Pages

Saturday, August 25, 2012

വരാന്‍പോകുന്നപ്രതീക്ഷയുടെ ഓണനാളുകള്‍



വരാന്‍പോകുന്നപ്രതീക്ഷയുടെ
  ഓണനാളുകള്‍

 ആണ്ടിലൊരിക്കല്‍ പാര്‍ശ്വങ്ങളില്‍നിന്ന് പുതുനാമ്പുകള്‍ പൊട്ടിവിടരുന്ന മുളങ്കൂട്ടങ്ങള്‍. ഓരോ തൊടിയുടെയും ഐശ്വര്യമായി, ആവശ്യമായി, മൂലകളിലും വേലിക്കലും സംഗീതം പൊഴിച്ചുകൊണ്ട് കൂട്ടം കൂട്ടമായി നില്‍പ്പുണ്ടാകും. ഓണമെത്താന്‍ ധൃതികൂട്ടുന്ന കുഞ്ഞുങ്ങളോട് മുത്തശ്ശി പറയാറുള്ളത് ആ ഇളംമുളംതണ്ടിന്റെ മുനയില്‍ ഇരുന്ന് കിഴക്കോട്ട് നോക്കിയാല്‍ ഓണത്തിന്റെ വരവ് കാണാമെന്നായിരുന്നു! ആണ്ടിലൊരിക്കല്‍ വിടരുന്നതുകൊണ്ടാകാം 'ആണ്ടാമുള' എന്നാണ് പറയുക. മുളകളില്‍ പുതുകൂമ്പ് പൊട്ടി വിടര്‍ന്നാല്‍ ഓണവും എത്തുകയായി. മഹാബലി ഭൂമിയിലേക്കിറങ്ങുന്നത് പുതുമുളംകൂമ്പിന്റെ മുനയില്‍ ആവണപ്പലകയില്‍ ചവിട്ടിയിട്ടാണെന്ന് നാടകീയമായി പറഞ്ഞ് മുത്തശ്ശി കുട്ടികളെ ഉത്സാഹിപ്പിക്കും. ഓണം വരുന്നത് പൂക്കളുടെയും കായ്കളുടെയും പഴങ്ങളുടെയും നിറവോടുകൂടിയാണ്. തൊടിയിലും വേലിപ്പടര്‍പ്പുകളിലും കുന്നിേലും വയലിലും പൂക്കള്‍ ഒരുങ്ങിനില്‍ക്കും. ധാന്യങ്ങളും കായ്കറികളും സമൃദ്ധമായി ഉണ്ടാവും. വിഷുമുതല്‍ തുടങ്ങുന്ന അധ്വാനത്തിന്റെ 'ഫല'ങ്ങളാണവ. പ്രകൃതിയെ പൂജിച്ച് പ്രസാദിപ്പിച്ച് വിത്തിറക്കുക എന്നതാണ് വിഷുവിന്റെ പ്രത്യേകത. വിഷുവിന് പാടത്തെ വേനല്‍ കായ്കറികളാണെങ്കില്‍ ഓണത്തിന് പച്ചക്കറി കൃഷിചെയ്യുന്നത് തൊടിയിലാണ്. വേനല്‍മഴയ്ക്കുശേഷം കുളിര്‍ത്ത മണ്ണില്‍ മത്തന്‍, കുമ്പളം, പയര്‍, വെണ്ട, വഴുതിന, പച്ചമുളക്, ഇഞ്ചി എന്നിവയുടെ വിത്തുകള്‍ കുത്തിയിടുന്നു. വളമിട്ടും ആവശ്യത്തിനു നനച്ചും അവയെ നന്നായി പരിപാലിക്കും. മത്ത വള്ളികള്‍ ഉയരംകുറഞ്ഞ തൊഴുത്തില്‍ പുറത്തും കയ്യാലപ്പുറത്തും പടിപ്പുരമേലും പടരാന്‍ അനുവദിക്കും. നല്ല നിറമുള്ള പൂക്കളും സമൃദ്ധമായ കായ്കളുമായി കിടക്കുന്ന മത്തപ്പടര്‍പ്പു കാണാന്‍ ഭംഗിയാണ്.മത്തനും പയറുമാണ് ഓണക്കാലത്ത് ഏറ്റവുമധികം വിളയുക. പയര്‍ അറുത്തെടുക്കല്‍ രസകരമായ ഒരു ജോലിതന്നെയാണ്. അനേകം പേര്‍ ചേര്‍ന്നാണ് പയര്‍ നുള്ളാന്‍ ഇറങ്ങുക. പയര്‍ത്തടത്തില്‍ ഇടതിങ്ങിയ ചെടികള്‍ വകഞ്ഞുമാറ്റി നടക്കുന്നതിനിടയില്‍ മുണ്ട് മാടിക്കുത്തിയതിലേക്കാണ് പയര്‍ നുള്ളിയിടുക. പിന്നീട് അവ ഉമ്മറത്തുകൊണ്ടുവന്ന് കൂമ്പാരമായി ചൊരിയും. ഉണങ്ങിയവ, മൂത്തവ, പകുതി മൂപ്പെത്തിയവ, ഇളംപിഞ്ച് എന്നിങ്ങനെ പയര്‍ തരംതിരിക്കുന്ന ജോലിയില്‍ എല്ലാവരുംകൂടി മുഴുകും. വിത്തിനുള്ളത്, ഉണക്കപ്പയറിനുള്ളത്, കൊണ്ടാട്ടം ഉണ്ടാക്കാനുള്ളത് മെഴുക്കുപുരട്ടിക്ക് ഇളംപയറും മണിയും ചേര്‍ന്നത് എന്നിങ്ങനെയാണ് തരംതിരിക്കല്‍. കുട്ടികള്‍ ഉത്സാഹത്തോടെ ഇതില്‍ പങ്കെടുക്കും. 'പയറാവാ പലരാവാ തിന്നാന്‍ ഞാന്‍തന്നെയാവാ' എന്നാണ് പയറുമെഴുക്കുപുരട്ടിയുടെ സ്വാദിനെപ്പറ്റിയുള്ള ഒരു ചൊല്ല്. കായ്കറികള്‍ സമൃദ്ധമായി ഉണ്ടാവുമ്പോള്‍ അവ അയല്‍ ക്കാര്‍ക്കും ബന്ധുക്കള്‍ക്കും പങ്കുവെക്കുന്ന സൗഹൃദവും അന്നുണ്ടായിരുന്നു. ധാരാളമായി വിളയുന്ന മത്തന്‍ ഉറിയില്‍ സൂക്ഷിക്കും. വലിയ കമ്പക്കയറുകൊണ്ടാണ് ഉറി ഉണ്ടാക്കുക. ഒരു മത്തങ്ങ ഉറിയില്‍ ഏറ്റവും അടിയില്‍വെച്ച് മുകളില്‍ ചൂടികൊണ്ട് ഇടക്കെട്ടുകെട്ടും. മുകളിലോട്ട് ആറോ ഏഴോ മത്തങ്ങ വരെ വെക്കാവുന്ന രീതിയിലാണ് ഉറി കെട്ടുക. വളരെക്കാലം അവ കേടുകൂടാതെ ഇരിക്കും.

നേന്ത്രക്കുലകള്‍ ഓണത്തിനു പാകമാവാന്‍വേണ്ടി കൃത്യസമയത്താണ് തലേ വര്‍ഷം നട്ടിട്ടുണ്ടാവുക. അന്നൊക്കെ ഓണത്തിന്റെ മാത്രം വിഭവമായിരുന്നു നേന്ത്രക്കായ്. ഓണസദ്യയ്ക്ക് പ്രധാനമായ ചേന തികഞ്ഞ മൂപ്പെത്തിയിട്ടുണ്ടാവില്ലെങ്കിലും ആവശ്യത്തിന് കിളച്ചെടുക്കും.
വിഷു കഴിഞ്ഞ് ശുഭമുഹൂര്‍ത്തം നോക്കി വിതയ്ക്കുന്ന നെല്ല് ഓണക്കാലമാകുമ്പോഴേക്കും ഏറെക്കുറേ കൊയ്തിരിക്കും. മഴ ഒഴിഞ്ഞ് വെയില്‍ പരക്കാന്‍ തുടങ്ങുമ്പോള്‍ മുറ്റത്തും അകത്തളങ്ങളിലും സ്വര്‍ണനിറമാര്‍ന്ന പൊന്നാര്യന്‍ നെല്ല് അളന്നുകൂട്ടിയിരിക്കും. കൃഷിപ്പണിക്കാര്‍ക്കും മറ്റു ജോലിക്കാര്‍ക്കും ഓണമുണ്ണാന്‍ നെല്ല് സുലഭമായി അളന്നുകൊടുക്കും.കര്‍ക്കടകം ദുര്‍ഘടം എന്നാണ് പറയാറ്. ആ ദുരിതകാലത്തിനിടയിലും ചിങ്ങത്തിന്റെ സൗഭാഗ്യങ്ങള്‍ക്കായുള്ള ചില തെയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നു. കള്ളക്കര്‍ക്കടകം പക്ഷേ, വീട്ടിലിരിക്കുന്ന സ്ത്രീ കള്‍ക്ക് ചില നകള്‍ ചെയ്തു. ചില സൗന്ദര്യശുശ്രൂഷകള്‍, ആരോഗ്യ ശ്രദ്ധകള്‍ എന്നിങ്ങനെ.

രാവിലെ പച്ചമഞ്ഞളും ആവണക്കിന്‍കുരുവും കല്‍പ്പടവില്‍ ഉടച്ച് മുഖത്തു തേച്ചാണ് കുളി. കുളികഴിഞ്ഞ് എത്തിയാല്‍ കണ്ണെഴുതി, ചന്ദനം കുറി വരച്ച് ദശപുഷ്പക്കെട്ട് തലയില്‍ ചൂടണം. കറുക, ചെറൂള, പൂവാങ്കുരുന്നില, കൃഷ്ണക്രാന്തി, മുക്കുറ്റി, മോഷമി, നിലപ്പന, കയ്യോന്നി, ഉഴിഞ്ഞ, തിരുതാളി എന്നിങ്ങനെ പത്ത് സസ്യങ്ങളുടെ ഔഷധസുഗന്ധം ഉച്ചവരെ തലയിലും മനസ്സിലും കൊണ്ടുനടക്കും. 'പത്തില ചൂടി പത്തില തിന്ന്' എന്ന് പണ്ടുള്ളവര്‍ പറഞ്ഞതിന് അര്‍ഥമുണ്ടാവും. മുരിങ്ങയില ഒഴിച്ച് താള്, തകര, തഴുതാമ, മത്തന്‍, പയര്‍, ചേന, ചേമ്പ്, ചീര തുടങ്ങി പത്തുതരം ഇലകള്‍ കര്‍ക്കടക ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയത് ദഹനവ്യവസ്ഥയെ ക്രമീകരിക്കാനാവാം. ഉണക്കലരി കുത്തിയെടുക്കുമ്പോള്‍ കിട്ടുന്ന നേര്‍ത്ത് ചുവപ്പുരാശിയുള്ള തവിട് ശര്‍ക്കരയും ഉപ്പും ചേര്‍ത്ത് കുഴച്ച് ഇലയില്‍ പരത്തി കനലില്‍ ചുട്ടെടുക്കുന്ന കനകപ്പം കര്‍ക്കടകമാസത്തില്‍ ദിവസവും തിന്നണമെന്ന് നിര്‍ബന്ധമായിരുന്നു. വിറ്റാമിന്‍ നിറഞ്ഞ തവിടിന് കനകപ്പൊടി എന്ന പേര് എത്ര അന്വര്‍ഥമാണ്! ആഴ്ചയില്‍ രണ്ടുദിവസം മൈലാഞ്ചിയിടണം എന്നു ശാസിച്ചിരുന്നത് വിട്ടുമാറാത്ത മഴയില്‍ കുതിര്‍ന്ന തറയില്‍ നടക്കുമ്പോഴും കൈ നനച്ച് ജോലി ചെയ്യുമ്പോഴും കൈകാലുകള്‍ക്ക് അണുവിമുക്തമായ സംരക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കാം. കര്‍ക്കടകം പതിനാറാം നാള്‍ ശുദ്ധി ചെയ്യാത്ത, വീര്യമുള്ള കൊടുവേലിക്കിഴങ്ങ് മണ്ണില്‍നിന്ന് പറിച്ചെടുത്ത് ഉടനെ കഴുകി അരച്ച് സമം നെയ്യുചേര്‍ത്ത് കഴിക്കുന്ന ഔഷധസേവ ഏതു വിഷാംശത്തെയും കളഞ്ഞ് ശരീരം ശുദ്ധീകരിക്കാനുതകുന്നു. ഏതായാലും ഓണമെത്തുമ്പോഴേക്കും സ്ത്രീകളുടെ ആരോഗ്യവും സൗന്ദര്യവും പ്രകാശമാനമാകും.ഓണം വരാന്‍ കാത്തിരിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്ന ഏറ്റവും കൗതുകമുള്ള ഒരു സമ്മാനം 'പൂവട്ടി'യാണ്. ആശാരിവീട്ടിലെ സ്ത്രീകളാണ് ഇതു കൊണ്ടുവന്ന് കുട്ടികളെ സന്തോഷിപ്പിക്കുക. നേര്‍ത്ത് മിനുസമുള്ള കൈതയോലകൊണ്ട് മെടഞ്ഞ ചെറിയ ചതുരച്ചെപ്പുപോലുള്ള ഈ പൂക്കൂടകള്‍ക്ക് നീണ്ട ഒരു വള്ളിയുമുണ്ടാവും. അത് കഴുത്തില്‍ ഞാത്തിയിട്ടാണ് അത്തം മുതല്‍ ഞങ്ങള്‍ പൂ പറിക്കാനിറങ്ങുക. ഇല്ലത്തുള്ളവര്‍ക്കും വിരുന്നുവന്നവര്‍ക്കും ഇരിക്കണമ്മമാരുടെ കുട്ടികള്‍ക്കും എല്ലാവര്‍ക്കും കിട്ടും ഓരോന്ന്. ഓണം കഴിഞ്ഞാലും കുറേ നാള്‍കൂടി ഈ സമ്മാനം ഞങ്ങള്‍ സൂക്ഷിക്കും.പക്ഷേ, വിസ്തരിച്ച് കലാപരമായി പൂവിടുന്ന സമ്പ്രദായമൊന്നും അന്ന് ഇല്ലത്ത് ഇല്ലായിരുന്നു. തൃക്കാക്കരയപ്പനെ നടുമുറ്റത്തുവെച്ച് പൂജിക്കലാണ് പ്രധാന ചടങ്ങ്. നടുവില്‍ മഹാബലിയും ഇരുവശങ്ങളിലും തൃക്കാക്കരയപ്പനുമായി, അരിമാവ് അണിഞ്ഞ് ഭംഗിയായി ഒരുക്കും. ബിംബം ഉരുട്ടിയെടുക്കുമ്പോള്‍തന്നെ ഈര്‍ക്കില്‍കൊണ്ട് തുളച്ച ദ്വാരത്തില്‍ തുളസിക്കതിരും അലരി, ചെമ്പരത്തി, കോളാമ്പി എന്നീ പൂക്കളും കമ്പോടെ ഒടിച്ചു കുത്തിനിര്‍ത്തും. ഈര്‍ക്കിലയില്‍ കോര്‍ത്ത മത്തപ്പൂവും ചൂടിക്കും. പാടത്തും പറമ്പിലും നടന്ന് ശേഖരിക്കുന്ന തുമ്പപ്പൂ ഈ ബിംബങ്ങള്‍ക്ക് മുന്നില്‍ ധാരാളമായി ചൊരിയും. ഇരിക്കണമ്മമാരുടെ മക്കള്‍, ഞങ്ങളുടെ കളിക്കൂട്ടുകാര്‍ അവരുടെ വീടുകളില്‍ വിവിധ വര്‍ണപ്പൂക്കളമിടുമ്പോള്‍ ഞങ്ങള്‍ ഈ അനുഷ്ഠാനംകൊണ്ട് തൃപ്തിയടയും. തുമ്പപ്പൂ ശേഖരിക്കുവാന്‍ ഈ കൂട്ടുകാരാണ് ഞങ്ങളെ സഹായിക്കുക. അമ്മ അവര്‍ക്കെല്ലാം ഓണപ്പുടവ സമ്മാനമായി നല്‍കുകയും ചെയ്യും.കലവറപ്പൂമുഖത്തിന്റെ തൊട്ടടുത്ത വിശാലമായ തളത്തില്‍നിന്ന് വരുന്ന ഒരു സുഗന്ധമാണ് ഓണത്തെക്കുറിച്ചുള്ള നല്ല ഓര്‍മകളില്‍ മറ്റൊന്ന്. അത്തം കഴിഞ്ഞ് രണ്ടുനാള്‍ക്കകം ആ അകം പലതരം വസ്ത്രങ്ങള്‍കൊണ്ട് നിറയും. ഇല്ലത്തുള്ളവര്‍ക്കും മറ്റെല്ലാവര്‍ക്കുമായി നല്‍കാനുള്ള ഓണപ്പുടവകളുടെ കെട്ടുകളാണവ. അന്തര്‍ജ്ജനങ്ങള്‍ക്കും പെണ്‍കിടാങ്ങള്‍ക്കും ഉടുക്കുവാനുള്ള പ്രത്യേകതരം ഇണമുണ്ടുകള്‍ പട്ടാമ്പിയിലെ വസ്ത്രവ്യാപാരി വീരമണിസ്വാമിയാണ് കാളവണ്ടിയില്‍ എത്തിച്ചിരുന്നത്. ഒരു വര്‍ഷത്തേക്ക്, ഇല്ലത്തെ അമ്മമാര്‍ക്കും സഹായികളായവര്‍ക്കും ഓണക്കാലങ്ങളില്‍ വരുന്ന സന്ദര്‍ശകര്‍ക്കും വേണ്ടതെല്ലാം അതില്‍പ്പെടും. നമ്പൂതിരിമാര്‍ക്കുള്ള കൈത്തറി മുണ്ടും തോര്‍ത്തും നെയ്ത്തുശാലയില്‍നിന്ന് നേരിട്ട് എത്തിച്ചിരിക്കും. കാര്യസ്ഥാര്‍ക്കും മറ്റു പ്രമാണിമാര്‍ക്കും മില്‍ ത്തുണി പാലക്കാട്ടുനിന്നാണ് വരുത്തുക. പൂരാടത്തിന്‍നാള്‍ കാര്യസ്ഥാര്‍ മുണ്ടിന്‍കെട്ടുകളഴിച്ച് ഓരോരുത്തര്‍ക്കുള്ളത് തരംതിരിച്ച് അടുക്കും. അറ്റം മുറിച്ച് വലിച്ചുകീറുമ്പോള്‍ ഉണ്ടാകുന്ന 'ക്‌റേ... ക്‌റേ...' ശബ്ദംകൊണ്ട് തളം മുഖരിതമാകും. പുതുവസ്ത്രം നിവര്‍ത്തുമ്പോള്‍ പടരുന്ന ഗന്ധം ആസ്വദിക്കാനായി ഞങ്ങള്‍ കുട്ടികള്‍ വെറുതെ ആ മുറിയില്‍ കയറിയിറങ്ങും.കരയുടെ നിറമൊഴിച്ചാല്‍ മറ്റെല്ലാം കോടിയോ ശുഭ്രവര്‍ണമോ മാത്രമുള്ള ഒരു വസ്ത്രലോകമായിരുന്നു അത്. നിറമുള്ള ഒരു തുണി പോലും അന്ന് അത്യാവശ്യമായിരുന്നില്ല.
ഉത്രാടത്തിന്‍നാളാണ് ഓണപ്പുടവ കൊടുത്തുതുടങ്ങുക. ഗ്രാമീണ ആചാരങ്ങള്‍ക്കനുസരിച്ച് ഓരോ വിഭാഗം തൊഴിലുകാരും അവരുടെ കരകൗശലവസ്തുക്കള്‍-മരികയും കയിലും പിന്നെ ആണ്‍കുട്ടികള്‍ ഓരോരുത്തര്‍ക്കും ഓണവില്ല്, കാളക്കൊമ്പിന്റെ പിടിയുള്ള ചെറിയ പിശാങ്കത്തി, ഭംഗിയുള്ള കൊച്ച് ഉരുളികളും ഓടങ്ങളും, പെണ്‍കിടാങ്ങള്‍ക്ക് വെള്ളി മോതിരം എന്നിങ്ങനെ കാഴ്ച കൊണ്ടുവരുമ്പോള്‍ അവര്‍ക്കെല്ലാം നല്‍കാന്‍ ഓണപ്പുടവയും തയ്യാറായിരിക്കും. പാട്ടക്കരാറില്‍ 'ഓണത്തിന് പത്ത് നേന്ത്രക്കായ്ക്കുല' എന്നുപോലും ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. വാഴക്കുല കൊണ്ടുവരുന്നവര്‍ മുണ്ടുമായാണ് മടങ്ങുക. ഇത്തരം കൊടുക്കല്‍ വാങ്ങലുകളില്‍ സൗഹൃദത്തിന്റെയും രക്ഷാഭാവത്തിന്റെയും സുഖവും സന്തോഷവും ഉണ്ടായിരുന്നു.ഒമ്പതുവയസ്സുവരെ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഓണപ്പുടവ കൈ നീട്ടി വാങ്ങേണ്ട കാര്യമുണ്ടായിരുന്നില്ല. 'വേഗം വലുതാവണേ' എന്നു മോഹിച്ചുപോകുന്ന ഒരു കാലമാണത്. ഒരു സ്ത്രീക്ക് അനുവദിച്ച് തന്നിരുന്ന അവകാശങ്ങള്‍ക്കായുള്ള കാത്തിരിപ്പ്. മുതിര്‍ന്ന ഓരോ സ്ത്രീക്കും 12 ഇണമുണ്ടുകളും നാലു തോര്‍ത്തും ഒരു കസവുപുടവയുമാണ് ലഭിക്കുക. അത് എണ്ണി തിട്ടപ്പെടുത്തി തെക്കിനിയില്‍ ചെറിയ കെട്ടുകളാക്കി നിരത്തിവെച്ചത് ഓരോരുത്തരും ചെന്നെടുക്കും. ഇല്ലത്തെ അമ്മമാര്‍ക്ക്, സഹായികളായി പാര്‍ക്കുന്നവര്‍ക്ക് എന്ന വേര്‍തിരിവൊന്നും ഇല്ലായിരുന്നു. എല്ലാവര്‍ക്കും ഒരുപോലെ എന്ന ചിന്തയായിരുന്നു. ഓണപ്പുടവ എന്ന വാക്കിനുതന്നെ വലിയ അര്‍ഥവ്യാപ്തി ഉണ്ടായിരുന്നു. ഏതുതരം ഉപഹാരങ്ങള്‍ക്കും - അത് വസ്ത്രമായാലും പണമായാലും 'ഓണപ്പുടവ' എന്ന വാക്കാണ് അന്ന് ഉപയോഗിച്ചിരുന്നത് എന്നത് കൗതുകകരമാണ്.അന്ന് പാടിനടന്ന ഒരു പാട്ടുണ്ട്. അതില്‍ ഓരോതരം മുണ്ടിന്റെയും പ്രത്യേകതയുണ്ട്.
ഒണക്കാലമടുത്തുവല്ലോ
വേണം നല്ലൊരു ഓണക്കോടി
അച്ഛന്‍ തരുമെനിക്കോണപ്പുട
അത്ഭുതമായൊരു 'നാമക്കര'
അമ്മാമന്‍ നല്ലോ'രറുത്തുകെട്ടി'
സമ്മാനമായിത്തരുമെനിക്ക്.
സോദരന്‍ നല്ലോരു 'രത്‌നാവലി'
ആദരവോടെ തരുമെനിക്ക്
മുത്തശ്ശന്‍ നല്ലോരു 'മുത്തുകര'
മൂലത്തിന്‍നാളേ തരുമെനിക്ക്
വല്ലഭന്‍ നല്ല 'കസവുകര'
വല്ലപ്രകാരം തരുമെനിക്ക്.
ഇങ്ങനെ സ്വപ്‌നം കണ്ട് ഓണത്തെ കാത്തിരുന്നവര്‍ അന്നു ധാരാളമായിരുന്നു; സദ്യയുടെ ഇഷ്ടരുചികളും കൈകൊട്ടിക്കളിയുടെ ആരവവും കൊണ്ടുവരുന്ന ഒരു ഓണത്തിനായി കണ്ണും മനസ്സും തുറന്ന് കാത്തിരുന്നവര്‍.

                പ്രൊഫ്. ജോണ്‍ കുരാക്കാര്‍


Happy Onam

No comments: