മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍
കോളേജ് തയ്യാറാകണം .
രാജ്യത്തെ മെഡിക്കല്‍പ്രവേശനം ക്രമപ്പെടുത്തുന്നതിലും പഠനനിലവാരം ഉയര്‍ത്തുന്നതിലും നീതിപീഠം കാണിക്കുന്ന താത്പര്യം അഭിനന്ദനീയമാണ്. പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതികളില്‍ പ്രത്യേക ബെഞ്ച് വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്, ഇതുസംബന്ധിച്ചുള്ള അനിശ്ചിതത്വം വിദ്യാര്‍ഥികളെ ബാധിക്കരുതെന്ന ലക്ഷ്യത്തോടെയാണ്. കേസുകള്‍ പ്രത്യേക ബെഞ്ച് ജൂലായ്ക്കും ഒക്ടോബറിനുമിടയില്‍ തീര്‍പ്പാക്കണമെന്ന് ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. പ്രവേശനക്കേസുകളില്‍ ഇടക്കാല ഉത്തരവുകളിടുന്നത് ഹൈക്കോടതികള്‍ ഒഴിവാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പഞ്ചാബിലെ പണ്ഡിറ്റ് ബി.ഡി. ശര്‍മ ആരോഗ്യ സര്‍വകലാശാലയിലെ എം.ബി.ബി.എസ്. പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കെയാണ് സുപ്രീംകോടതി ഈരംഗത്തെ ആശാസ്യമല്ലാത്ത പ്രവണതകളിലേക്ക് വിരല്‍ചൂണ്ടിയത്. മെഡിക്കല്‍ പ്രവേശന നടപടികളുടെ അവസാന തീയതി സപ്തംബര്‍ 30 തന്നെയായിരിക്കുമെന്നും രണ്ടാമത്തെ കൗണ്‍സലിങ് സപ്തംബര്‍ 15-ന് പൂര്‍ത്തിയാക്കണമെന്നും കോടതി അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍മാത്രമേ പ്രവേശനനടപടികളില്‍ ഇടപെടേണ്ടതുള്ളൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കോളേജ് അധികൃതര്‍ ബാധ്യസ്ഥരാണ്. പ്രോസ്‌പെക്ടസില്‍ പറയുന്ന മാനദണ്ഡങ്ങളോ കോടതിവിധികളോ പാലിക്കാതെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ലംഘിച്ചാല്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് നിര്‍ദേശിക്കാം. ഈ സാഹചര്യത്തില്‍, ആവശ്യമെങ്കില്‍ കോടതിയലക്ഷ്യനടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.നിയമവിരുദ്ധമായി പ്രവേശനം നേടുന്നവര്‍ക്ക്, സമയനഷ്ടത്തിന്റെപേരില്‍, ആനുകൂല്യം നല്‍കുന്നത് അനുവദിക്കാനാവില്ലെന്ന കോടതിയുടെ നിലപാട് ശ്രദ്ധേയമാണ്. പ്രവേശനം നിയമവിരുദ്ധമാണെന്നും തുടര്‍ന്ന് പഠിക്കാന്‍ വിദ്യാര്‍ഥിയെ അനുവദിക്കേണ്ടതില്ലെന്നും കോടതികള്‍ കണ്ടെത്തിയാല്‍, ഒരുകൊല്ലം പൂര്‍ത്തിയായെന്നത് പഠനംതുടരാനുള്ള ന്യായമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേടുകള്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഈ ന്യായത്തിന്റെപേരില്‍ പഠനംതുടരാന്‍കഴിയുന്ന സ്ഥിതിവിശേഷം ഒഴിവാക്കുകതന്നെവേണം. ഇല്ലെങ്കില്‍ അത് സമാനമായ ക്രമക്കേടുകള്‍ക്ക് മുതിരാന്‍ മറ്റുപലര്‍ക്കും പ്രേരകമായെന്നിരിക്കും. എന്തായാലും ഇത് ഒഴിവാക്കാന്‍ കോടതിതന്നെ മുന്‍കൈയെടുത്തത് ഉചിതമായി.നിയമവിരുദ്ധമായ പ്രവേശനംമൂലം മറ്റ് വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതിയുടെ നിര്‍ദേശവും വിദ്യാര്‍ഥികളുടെ ഉത്തമതാത്പര്യം കണക്കിലെടുത്തുള്ളതാണ്.
മെഡിക്കല്‍വിദ്യാഭ്യാസത്തിന്റെ നിലവാരം, പ്രധാനമായും പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു. യോഗ്യതയായിരിക്കും മാനദണ്ഡമെന്നും അത് എല്ലാ കോളേജുകളും പാലിക്കണമെന്നും കോടതി വീണ്ടും ഓര്‍മിപ്പിച്ചത്, ഈരംഗത്ത് നിലവാരം ഉറപ്പാക്കാനാണ്. ക്രമക്കേടുകള്‍ നടത്താന്‍ മാനേജ്‌മെന്റുകളുടെയോ വിദ്യാര്‍ഥികളുടെയോ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകാം. അധികൃതരും നീതിപീഠങ്ങളും അവയെ ഗൗരവമായി കാണണം. ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് പണത്തിന് പ്രാധാന്യം വര്‍ധിച്ചുവരുകയാണെന്ന ആക്ഷേപം ശക്തമാണ്. മറുവശത്ത് ക്രമക്കേടുകളും വ്യാപകമായാലുണ്ടാകുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. അടിസ്ഥാനസൗകര്യങ്ങള്‍പോലുമില്ലാതെ കോളേജുകള്‍ തുടങ്ങുകയും പിന്നീട് 'വിദ്യാര്‍ഥികളുടെ ഭാവി'യുടെപേരില്‍ എങ്ങനെയെങ്കിലും അനുമതി നേടിയെടുക്കുകയുംചെയ്യുന്ന രീതി വിദ്യാഭ്യാസമേഖലയില്‍ സാധാരണമായിരിക്കുന്നു. പ്രവേശനത്തിന്റെകാര്യത്തിലും ഈ രീതി പലരും അവലംബിക്കുന്നുണ്ട്. ഇത് നിലവാരത്തെ മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ സമുന്നതമൂല്യങ്ങളെയും ബാധിക്കും.
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment