Pages

Saturday, August 25, 2012

ജനങ്ങളെ സര്‍ക്കാര്‍ഓഫീസുകളില്‍ നെട്ടോട്ടം ഓടിക്കരുത്


ജനങ്ങളെ സര്‍ക്കാര്‍ഓഫീസുകളില്‍
നെട്ടോട്ടം ഓടിക്കരുത്
അധികാരവികേന്ദ്രീകരണത്തിലൂടെ ലക്ഷ്യമിടുന്ന വികസനപരിപാടികളുടെ വിജയം വലിയൊരു പരിധിവരെ ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു. ആനുകൂല്യങ്ങള്‍ക്കും രേഖകള്‍ക്കും മറ്റുമായി ജനങ്ങള്‍ക്ക് പലപ്പോഴും പഞ്ചായത്ത് ഓഫീസുകളില്‍ പോകേണ്ടിവരും. എന്നാല്‍, അവരുടെ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ നടത്തിക്കൊടുക്കാന്‍ കഴിയുന്ന സ്ഥിതിയല്ല പല ഓഫീസുകളിലും ഉള്ളത്. അധികാരവികേന്ദ്രീകരണത്തെത്തുടര്‍ന്ന് കൂടുതല്‍ ഉത്തരവാദിത്വവും വകുപ്പുകളുടെ മേല്‍നോട്ടവും പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുവഴിയുണ്ടായ ജോലിഭാരത്തിനനുസരിച്ച് ജീവനക്കാരില്ലാത്തത് പല ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അധികൃതരുടെ അടിയന്തരശ്രദ്ധ പതിയേണ്ട പ്രശ്‌നമാണിത്. ജീവനക്കാര്‍ വേണ്ടത്രയില്ലെങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചുകിട്ടാന്‍ വൈകും. പല പഞ്ചായത്ത് ഓഫീസുകളിലും ഇത് സംഘര്‍ഷത്തിനുതന്നെ കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ട്. പുതിയ പഞ്ചായത്തീരാജും ജനകീയാസൂത്രണവും വന്നതോടെ ജോലിഭാരം വര്‍ധിച്ചതായി ജീവനക്കാരുടെ സംഘടനകള്‍ പരാതിപ്പെടുന്നു. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷകളുടെ എണ്ണം കൂടിയതും സ്ഥിതി രൂക്ഷമാകാന്‍ ഇടയാക്കി. 
 
തൊഴിലുറപ്പ്പദ്ധതി നടപ്പാക്കുന്നതില്‍ പല പഞ്ചായത്തുകളിലും വീഴ്ചവരുന്നതിനുള്ള കാരണങ്ങളിലൊന്നും ജീവനക്കാരുടെ കുറവാണെന്ന് റിപ്പോര്‍ട്ടുണ്ട്. വ്യക്തമായ പരിശോധനയോ ഫയലോ ഇല്ലാതെ പദ്ധതിയുടെ ഫണ്ടും മറ്റും വ്യാപകമായി വിതരണം ചെയ്യുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. ഇത്തരം വീഴ്ചകള്‍ പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ ബാധിക്കുകയും ചെയ്യും. ആത്യന്തികമായി ഇതിന്റെയും ദുഷ്ഫലം ജനങ്ങളാണ് അനുഭവിക്കേണ്ടിവരിക. പല കാര്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് നേരിട്ട് ഇടപെടേണ്ടി വരുന്നവയാണ് പഞ്ചായത്ത്ഓഫീസുകള്‍. അതുകൊണ്ടുതന്നെ അവിടെ ചിട്ടയായ പ്രവര്‍ത്തനം ഉറപ്പാക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. ജീവനക്കാരുടെ കുറവ് പ്രശ്‌നമാകുന്നുണ്ടെങ്കില്‍ അത് എത്രയും വേഗം പരിഹരിക്കുകതന്നെ വേണം.സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ജനങ്ങള്‍ വലയാതിരിക്കാനാണ് സേവനാവകാശനിയമം കൊണ്ടുവന്നിട്ടുള്ളത്. ഓഫീസുകളില്‍ വേണ്ടത്ര ജീവനക്കാരെ നിയമിക്കുകയും ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താലേ ഈ നിയമവും ഉദ്ദേശിച്ചവിധം പ്രാവര്‍ത്തികമാക്കാനാവൂ. പഞ്ചായത്ത് ഓഫീസുകളില്‍ കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കിയാല്‍ കാലതാമസം ഒഴിവാക്കാം. ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാകാത്തത് ജീവനക്കാരെയെന്നപോലെ ജനങ്ങളെയും വലയ്ക്കുന്നു. ഹൈടെക് യുഗത്തിനനുസൃതമായ വേഗം എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകണം.ജനങ്ങള്‍ക്ക് ഔദ്യോഗികകാര്യങ്ങളില്‍ പലതും പ്രാദേശികതലത്തില്‍ത്തന്നെ സാധിച്ചുകൊടുക്കലും അധികാരവികേന്ദ്രീകരണത്തിന്റെ ലക്ഷ്യമാണ്. ആ നിലയ്ക്ക്, അത്യാധുനികസൗകര്യങ്ങളുടെ കാര്യത്തില്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടണം. ഓഫീസുകളിലെ പരിമിതികള്‍ വികസനപ്രവര്‍ത്തനങ്ങളെയും ബാധിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ അധികാരം നല്‍കിയത് വികസനപദ്ധതികള്‍ക്ക് വേഗം കൂട്ടാനും അവയില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനും വേണ്ടിയാണ്. എന്നാല്‍, ആസൂത്രണത്തിലും നിര്‍വഹണത്തിലും വീഴ്ചകള്‍ പതിവായിരിക്കുന്നു. അഴിമതിയുടെ ദൂഷിതവലയങ്ങള്‍ പലേടത്തും രൂപപ്പെട്ടിട്ടുണ്ട്. അധികാരത്തിന്റെ പേരിലുള്ള ഭിന്നതകളും കാലുമാറ്റവും സാധാരണമായി. ഉറച്ച ഭരണമില്ലാത്ത സ്ഥിതി പലപ്പോഴും പദ്ധതിനിര്‍വഹണത്തെ ബാധിക്കുന്നു. രാഷ്ട്രീയതലത്തില്‍ ആര്‍ജവവും ഇച്ഛാശക്തിയും ഉണ്ടായാല്‍ ഇത്തരം ദുഷ്പ്രവണതകള്‍ ഒഴിവാക്കാം. മാലിന്യം, കുടിവെള്ളക്ഷാമം, ഗതാഗത സൗകര്യക്കുറവ് തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങള്‍ പല പഞ്ചായത്തുകളിലും രൂക്ഷമാണ്. ഇവയെല്ലാം പരിഹരിക്കുകയും ജനങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യണമെങ്കില്‍ പ്രതിബദ്ധതയുള്ള ഭരണവും സുസജ്ജമായ ഓഫീസുകളും വേണം. ഇങ്ങനെ രാഷ്ട്രീയ, ഔദ്യോഗികതലങ്ങള്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിച്ചാലേ അധികാരവികേന്ദ്രീകരണം കൊണ്ട് ഉദ്ദേശിക്കുന്ന ഫലങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടൂ.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: