Pages

Thursday, July 12, 2012

ഗീര്‍ വനത്തില്‍ സിംഹങ്ങള്‍ക്ക് വസിക്കാന്‍ ഇടം പോരാ


ഗീര്‍ വനത്തില്‍ സിംഹങ്ങള്‍ക്ക്
 വസിക്കാന്‍  ഇടം പോരാ





ഗുജറാത്തിന്റെ അഭിമാനവും ലോകത്തിന്റെ അസൂയയുമാണ് ഗീര്‍ വനം. വംശനാശഭീഷണി നേരിടുന്ന സിംഹങ്ങളുടെ വിളനിലമാണിത്. ഒരു നൂറ്റാണ്ടിന് മുന്‍പേ എണ്ണത്തില്‍ അമ്പതിന് താഴെയായിരുന്നൂ ഗീര്‍ വനത്തിലെ സിംഹങ്ങളുടെ അംഗസംഖ്യ. വംശമറ്റ് പോവും എന്നുള്ള ആശങ്കകള്‍ വളര്‍ന്ന് കൊണ്ടിരിക്കെ ഇപ്പോള്‍ ഗീര്‍വനത്തില്‍ 400-ല്‍ അധികം സിംഹങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നുള്ള അതിശയപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഗീര്‍വനത്തിലെ പരിമിതചുറ്റുപാടില്‍ ആവാസസ്ഥാനം കിട്ടാതെ കാട്ടില്‍ നിന്ന് നാട്ടില്‍ , റോട്ടില്‍ , കൃഷിസ്ഥലങ്ങളില്‍ അലഞ്ഞുതിരിയുകയാണ് കാട്ടുരാജക്കന്മാര്‍ . ഒരു ദുരിതാശ്വാസക്യാമ്പ് പോലെ ഗീര്‍ വനത്തില്‍ തിങ്ങിപ്പാര്‍ക്കേണ്ട ഗതികേടിലാണ് അവയിപ്പോള്‍ . അസുഖങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത അതുകൊണ്ട് തന്നെ ഏറെയാണ്. മറ്റൊരു ആവാസസ്ഥലം ഒരുക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. 1990-ല്‍ മധ്യപ്രദേശിലെ കുനോവില്‍ കോടിക്കണക്കിന് രൂപ ചെലവാക്കി ഒരു സംരക്ഷണകേന്ദ്രം സ്ഥാപിച്ചു. പക്ഷേ ഗുജറാത്ത് സര്‍ക്കാര്‍ അത് നിരസിച്ചു. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും വന്യജീവിസംരക്ഷണകേന്ദ്രങ്ങളില്‍ ഒരു പാട് മൃഗങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ട് എന്ന കാരണം നിരത്തിയാണ് സിംഹങ്ങളെ വിട്ടുകൊടുക്കാത്തതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നു. ടൂറിസത്തിലെ വരുമാനം മുന്നില്‍ കണ്ടുകൊണ്ടാണ് 'വിട്ടു തരില്ല, വിട്ടു തരില്ല' എന്ന് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നതെന്ന് എതിര്‍വാദം. പുതിയ കാട്ടുവീട്ടിലേക്ക് ഒരു സിംഹവും താമസം മാറിയില്ല. സിംഹങ്ങള്‍ക്ക് മാറണമെന്ന് തോന്നിയാല്‍ അവ സ്വയം മാറട്ടെ എന്ന് ഗുജറാത്തിലെ പ്രകൃതിസംരക്ഷണവകുപ്പ് മന്ത്രി എസ്.കെ. നന്ദ. സിംഹങ്ങള്‍ നന്ദ പറഞ്ഞത് കേട്ട് ഉള്ളത് കൊണ്ട് ഓണം പോലെ ഗീര്‍വനത്തില്‍ നാളുകള്‍ നീക്കുന്നു. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഒന്ന് സ്വസ്ഥമായി കിടന്നുറങ്ങാനാവാതെ ഗതി തേടി അലഞ്ഞുനടക്കുകയാണ് സിംഹങ്ങള്‍ . ഏറ്റവും കൂടുതലായി ഉറങ്ങുന്ന ജീവിവര്‍ഗ്ഗമാണ് സിംഹങ്ങള്‍. മനുഷ്യരെ വെറുതെയൊന്നും ഉപദ്രവിക്കുന്ന മോശം ശീലമൊന്നും അവയ്ക്കില്ല. രാജാവിന്റെ തടറവാടിത്തം അവയിപ്പോഴും പരമാവധി കാത്തുസൂക്ഷിക്കുന്നുണ്ട്. ഭാരതത്തിന്റെ യശസ്സാണ് സിംഹങ്ങള്‍ . ദൈവങ്ങളുടെ ഇടയില്‍ സിംഹങ്ങള്‍ക്കുള്ള സ്ഥാനം ഏറെ വലുതാണ്. ഭാരതത്തിന്റെ ദേശീയചിഹ്നത്തില്‍ അധികാരം, ധൈര്യം, അഭിമാനം, ആത്മവിശ്വാസം എന്നിവയുടെ പ്രതീകങ്ങളായി 4 സിംഹങ്ങള്‍ ഇടത്തുംവലത്തുമായി അണിനിരന്നിരിക്കുന്നുണ്ട്. ധൈര്യശാലികളായ സിഖുകാരിലെ സിംഗ് സിംഹത്തിന്റെ അപരനാമമാണെന്ന് അറിയാത്തവര്‍ ചുരുക്കം. അവഗണന തുടര്‍ന്നാല്‍ വംശമറ്റ് പോവുന്നത് കാട്ടിലെ രാജവംശമാണെന്ന് അധികാരികള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു. അവയെ അവയുടെ ജീവിതശൈലിക്കൊത്ത രീതിയില്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാകുന്നു. അതല്ല ഇന്ത്യയിലെ വന്യജീവി സംരക്ഷണനിയമങ്ങള്‍ വന്യജീവികളുടെ സംരക്ഷണത്തിനല്ലെന്നുണ്ടോ...!!! 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: