Pages

Saturday, July 14, 2012

മറുനാടന്‍ മലയാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ്: അപേക്ഷാഫോറം സ്വീകരിച്ചു തുടങ്ങി


മറുനാടന്‍ മലയാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ്: അപേക്ഷാഫോറം സ്വീകരിച്ചു തുടങ്ങി

മറുനാടന്‍ മലയാളികള്‍ക്കായുള്ള എന്‍.ആര്‍.കെ. ഇന്‍ഷുറന്‍സ് പദ്ധതിയുടെ അപേക്ഷാഫോമുകള്‍ നോര്‍ക്ക ഓഫീസില്‍ സ്വീകരിച്ചുതുടങ്ങി. ട്രാവന്‍കൂര്‍ ഹൗസിലെ നോര്‍ക്ക ഓഫീസിലും മലയാളി സംഘടനകള്‍ വഴിയും ഫോം ലഭിക്കും. www.norkaroots.net എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം 18 വയസ് പൂര്‍ത്തിയാക്കിയ, രണ്ട് വര്‍ഷമെങ്കിലുമായി കേരളത്തിന് പുറത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവര്‍ക്ക് എന്‍.ആര്‍.കെ. ഇന്‍ഷുറന്‍സ് കാര്‍ഡിന് അപേക്ഷിക്കാം. പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി 55 വയസ്സ്. നോര്‍ക്ക വഴിയാണ് ഇന്‍ഷുറന്‍സ് വിതരണം ചെയ്യുക.ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന പദ്ധതിക്ക് 300 രൂപയാണ് ഫീസ്. പോളിസി തുക 'നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍' എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി.യായി അയയ്ക്കണം. അപേക്ഷാഫോമില്‍ നല്‍കിയ വിവരങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ കൗണ്‍സിലര്‍, എം.എല്‍.എ., എം.പി., കേന്ദ്ര, സംസ്ഥാന ഗസറ്റഡ് ഓഫീസര്‍മാര്‍ എന്നിവരില്‍ ആരെങ്കിലുമൊരാള്‍ സാക്ഷ്യപ്പെടുത്തണം.

ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. അപകട മരണത്തിന് രണ്ട് ലക്ഷം രൂപയും അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സ്ഥിര അംഗവൈകല്യത്തിന് രണ്ട് ലക്ഷം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പും അന്യസംസ്ഥാനത്ത് താമസിക്കുന്നതിന്റെയോ ജോലി ചെയ്യുന്നതിന്റെയോ രേഖയും ഹാജരാക്കണം. സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വാടകച്ചീട്ട്, വൈദ്യുതി, ടെലിഫോണ്‍ ബില്ലുകള്‍, ഫോട്ടോയോടുകൂടിയ ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ഉപയോഗിക്കാം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: