Pages

Friday, July 13, 2012

സ്തനാര്‍ബുദം സ്ത്രീരോഗമല്ല


സ്തനാര്‍ബുദം സ്ത്രീരോഗമല്ല
സിസ്സി ജേക്കബ്‌

ലോകമാകെ 13 ലക്ഷം സ്ത്രീകളിലാണ് ഓരോ വര്‍ഷവും സ്തനാര്‍ബുദം കണ്ടെത്തുന്നത്. വ്യാപകമായ ബോധവത്ക്കരണം ഈ രോഗത്തിന്റെ കാര്യത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കി. സ്തനാര്‍ബുദ ബാധിതര്‍ രോഗത്തെ അതിജീവിക്കാനുള്ള സാധ്യതയേറി. എന്നാല്‍, വികസ്വര രാജ്യങ്ങളില്‍ സ്ഥിതി ഇപ്പോഴും ആശാവഹമല്ല.പൊണ്ണത്തടിയും ഭക്ഷണശീലങ്ങളിലെ മാറ്റവും ആദ്യത്തെ കുഞ്ഞിന്റെ പിറവി വൈകുന്നതും രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതിനിടയിലാണ് സ്ത്രീകള്‍ക്ക് മാത്രം പിടിപെടുന്ന രോഗമല്ല സ്തനാര്‍ബുദം എന്ന കണ്ടെത്തലുണ്ടായത്. ഓരോ വര്‍ഷവും 13,000 പുരുഷന്‍മാരില്‍ പുതുതായി രോഗം കണ്ടെത്തുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഇതുമൂലം മരണമടയുന്നവരുടെ എണ്ണത്തില്‍ 2000 മുതല്‍ 3.3 ശതമാനം കുറവുണ്ടെന്ന് ബ്രെസ്റ്റ് ക്യാന്‍സര്‍ ജേണലിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.പുരുഷന്‍മാര്‍ക്കും സ്തന കലകളുണ്ടെന്നും അവര്‍ക്കും സ്തനാര്‍ബുദം വരുമെന്നും ഭൂരിഭാഗത്തിനും അറിയില്ല. 
സ്തനാര്‍ബുദത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കില്‍ സ്തനത്തിന്റെ ഘടനയെക്കുറിച്ച് അവശ്യം അറിവുണ്ടാകണം.
 ലോബ്യൂള്‍സ് (സ്ത്രീകളില്‍ പാലുത്പാദിപ്പിക്കുന്ന ഗ്ലാന്‍ഡുകള്‍), ഡക്ട്‌സ് (ലോബ്യൂളുകളില്‍ നിന്ന് മുലക്കണ്ണുകളിലേയ്ക്ക് പാല് കൊണ്ടുപോകുന്ന ചെറിയ ട്യൂബുകള്‍), സ്‌ട്രോമ (ലോബ്യൂളുകളെയും ഡക്ടുകളെയും ചുറ്റിക്കാണുന്ന കലകളും കൊഴുപ്പുകലകളും രക്തക്കുഴലുകളും ലിംഫാറ്റിക് വെസലുകളും) എന്നിവയാലാണ് സ്തനങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകും വരെ (13-14 വയസ് പ്രായം വരെ) പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ചെറിയ അളവ് സ്തനകലകളേ ഉണ്ടാകൂ. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ പെണ്‍കുട്ടികളില്‍ അണ്ഡാശയങ്ങള്‍ സ്ത്രീ ഹോര്‍മോണുകള്‍ ഉത്പ്പാദിപ്പിക്കാന്‍ തുടങ്ങും. അതോടെ സ്തന വളര്‍ച്ചയും ആരംഭിക്കും. ആണ്‍കുട്ടികളില്‍, വൃഷണം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ സ്തന കലകളുടെ വളര്‍ച്ചയെ നിയന്ത്രിച്ചു നിര്‍ത്തും. ശരീരത്തിലെ മറ്റെല്ലാ കോശങ്ങളെയുമെന്ന പോലെ പുരുഷന്‍മാരുടെ സ്തനത്തിലെ കോശങ്ങളെയും അര്‍ബുദം ബാധിക്കാം. എന്നാല്‍, പുരുഷന്‍മാരിലെ സ്തനാര്‍ബുദം അത്ര സാധാരണമല്ല. 
കാരണം, അവരിലെ ഡക്ട് സെല്ലുകള്‍ സ്ത്രീകളുടെയത്ര വികസിച്ചിട്ടില്ല. ഡക്ടര്‍ കാര്‍സിനോമ ഇന്‍ സിറ്റു (ഡി.സി.ഐ.എസ്), ഇന്‍ഫില്‍ട്രേറ്റിങ് (ഇന്‍വേസിവ്) ഡക്ടല്‍ കാര്‍സിനോമ (ഐ.ഡി.സി.), ഇന്‍ഫില്‍ട്രേറ്റിങ് (ഇന്‍വേസിവ്) ലോബ്യുലാര്‍ കാര്‍സിനോമ (ഐ.എല്‍.സി.), ലോബ്യുലാര്‍ കാര്‍സിനോമ ഇന്‍ സിറ്റു (എല്‍.സി.ഐ.എസ്.), പേജെന്റ് ഡിസീസ് ഓഫ് ദ നിപ്പിള്‍, ഇന്‍ഫ്ലാമേറ്ററി ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നിവയാണ് പുരുഷന്‍മാരെ ബാധിക്കുന്ന വിവിധ തരം സ്തനാര്‍ബുദങ്ങള്‍.സ്ത്രീയായാലും പുരുഷനായാലും സ്താനാര്‍ബുദം ബാധിച്ചയാള്‍ രക്ഷപ്പെടാനുള്ള സാധ്യത ഇന്ന് വളരെയേറെയാണ്. സ്തനാര്‍ബുദം സ്ഥിരീകരിച്ചയാള്‍ 10 വര്‍ഷത്തിലേറെ ജീവിച്ചിരിക്കുകയെന്നത് 60 വര്‍ഷം മുമ്പ് അസാധ്യമെന്ന് കരുതിയിരുന്നു. കാല്‍ശതമാനം രോഗികളേ ഇത്തരത്തില്‍ രോഗത്തെ അതിജീവിച്ചിരുന്നുള്ളൂ. ഇന്ന് ഇത് മൂന്നിരട്ടിയായിയിരിക്കുന്നു. എന്നാല്‍, അര്‍ബുദ കോശങ്ങള്‍ സ്തനത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേയ്ക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ രോഗി 10 വര്‍ഷത്തിലേറെ ജീവിച്ചിരിക്കാന്‍ 22 ശതമാനം സാധ്യതയേ ഇന്നുമുള്ളൂ. 


പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: