Pages

Sunday, July 29, 2012

അസം സമാധാനത്തിന്റെ പാതയില്‍


അസം സമാധാനത്തിന്റെ പാതയില്‍
 രാജ്യത്ത് പൊതുവേ മഴ കുറവായിരുന്നെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി അതായിരുന്നില്ല. അവിടെ അതിവര്‍ഷം മൂലം വെള്ളപ്പൊക്കം ഏറേ നാശമുണ്ടാക്കി. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുംമുന്‍പാണ് അസമില്‍ ബോഡോ മേഖലയിലെ കലാപം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. അന്‍പതിലധികം ആളുകള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ അഗ്‌നിക്കിരയായി. നാലുലക്ഷത്തോളം പേര്‍ വീടുവിട്ട് കൂട്ടപ്പലായനം ചെയ്തു. പ്രശ്‌നത്തിന്റെ തീവ്രത അതില്‍ നിന്ന് മനസ്സിലാക്കാം. ഇതിന്റെ ഗൗരവം മനസ്സിലാക്കിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ സ്ഥലം സന്ദര്‍ശിച്ച് ആശ്വാസപദ്ധതി പ്രഖ്യാപിച്ചത്. നാല് ജില്ലകളിലാണ് ഇതിനകം ഏറ്റുമുട്ടലുകളും അതിക്രമവും അരങ്ങേറിയത്. പ്രശ്‌നം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴി സാധിച്ചുവെന്നാണ് കരുതേണ്ടത്. ഈ സമാശ്വാസ നടപടി സ്വാഗതാര്‍ഹമാണ്. തദ്ദേശീയരായ ബോഡോ വംശജരും ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷക്കാരായ കുടിയേറ്റക്കാരും തമ്മിലുള്ള തര്‍ക്കമാണ് വലിയൊരു വംശീയ കലാപമായി ഉരുത്തിരിഞ്ഞത്. ആദിവാസി മേഖലയാണ് കൊക്രജാര്‍, ചിരാഗ്, ബാസ്‌ക എന്നീ ജില്ലകള്‍. ഇവിടെ തദ്ദേശീയരായ ബോഡോകള്‍ക്ക് മാത്രമേ വസ്തു കൈവശം വെക്കാനാവുമായിരുന്നുള്ളൂ. എന്നാല്‍, ന്യൂനപക്ഷസമുദായക്കാരുള്‍പ്പെടെ ബോഡോകളല്ലാത്ത ഒട്ടേറേ കുടിയേറ്റക്കാര്‍ ഇവിടെയെത്തിയതാണ് മൂന്നു ദശാബ്ദങ്ങള്‍ക്കു മുന്‍പ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് വിലയിരുത്തല്‍. ഇക്കാലത്തിനിടയില്‍ പലതവണ അവിടെ കലാപമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തവണ അത് കൂടുതല്‍ രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട്.ബോഡോ മേഖലയിലെ പ്രാദേശിക തര്‍ക്കത്തിന്റെ അടിവേര് കണ്ടെത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് ആവശ്യം. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെച്ചൊല്ലിയാണ് അതിര്‍ത്തി പ്രദേശമായ ഇവിടെ പ്രശ്‌നമെന്ന് ആരോപണമുണ്ട്. ഇതേപ്പറ്റി ആഴത്തില്‍ പഠിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കണം. പ്രദേശത്തുള്ളവരുടെ സാമ്പത്തിക പ്രശ്‌നങ്ങളാണ് പരസ്പരമുള്ള ആരോപണ, പ്രത്യാരോപണങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിമരുന്നിട്ടതെന്നാണ് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറയുന്നത്. 
അതുകൊണ്ടുതന്നെ പ്രാദേശികമായി അനുയോജ്യമായ വികസനപദ്ധതികള്‍ നടപ്പാക്കണം. സാധ്യമായ ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ച് സാധാരണക്കാരുടെ സാമ്പത്തികനില മെച്ചപ്പെടുത്തണം. ഇതിനെല്ലാം കൂടുതല്‍ സമയം വേണ്ടിവരും.ആദ്യം ചെയ്യേണ്ടത് ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന ലക്ഷക്കണക്കിനാളുകളുടെ ക്ഷേമം ഉറപ്പാക്കലാണ്. പല ക്യാമ്പിലും ഭക്ഷണവും ചികിത്സയും കിട്ടിയിട്ടില്ലെന്ന് പരാതിയുണ്ട്. 

ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കണം. എത്രയും വേഗം ഇവര്‍ക്ക് വീടുകളിലേക്ക് തിരികെ പോകാനുള്ള സാഹചര്യം ഒരുക്കണം. കേന്ദ്രസര്‍ക്കാര്‍ ഏഴായിരത്തോളം സൈനികരെ കലാപം നിയന്ത്രിക്കാന്‍ രംഗത്തിറക്കിയിട്ടുണ്ട്. വീടുവിട്ടവര്‍ക്ക് തിരികെ പോകാന്‍ പോലീസിന്റെയും സൈന്യത്തിന്റെയും സഹായം ആവശ്യമായി വരുമെന്നു തന്നെയാണ് സൂചന. ഇക്കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം.
 ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച പ്രധാനമന്ത്രി ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനായി 300 കോടി രൂപസഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 100 കോടി രൂപ അടിയന്തര ദുരിതാശ്വാസത്തിന് തന്നെയാണ്. പ്രത്യേക വികസന പദ്ധതികള്‍ക്കാണ് അടുത്ത 100 കോടി രൂപ. വീട് നഷ്ടപ്പെട്ടവര്‍ക്ക് അത് പുനര്‍നിര്‍മിച്ചു നല്‍കാനായി ശേഷിച്ച 100 കോടി രൂപ നീക്കി വെച്ചിരിക്കുന്നു. പ്രധാനമായും കലാപം നടന്ന നാല് ജില്ലകള്‍ക്കായി ഇത്രയും തുക ലഭിക്കുമ്പോള്‍ അത് സാര്‍ഥകമായി വിനിയോഗിക്കാന്‍ ശ്രമം വേണം. ഇനി നടത്തുന്ന വികസനപദ്ധതികളിലും പ്രധാനമന്ത്രിയുടെ മേല്‍നോട്ടം ആവശ്യമാണ്. കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെത്താന്‍ വൈകിയത് കനത്ത മഴയുള്‍പ്പെടെ മോശം കാലാവസ്ഥ കാരണമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി യിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാറിന് മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ത്തന്നെ അത്തരം അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരു സര്‍ക്കാറുകളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തില്‍ ലക്ഷങ്ങള്‍ വീടുവിട്ടു പോകാന്‍ കാരണം അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍ പ്രചരിച്ചതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശ്‌നം ആളിക്കത്തിക്കാന്‍ അത്തരത്തില്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണം. വംശീയസ്പര്‍ധ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: