Pages

Saturday, July 14, 2012

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി സ്ത്രീകളും ചൂഷണങ്ങളും


ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന
 മലയാളി സ്ത്രീകളും ചൂഷണങ്ങളും
 ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി സ്ത്രീകളില്‍ വലിയൊരു വിഭാഗം കടുത്ത യാതനകള്‍ അനുഭവിക്കുന്നവരാണ്. വിശ്രമമില്ലാത്ത കഠിനജോലിയും ചൂഷണങ്ങളും മൂലം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബദ്ധരായവര്‍ ഒട്ടേറേയുണ്ട്. ജോലി ഉപേക്ഷിച്ച് പോരാമെന്നുവെച്ചാലും നടപടിക്രമങ്ങളിലെ കാലതാമസവും സങ്കീര്‍ണതകളും കാരണം അതിന് കഴിയാതെ വിഷമിക്കുന്നവരും കുറവല്ല. അന്യനാട്ടില്‍ അങ്ങേയറ്റം ദയനീയവും ആപത്കരവുമായ സാഹചര്യങ്ങളില്‍ കഴിഞ്ഞുകൂടേണ്ടിവന്നവരില്‍ പലരും ഭാഗ്യംകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. കഠിനജോലി, പട്ടിണി, മര്‍ദനം തുടങ്ങിയവയ്ക്കുപുറമേ ലൈംഗിക ചൂഷണവും പലരെയും വലയ്ക്കുന്നുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച 'മരുപ്പച്ച പൊള്ളുന്നു' എന്ന പരമ്പര ഗള്‍ഫിലെ ചെറുകിട ജോലിക്കാരായ മലയാളി സ്ത്രീകളില്‍ പലര്‍ക്കുമുണ്ടായ ദുരനുഭവങ്ങള്‍ എത്ര കടുത്തതാണെന്ന് വ്യക്തമാക്കുന്നുണ്ട്.ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന മലയാളി സ്ത്രീകളില്‍ ഭൂരിഭാഗവും വീടുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും തോട്ടങ്ങളിലും മറ്റും ജോലി ചെയ്യുന്നവരാണ്. ഇത്തരം അവിദഗ്ധ തൊഴിലാളികള്‍ക്ക് ചുരുങ്ങിയ ശമ്പളമേ ലഭിക്കാറുള്ളൂ. മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും മറ്റും സ്‌പോണ്‍സര്‍ വാങ്ങിവെക്കുന്നതിനാല്‍ ഇവര്‍ക്ക് പിന്നീട് പുറംലോകവുമായി ബന്ധപ്പെടാന്‍ പറ്റാതാകും. 
ഈ സാഹചര്യത്തില്‍ നിന്ന് പരമാവധി മുതലെടുക്കാനാവും തൊഴിലുടമയുടെയും മറ്റും ശ്രമം. ചതിക്കുഴിയിലാണ് വീണതെന്ന് പലരും വൈകിയാണറിയുക. പിന്നെ, ജോലിഭാരവും അപമാനഭാരവും സഹിക്കാനാവാതെ ഒളിച്ചോടിയാല്‍ത്തന്നെ രക്ഷപ്പെടുമെന്നുറപ്പില്ല. രേഖകളില്ലാത്തതിന്റെ പേരില്‍ ചിലര്‍ ജയിലിലാകും. മറ്റു ചിലര്‍ തട്ടിപ്പുകാരുടെ കൈയില്‍പ്പെടും. രേഖകളും മറ്റും ഇല്ലാത്ത സാഹചര്യത്തില്‍, ഇത്തരം 'അജ്ഞാത'രുടെ വ്യഥകള്‍ ആരുമറിയാതെ പോകുന്നു. ജോലിക്കാരില്‍ പലരുടെയും ദുരിതം വിദേശത്തേക്ക് യാത്ര തിരിക്കുമ്പോള്‍ തന്നെ ആരംഭിക്കുന്നു. ഏജന്‍സികളുടെ തട്ടിപ്പും ചൂഷണവും ഈ രംഗത്ത് വ്യാപകമായിട്ടുണ്ട്. ജോലിക്കാരെ കൊണ്ടുപോകുന്ന ഏജന്‍സി പണം വാങ്ങി അവരെ മറ്റുള്ളവര്‍ക്ക് കൈമാറുന്നത് സാധാരണമാണ്. ഏജന്‍സി പറഞ്ഞിരുന്ന ശമ്പളമോ ജോലിയോ ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നവര്‍ക്ക് കിട്ടാറില്ല. ജോലിയുടെയും വിസയുടെയും മറ്റും കാര്യത്തില്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്ന ഏജന്‍സികളുമുണ്ട്. കൊടുത്തപണത്തിന് മതിയായ രേഖകളും മറ്റും ഏജന്‍സികള്‍ നല്‍കാത്തതിനാല്‍, പലര്‍ക്കും പരാതിപ്പെടാന്‍പോലും കഴിയാതെ വരുന്നു. പരാതിപ്പെട്ടാല്‍ ഭീഷണിപ്പെടുത്താനും ഏജന്റുമാരില്‍ പലരും മടിക്കാറില്ല.

ഗാര്‍ഹിക തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. അവിദഗ്ധ തൊഴിലാളികളില്‍ ഭൂരിഭാഗവും ഒരു സംഘടനയിലും അംഗങ്ങളല്ല. ഇവയെല്ലാം ഇവരെ കൂടുതല്‍ നിസ്സഹായരാക്കുകയാണ്. ഇങ്ങനെ ഒരുവശത്ത് ഏജന്‍സികളുടെയും മറുവശത്ത് തൊഴില്‍ ദാതാക്കളുടെയും ചൂഷണത്താല്‍ വലഞ്ഞ് ദുരിതജീവിതം തള്ളിനീക്കുന്ന പ്രവാസി ജോലിക്കാരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. പ്രവാസികള്‍ക്കായി ഒട്ടേറേ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രയോജനം ഈ വിഭാഗത്തില്‍പ്പെട്ട ജോലിക്കാരില്‍ പലര്‍ക്കും ലഭിക്കുന്നില്ലെന്നത് ഖേദകരമായ വസ്തുതയാണ്. നമ്മുടെ ഭരണാധികാരികള്‍ മനസ്സുവെച്ചാല്‍ ഇത്തരം ജോലിക്കാരുടെ ക്ലേശങ്ങള്‍, ഒരുപരിധി വരെയെങ്കിലും കുറയ്ക്കാന്‍ കഴിയും. തട്ടിപ്പ് നടത്തുന്ന ഒട്ടേറേ റിക്രൂട്ടിങ് ഏജന്‍സികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാരെ നിരീക്ഷിച്ച് കര്‍ശന നടപടിയെടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ജോലിത്തട്ടിപ്പ് സംബന്ധിച്ചുള്ള പരാതികള്‍ ഗൗരവമായി കൈകാര്യം ചെയ്യുകയും വേണം. ബോധവത്കരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടിയിരിക്കുന്നു. ജോലി ഒഴിവുകളെക്കുറിച്ചും വഞ്ചിതരാകാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ജോലി തേടുന്നവരിലെത്തിക്കാനുള്ള ഫലപ്രദമായ സംവിധാനവും അനിവാര്യമാണ്. വഞ്ചിക്കപ്പെട്ട് വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോകുന്നവരെ എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ എംബസി വഴി ഏര്‍പ്പെടുത്തണം. നടപടിക്രമങ്ങളിലെ കാലതാമസം പ്രവാസികള്‍ക്ക് കൂടുതല്‍ ദുരിതമുണ്ടാക്കാനിടയാക്കരുത്.

പ്രൊഫ്.. ജോണ്‍ കുരാക്കാര്‍


No comments: