചെയ്തു. പാംകെര്‍ണല്‍ ഓയിലിന് വില കുറവായതിനാല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള വെളിച്ചെണ്ണയില്‍ അത് വന്‍തോതില്‍ കലര്‍ത്തുന്നുണ്ടത്രെ. ഇത് കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതും വെളിച്ചെണ്ണവിപണിയെ ബാധിച്ചു. 

ഇറക്കുമതിയും മായവും വെളിച്ചെണ്ണവില താഴാനിടയാക്കുമ്പോള്‍ കൂടുതല്‍ വിഷമിക്കുന്നത് കേരളത്തിലെ കര്‍ഷകരാണ്. പാമോയില്‍ ഇറക്കുമതി നിയന്ത്രിച്ചാലേ വെളിച്ചെണ്ണവില ഒരു പരിധിവിട്ട് താഴാതിരിക്കൂ. വെളിച്ചെണ്ണയുടെ കയറ്റുമതി നിയന്ത്രിച്ചതും ഫലത്തില്‍ കേരകര്‍ഷകര്‍ക്ക് ദോഷം ചെയ്യുന്നു. നിയന്ത്രണം നീക്കണമെന്ന ആവശ്യവും വാണിജ്യമന്ത്രാലയം അനുവദിച്ചിട്ടില്ല. വിപണിയിലെയെന്നപോലെ സംഭരണരംഗത്തെ സ്ഥിതിയും ഒട്ടും ആശാവഹമല്ല.ഇക്കുറിയും കൊപ്ര സംഭരണം മന്ദഗതിയിലാണ്. ക്രമീകരണങ്ങളും നടപടിക്രമങ്ങളും ന്യായമായ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കിയാലേ സംഭരണം കൊണ്ട് കര്‍ഷകര്‍ക്ക് ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടൂ. ദൗര്‍ഭാഗ്യവശാല്‍, ഇത്തരം കാര്യങ്ങളില്‍ അനുഭവം അധികൃതര്‍ക്കു പാഠമാകുന്നില്ല. കേരളത്തിലെ 30 ലക്ഷത്തിലേറെ വരുന്ന കേരകര്‍ഷകരില്‍ ഭൂരിഭാഗവും ചെറുകിടക്കാരാണ്. സംഭരണസംവിധാനം പാളിയാല്‍ ഏറെ വിഷമിക്കുന്നത് അവരായിരിക്കും. വ്യക്തമായ പദ്ധതി ആവിഷ്‌കരിക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്ത് സംഭരണം കാര്യക്ഷമമാക്കണം.
 
തേങ്ങ സൂക്ഷിക്കാനോ കൊപ്രയാക്കാനോ സൗകര്യമില്ലാത്തവരാണ് തെങ്ങുകൃഷിക്കാരില്‍ അധികം പേരും. അവരുടെ ക്ലേശങ്ങള്‍ കുറയ്ക്കുന്നതിനും അവര്‍ക്ക് വരുമാനം ഉടന്‍ കിട്ടുന്നതിനും വേണ്ടിയാണ് പച്ചത്തേങ്ങ സംഭരണം ആരംഭിച്ചത്. അത് വ്യാപകമാക്കിയിട്ടില്ല. ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങളുള്ള കേരളത്തില്‍ അവയുടെ നേതൃത്വത്തില്‍, പച്ചത്തേങ്ങ സംഭരണത്തിനുള്ള സൗകര്യം എല്ലായിടത്തും ഏര്‍പ്പെടുത്താവുന്നതാണ്. തേങ്ങ ഉണക്കാനുള്ള സംവിധാനം പല സഹകരണ സംഘങ്ങള്‍ക്കും ഇല്ലാത്തത് സംഭരണം മന്ദഗതിയിലാകാനിടയാക്കുന്നുണ്ട്. സംഭരണത്തിന് സന്നദ്ധമാകുന്ന സംഘങ്ങള്‍ ഈ പോരായ്മയും പരിഹരിക്കണം.
 ഏതു കാലാവസ്ഥയിലും ഉത്പന്നം ഉടന്‍ വിറ്റഴിക്കാന്‍ കഴിയുന്ന സ്ഥിതി ഉണ്ടായാലേ കേര കര്‍ഷകര്‍ക്ക് ആശ്വാസമാകൂ. തെങ്ങുകൃഷിക്ക് ചെലവേറിവരുന്നു. തേങ്ങയിടാന്‍ ആളെ കിട്ടാത്തതും കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നം തന്നെ. തെങ്ങുകയറ്റത്തിന് സാങ്കേതിക രീതിയും ആവിഷ്‌കരിച്ച് പ്രചരിപ്പിച്ചുവരുന്നുണ്ട്. ചെലവു
കുറഞ്ഞതും ചെറുകിട കര്‍ഷകര്‍ക്ക് എവിടെയും എപ്പോഴും ലഭ്യമാകുന്നതുമായ സംവിധാനമാണ് വേണ്ടത്.കേരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളെയും നടപടികളെയും ആശ്രയിച്ചിരിക്കുന്നു. പാമോയില്‍ ഇറക്കുമതി, വെളിച്ചെണ്ണ കയറ്റുമതി തുടങ്ങിയവയുടെ കാര്യത്തില്‍, നയങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ കേര കര്‍ഷകരുടെ താത്പര്യം കൂടി പരിഗണിച്ചേ മതിയാകൂ. കൃഷിച്ചെലവിലും മറ്റും ഉണ്ടായ വര്‍ധന കണക്കിലെടുത്ത് താങ്ങുവില ഉയര്‍ത്തുകയും സംഭരണം ഊര്‍ജിതമാക്കുകയും വേണം. കേരകര്‍ഷകരുടെ രക്ഷയ്ക്കായി സ്വന്തം നിലയ്ക്കു ചെയ്യേണ്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാറും വീഴ്ചവരുത്തരുത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: