Pages

Tuesday, July 31, 2012

വൈദ്യുതി: ബദല്‍സാധ്യത പ്രയോജനപ്പെടുത്തണം


വൈദ്യുതി: ബദല്‍സാധ്യത പ്രയോജനപ്പെടുത്തണം

ജലവൈദ്യുത പദ്ധതികളെമാത്രം ആശ്രയിച്ചാല്‍ ഊര്‍ജാവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളുടെയും അനുഭവങ്ങള്‍ തെളിയിക്കുന്നു. ഇക്കൊല്ലം മഴകുറഞ്ഞത് ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലാണെങ്കില്‍ ജലവൈദ്യുതപദ്ധതികളില്‍ പലതിന്റെയും ഉത്പാദനശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ജലലഭ്യത കുറഞ്ഞാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. പാരിസ്ഥിതികപ്രശ്‌നങ്ങള്‍കാരണം ജലവൈദ്യുത പദ്ധതികള്‍ക്ക് നിയന്ത്രണം വേണമെന്ന നിലപാടും പ്രബലമായിട്ടുണ്ട്. വൈദ്യുതി ഉപയോഗം അനുദിനമെന്നോണം കൂടിവരികയുമാണ്. ഈ സാഹചര്യത്തില്‍, ഊര്‍ജോത്പാദനത്തിന് ബദല്‍മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. അവയില്‍ ഏറെ പ്രായോഗികമായത് സൗരവൈദ്യുതി ഉത്പാദനമാണ്. മാതൃഭൂമി ഈയിടെ പ്രസിദ്ധപ്പെടുത്തിയ 'ഇനിയും ഉദിക്കാത്ത സൗരവൈദ്യുതി' എന്ന പരമ്പരയില്‍ ഇതിനുള്ള സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

മറ്റ് വൈദ്യുത പദ്ധതികള്‍ പണിതീര്‍ത്ത് കമ്മീഷന്‍ചെയ്യാന്‍ പത്തുവര്‍ഷത്തോളം വേണമെങ്കില്‍ സൗരപദ്ധതിക്ക് പരമാവധി ആറുമാസം മതി. ഉത്പാദനച്ചെലവ് അടുത്തകാലത്തായി അറുപതുശതമാനത്തോളം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പല അയല്‍സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഇവയെല്ലാം കണക്കിലെടുത്ത് സൗരവൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ വേണ്ടതെല്ലാം സംസ്ഥാനസര്‍ക്കാര്‍ ചെയ്യണം. സംസ്ഥാനത്തെ 10000 വീടുകളില്‍ സോളാര്‍പാനല്‍ സ്ഥാപിച്ച് 10 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി വൈദ്യുതിവകുപ്പ് പ്രഖ്യാപിച്ചിരുന്നു. സബ്‌സിഡി സംബന്ധിച്ചുള്ള അവ്യക്തതകളും മറ്റും നീക്കി ഫലപ്രദമായി നടപ്പാക്കിയാല്‍ ഈ രംഗത്തെ ശ്രദ്ധേയമായ തുടക്കമാകും ഇത് .സൂര്യതാപത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിച്ചാല്‍ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപയോഗം കാര്യമായി കുറയ്ക്കാം. കര്‍ണാടകസര്‍ക്കാര്‍ ഇതിനായി നിയമംതന്നെ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തില്‍ വൈദ്യുതിബോര്‍ഡ് നല്‍കുന്ന വൈദ്യുതിയും സൗരവൈദ്യുതിയും ഉള്‍പ്പെടുത്തിയിട്ടുള്ള വിനിയോഗരീതിയും സംവിധാനവും വീടുകളില്‍ ഏര്‍പ്പെടുത്തുന്നതാവും ഇപ്പോള്‍ ഏറെ ഉചിതം. അതിനുള്ള സൗകര്യങ്ങളും സജ്ജമാക്കണം. സൗരവൈദ്യുതി ഉപയോഗത്തില്‍ അയല്‍സംസ്ഥാനങ്ങള്‍ വിവിധതലങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ നമുക്ക് പാഠമാക്കാവുന്നതാണ്. കേരളത്തിന്റെ ആകെ സ്ഥലത്തിന്റെ അരശതമാനത്തില്‍നിന്ന് സംസ്ഥാനത്തിന്റെ മുഴുവന്‍ ആവശ്യവും നിറവേറ്റാനുള്ള സൗരവൈദ്യുതി ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

അതിവിശാലമായ ജലാശയങ്ങള്‍ വേണ്ടത്രയുള്ള കേരളത്തില്‍ സൗരവൈദ്യുതി ഉണ്ടാക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കാനും പ്രയാസമില്ല. കായലുകളും അണക്കെട്ടുകളുടെ റിസര്‍വോയറുകളും അടിസ്ഥാനമാക്കി വലിയ സൗരവൈദ്യുതിപദ്ധതികള്‍ തുടങ്ങാനാവും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുംവിധം സോളാര്‍പാനലുകള്‍ ക്രമീകരിച്ച് പല വിദേശരാജ്യങ്ങളിലും ഇങ്ങനെ സൗരവൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇടുക്കിയുടെ റിസര്‍വോയറില്‍മാത്രം പൂര്‍ണമായും ഫ്‌ളോട്ടിങ് പാനല്‍ സ്ഥാപിച്ചാല്‍ 6000 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാമെന്ന് കണക്കാക്കപ്പെടുന്നു. ഈ റിസര്‍വോയറിലെ ജലപ്പരപ്പില്‍ 30 ശതമാനംവരെ ഈ സംവിധാനത്തിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.തിരുവനന്തപുരം ജില്ലയിലെ പേപ്പാറ അണക്കെട്ടിന്റെ ജലസംഭരണിയില്‍ ഫ്‌ളോട്ടിങ്പാനല്‍ സ്ഥാപിച്ച് സൗരവൈദ്യുതി പരീക്ഷണാടിസ്ഥാനത്തില്‍ ഉണ്ടാക്കാന്‍ സംസ്ഥാന ഊര്‍ജവകുപ്പ് ആലോചിക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ അതിവേഗം പ്രാവര്‍ത്തികമാക്കണം. ഈ രംഗത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സാധ്യതകളും കേരളത്തില്‍ വേണ്ടുവോളമുണ്ട്. അവ പ്രയോജനപ്പെടുത്താനും ഊര്‍ജിത പരിശ്രമം ഉണ്ടായാല്‍ കേരളത്തിന് ഈ മേഖലയില്‍ ലക്ഷ്യംനേടല്‍ കൂടുതല്‍ എളുപ്പമാവും.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: