Pages

Sunday, July 8, 2012

മഴ കുറയുന്നു- പ്രതിസന്ധിയെ അതിജീവിക്കാന്‍ ശ്രമം വേണം


മഴ കുറയുന്നു-
പ്രതിസന്ധിയെ അതിജീവിക്കാന്‍ ശ്രമം വേണം




മണ്‍സൂണ്‍ മഴ ഇക്കൊല്ലം ഒളിച്ചുകളിക്കുകയാണ്. ഇടയ്‌ക്കൊന്ന് പെയ്താല്‍ പിന്നെ കാണില്ല. അടുത്തദിവസം നല്ല വെയിലാവും. കാലവര്‍ഷം തിമിര്‍ത്തുപെയ്യേണ്ട ജൂണ്‍ മാസത്തിലാണിത്. തിരുവാതിര ഞാറ്റുവേലയും മകീര്യം ഞാറ്റുവേലയുമൊക്കെ ചാറ്റല്‍ മഴയിലൊതുങ്ങി. സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തെങ്ങും ഇതുതന്നെയാണ് അവസ്ഥ. അസം ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് പതിവ് മഴ കിട്ടിയിട്ടുള്ളതെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് കാര്‍ഷികോത്പാദനത്തെ ബാധിച്ചേക്കുമെന്ന ആശങ്ക കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശരദ് പവാര്‍ പ്രകടിപ്പിക്കുന്നുണ്ട്. ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്ന സംസ്ഥാനത്ത് ഈ വര്‍ഷം കടുത്ത ഊര്‍ജപ്രതിസന്ധിയുണ്ടാകുമെന്ന സൂചനയുമുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെ അതിജീവിക്കാന്‍ ശ്രമം വേണം. ഊര്‍ജ രംഗത്ത് ക്ഷാമം രൂക്ഷമാകും മുന്‍പ് സാധ്യമായ ബദല്‍ ഊര്‍ജോത്പാദന മാര്‍ഗങ്ങള്‍ നടപ്പാക്കണം. ഊര്‍ജോപയോഗത്തില്‍ പരമാവധി മിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. വീടുകളിലെയും ഓഫീസുകളിലെയും വൈദ്യുതോപയോഗം ചുരുക്കാനുള്ള നടപടികള്‍ കാലേക്കൂട്ടി തുടങ്ങാവുന്നതാണ്. ഇക്കാര്യത്തില്‍ വ്യാപകമായ ബോധവത്കരണം ആവശ്യമാണ്. സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം സംസ്ഥാനത്ത് വ്യാപകമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എത്രയും വേഗം നടപ്പാക്കണം. ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഊര്‍ജാവശ്യം കുറച്ചു കൊണ്ടുവരാന്‍ സാധിക്കും. വ്യാവസായികമേഖലയിലും സൗരോര്‍ജ വൈദ്യുതി പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കണം. കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളെക്കുറിച്ചും ഗൗരവപൂര്‍വം ആലോചിക്കണം. വിവാദമാകാത്തവിധം സുതാര്യതയോടെ ഇതിന് പദ്ധതി തയ്യാറാക്കാവുന്നതാണ്. ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചും മറ്റും മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന രീതിയും വ്യാപകമാക്കാവുന്നതാണ്. ഇടുക്കിയുള്‍പ്പെടെ വിവിധ ഡാമുകളില്‍ ജലവിതാനം ഇപ്പോള്‍ കഴിഞ്ഞവര്‍ഷം ഇക്കാലത്തുണ്ടായിരുന്നതിനേക്കാള്‍ വളരെ കുറവാണ്. ഇനിയുള്ള ദിവസങ്ങളില്‍ മഴ നന്നായാല്‍ സ്ഥിതി മെച്ചപ്പെട്ടേക്കും. ജൂണ്‍ ഒന്ന് മുതല്‍ ജൂലായ് ആദ്യ ആഴ്ച വരെ സംസ്ഥാനത്ത് കിട്ടിയ മഴ കഴിഞ്ഞ 50 വര്‍ഷത്തെ ശരാശരിയേക്കാള്‍ 30-35 ശതമാനം കുറവാണെന്ന് കാണാം. ജലവൈദ്യുത പദ്ധതികളുടെ വൃഷ്ടിപ്രദേശംഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ മഴ 59 ശതമാനം കുറഞ്ഞപ്പോള്‍ ഇടുക്കിയില്‍ 28 ശതമാനം കുറവുണ്ടായി. വരും ദിവസങ്ങളില്‍ നല്ല മഴ കിട്ടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്. എന്നാല്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ കിട്ടേണ്ട ശക്തമായ മഴയ്ക്ക് പകരമാവില്ല അത്. 

രാജ്യത്തെ ആകെ കൃഷിയിടങ്ങളില്‍ 40 ശതമാനം മാത്രമേ ജലസേചനസൗകര്യമുള്ളതായുള്ളൂ. മഴ വൈകിയതിനാല്‍ വടക്കേ ഇന്ത്യയില്‍ പലേടത്തും വിത വൈകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ വേഗം മൂപ്പെത്തുന്ന വിത്തിനങ്ങള്‍ ഉപയോഗിക്കാനാണ് കാര്‍ഷിക വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. പയര്‍ വര്‍ഗങ്ങളുടെ കാര്യത്തിലും ദീര്‍ഘകാല വിളകളെക്കാള്‍ വേഗം വിളവെടുക്കാവുന്നവ കൃഷി ചെയ്യാനാണ് വിദഗ്ധരുടെ ഉപദേശം. മഴക്കുറവ് കൃഷിയെ ബാധിക്കാതെ നോക്കേണ്ടത് എങ്ങനെയെന്ന് സംസ്ഥാനത്തെ കാര്‍ഷിക ശാസ്ത്രജ്ഞരും കൃഷിവകുപ്പുദ്യോഗസ്ഥരും ആലോചിക്കണം. യഥാസമയം കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങളും സഹായവും നല്‍കുകയും വേണം. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഭക്ഷ്യധാന്യ ഉത്പാദനം മികച്ചതായിരുന്നു. എന്നാല്‍ എഫ്. സി. ഐ. ഗോഡൗണിലും മറ്റുമായി സര്‍ക്കാര്‍ സംഭരിച്ചുവെച്ച അരിയും ഗോതമ്പും മഴയത്ത് ചീഞ്ഞും എലി കടിച്ചും പുഴുവരിച്ചും പോകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം അനാസ്ഥ ഭക്ഷ്യപ്രതിസന്ധിക്കിടയാക്കിയേക്കും. മണ്‍സൂണിന്റെ ആദ്യഘട്ടത്തില്‍ മഴ കുറയുന്നത് വരള്‍ച്ചയുടെ സൂചനയായി കാണേണ്ടതില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. എങ്കിലും മഴ കുറയുന്നതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ അധികൃതര്‍ തയ്യാറാകണം. അതിന്റെ ആഘാതം കുറയ്ക്കാന്‍ സാധ്യമായ മുന്‍കരുതലെല്ലാം എടുക്കുകയും വേണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: