Pages

Wednesday, August 1, 2012

തുടരെത്തുടരെ ഉണ്ടാകുന്ന തീവണ്ടി അപകടം .


തുടരെത്തുടരെ  ഉണ്ടാകുന്ന
തീവണ്ടി  അപകടം .

നെല്ലൂരിനടുത്തുണ്ടായ തീവണ്ടിയപകടം സൃഷ്ടിച്ച നടുക്കത്തില്‍ നിന്ന് രാജ്യം ഇനിയും മോചിതമായിട്ടില്ല. യാത്രക്കാരുടെ പണത്തിനല്ലാതെ ജീവന് റെയില്‍വേ വിലകല്പിക്കുന്നില്ലെന്ന തോന്നലാണ് ഈ ദുരന്തം ഉണ്ടാക്കുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് എക്‌സ്പ്രസ്സിന്റെ ബോഗി കത്തി ഒട്ടേറെ യാത്രക്കാര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷയുടെ കാര്യത്തില്‍ അടുത്തകാലത്തായി കുപ്രസിദ്ധിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ റെയില്‍വേക്ക് മറ്റൊരപമാനമായി ഈ ദുരന്തം. ബോഗിയില്‍ തീപടര്‍ന്നശേഷവും തീവണ്ടി അതിവേഗം ഓടിക്കൊണ്ടിരുന്നുവത്രേ. യാത്രക്കാരില്‍ ചിലര്‍ ചങ്ങല വലിച്ചതിനെത്തുടര്‍ന്നാണ് വണ്ടി നിര്‍ത്തിയത്. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളാനാവില്ലെന്ന് കേന്ദ്ര റെയില്‍വേമന്ത്രി മുകുള്‍ റോയ് പറയുന്നു. അതെന്തായാലും, സുരക്ഷാവീഴ്ചകള്‍ തന്നെയാണ് അപകടത്തിനിടയാക്കിയിരിക്കുന്നത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമികനിഗമനം. അങ്ങനെയെങ്കില്‍ ബോഗികളിലെ വൈദ്യുതിസംവിധാനങ്ങളുടെ കാര്യത്തില്‍ പ്രാഥമികമായ മുന്‍കരുതലുകളും അറ്റകുറ്റപ്പണികളും ഉണ്ടാകുന്നില്ലന്നാണ് വ്യക്തമാകുന്നത്. ക്ഷമിക്കാനാവാത്തതാണ് ഇത്തരം വീഴ്ചകള്‍. 

ജീവനക്കാരുടെ കുറവ്, പിഴവ്, സാങ്കേതികത്തകരാറുകള്‍, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവ ചിലപ്പോള്‍ അപകടത്തിനു വഴിവെച്ചേക്കാം. തീവണ്ടിക്ക് തീപിടിക്കുകയും അതില്‍ ഇത്രയേറെ ആളുകള്‍ മരിക്കുകയും ചെയ്യുന്നത് അസാധാരണമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്, സെക്കന്തരാബാദില്‍ നിന്ന് കാക്കിനഡയിലേക്കുപോയ ഗൗതമി എക്‌സ്പ്രസ്സിനു തീപിടിച്ചപ്പോള്‍ 30ലേറെ യാത്രക്കാരാണ് മരിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അന്നത്തെ അപകടത്തിനും കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത്തരം തീപ്പിടത്തങ്ങള്‍, സുരക്ഷാകാര്യത്തിലുള്ള കടുത്ത അനാസ്ഥയുടെ ദുഷ്ഫലംതന്നെയാണ്. ഇതുപോലുള്ള വീഴ്ചകള്‍ക്കുത്തരവാദികളായവര്‍ യാത്രക്കാരെ കൂട്ടക്കൊല ചെയ്യുന്ന സാഹചര്യമാണ് ഒരുക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ അടുത്തകാലത്തായി ഗണ്യമായ പുരാഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ അത്യാധുനിക സാങ്കേതികവിദ്യകളും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തി സുരക്ഷയുടെ കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്താന്‍ റെയില്‍വേ അധികൃതര്‍ മടിക്കുന്നു. ഒരേതരത്തിലുള്ള പിഴവുകള്‍ പലപ്പോഴും ആവര്‍ത്തിക്കുന്നു. യാത്രക്കാരുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നവയായതിനാല്‍ ഇത്തരം പിഴവുകളെ ഗൗരവമായിത്തന്നെ അധികൃതര്‍ കാണണം. ദുരന്തങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനുകള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പല ശുപാര്‍ശകളും സമര്‍പ്പിക്കാറുണ്ട്. അവ കര്‍ശനമായി നടപ്പാക്കാന്‍ റെയില്‍വേ അധികൃതര്‍ താത്പര്യം കാണിക്കാറില്ല. ഇതും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുന്നുണ്ട്.
 

സുരക്ഷ ഉറപ്പാക്കുമെന്ന റെയില്‍വേ മന്ത്രിയടക്കമുള്ള അധികൃതരുടെ വാഗ്ദാനങ്ങള്‍ പാഴാകുമ്പോള്‍ യാത്രക്കാര്‍ ആശങ്കയിലാകുന്നു. അസൗകര്യങ്ങള്‍ സഹിച്ച് അപകടഭീതിയോടെ യാത്രചെയ്യേണ്ടിവരുന്ന സ്ഥിതി റെയില്‍വേ, കൈവരിച്ചിട്ടുള്ള മറ്റ് നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കും. തീവണ്ടികളില്‍ യാത്രക്കാര്‍ കൊള്ളയടിക്കപ്പെടുന്നത് സാധാരണമായിരിക്കുന്നു. യാത്രക്കാരികള്‍ അപമാനിക്കപ്പെടുകയും അതിനിടയില്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളും ഒട്ടേറെയുണ്ടായി. സ്ഥിരം കുറ്റവാളികള്‍ ദീര്‍ഘദൂരവണ്ടികളിലെ യാത്രക്കാര്‍ക്ക് പലപ്പോഴും ഭീഷണിയാകുന്നു. സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതയുള്ള ഉദ്യോഗസ്ഥര്‍തന്നെ യാത്രക്കാരികളെ അപമാനിക്കുന്നതും നമ്മുടെ തീവണ്ടികളില്‍ അസാധാരണമല്ല. പഴകിയ ബോഗികളും ശുചിത്വം കുറഞ്ഞ ടോയ്‌ലറ്റുകളുമാണ് പല വണ്ടികളിലുമുള്ളത്. ഇതിനിടെ, അപകടങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും ദുരന്തത്തെക്കുറിച്ച് അന്വേഷണവും പ്രഖ്യാപിക്കുന്നതോടെ തങ്ങളുടെ ചുമതല തീരുന്നില്ല എന്ന് റെയില്‍വേ മന്ത്രിയും മറ്റ് അധികൃതരും മനസ്സിലാക്കണം. സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്‌തേ മതിയാകൂ. ഈ ദുരന്തമെങ്കിലും ഇക്കാര്യത്തില്‍ റെയില്‍വേക്ക് പാഠമാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: