Pages

Sunday, July 8, 2012

വനസംരക്ഷണം സര്‍ക്കാരിന്റെ അലംഭാവം ആപത്ത് .


വനസംരക്ഷണം സര്‍ക്കാരിന്റെ
  അലംഭാവം ആപത്ത് .

വനഭൂമി സംരക്ഷിക്കുന്ന നടപടികളിലെ അലംഭാവത്തിനെതിരെ ഭരണ പ്രതിപക്ഷ ഭേദമെന്യേ വിമര്‍ശനമുയരുന്നു. വനംകേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുന്നുവെന്ന ആരോപണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. പശ്ചിമഘട്ടത്തിന് പൈതൃക പദവി യുനെസ്‌കൊ അടുത്തിടെയാണ് നല്‍കിയത്. ഇവിടത്തെ വനസമ്പത്തിന്റെ പരിരക്ഷയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുന്നുവെന്ന ആരോപണമുയരുന്നത്. 
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. നിയമനടപടികള്‍ ഫലപ്രദമാക്കിയില്ലെങ്കില്‍ ഇതിനകം വീണ്ടെടുത്ത വനഭൂമി തന്നെ നഷ്ടപ്പെടുമെന്ന ആശങ്കയാണിപ്പോള്‍ ഉയരുന്നത്.നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി തന്നെ പരിശോധിക്കണമെന്നാണ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടത്. ഇത് പരിശോധിക്കാന്‍ വനം, നിയമ മന്ത്രിമാരുടെ യോഗം വിളിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നെല്ലിയാമ്പതിയിലെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് വി. എസ്. ആരോപിച്ചു. കേസ് നടത്തിപ്പിന് പരിചയസമ്പന്നരായ അഭിഭാഷകരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയില്ല. സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കു
മെന്നും വി.എസ്. പറഞ്ഞു.2012 ജനവരിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിക്കെതിരെ അപ്പീല്‍ പോകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്നാണ് വിമര്‍ശനം. വനസംരക്ഷണ നിയമം ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഉടമകള്‍ക്ക് ഒരുമാസത്തെ സാവകാശം നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി. കരാര്‍ റദ്ദാക്കാം. എന്നാല്‍ ഏറ്റെടുക്കണമെങ്കില്‍ ഒരുമാസം സാവകാശം നല്‍കണം. ഇതോടെ, ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ അപ്പീല്‍ പോകാന്‍ ഉടമകള്‍ക്ക് അവസരം കിട്ടി. പാട്ടക്കരാര്‍ റദ്ദാക്കിയ ചെറുനെല്ലി, രാജാക്കാട്, മാങ്കോട് എസ്റ്റേറ്റുകള്‍ ഇപ്പോള്‍ ഇതിനെത്തുടര്‍ന്ന് ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. ചെറുനെല്ലി എസ്റ്റേറ്റ് ഉടമകള്‍ക്ക് തിരിച്ചുനല്‍കാനുള്ള ഉത്തരവ് വിവാദമായപ്പോള്‍ വനം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ടി.ആര്‍. രവിക്ക് അടുത്തിടെ രാജിവെക്കേണ്ടിവന്നു. ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഈ വിധിക്കുമുമ്പ് ഏറ്റെടുത്ത എസ്റ്റേറ്റുകള്‍ പോലും വിട്ടുകൊടുക്കേണ്ട സ്ഥിതിയാണ്. ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.കഴിഞ്ഞയാഴ്ചയാണ് പശ്ചിമഘട്ട മലനിരകളിലെ 39 കേന്ദ്രങ്ങളെ യുനെസ്‌കോ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പശ്ചിമഘട്ടത്തില്‍ ഏറ്റവും ജൈവ സമ്പുഷ്ടമായ പ്രദേശമാണ് നെല്ലിയാമ്പതി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: