Pages

Saturday, July 7, 2012

കവര്‍ച്ചകള്‍ കേരളത്തില്‍ നിത്യസംഭവം


                             കവര്‍ച്ചകള്‍  
                  കേരളത്തില്‍  നിത്യസംഭവം

കേരളത്തില്‍ വന്‍ക്ഷേത്രക്കവര്‍ച്ചകള്‍ കൂടുന്നത് വിശ്വാസികള്‍ക്കു മാത്രമല്ല, സമൂഹത്തിനാകെ ആശങ്കയുണ്ടാക്കുന്നു. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിലും ആലപ്പുഴ ജില്ലയിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും ഈയിടെ, ഒരേദിവസമാണ് കവര്‍ച്ചയുണ്ടായത്. കല്ലൂപ്പാറ ക്ഷേത്രത്തിലെ അന്തേവാസി മോഷണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. ചെറുതും വലുതുമായ മോഷണങ്ങള്‍ മറ്റു ചില ക്ഷേത്രങ്ങളിലും അടുത്തകാലത്തുണ്ടായി. ഇത്തരം കവര്‍ച്ചക്കാര്‍ എന്തിനും മടിക്കുകയില്ലെന്നാണ് കല്ലൂപ്പാറ സംഭവം വ്യക്തമാക്കുന്നത്. ക്ഷേത്രക്കവര്‍ച്ചകള്‍ കൂടുകയും അവയില്‍ പലതിനും തുമ്പുണ്ടാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെ ഗൗരവമായിത്തന്നെ കാണണം. ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങളും മറ്റ് അമൂല്യ വസ്തുക്കളും കവരുന്ന സംഘങ്ങള്‍ ആസൂത്രിതമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം വസ്തുക്കള്‍ ആഗോളതലത്തില്‍ വിപണനം നടത്തുന്ന ഗൂഢസംഘങ്ങളുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പുരാവസ്തുക്കള്‍ക്ക് പ്രിയം വര്‍ധിച്ചതോടെ ക്ഷേത്രങ്ങള്‍ ഇത്തരക്കാരുടെ ശ്രദ്ധാകേന്ദ്രങ്ങളായി. കേരളത്തിലെ ക്ഷേത്രങ്ങളില്‍ മിക്കവയിലും അമൂല്യവസ്തുക്കളുണ്ട്. സ്വര്‍ണത്താഴികക്കുടങ്ങളും വിഗ്രഹങ്ങളും മറ്റും അവയില്‍ ഉള്‍പ്പെടുന്നു.

പല ക്ഷേത്രങ്ങളിലും കാവല്‍ക്കാരില്ല. ഇതും കവര്‍ച്ചക്കാരെ സംബന്ധിച്ചിടത്തോളം അനുകൂലഘടകമാണ്. ഈ സാഹചര്യത്തില്‍, കവര്‍ച്ചകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഊര്‍ജിതമാക്കുന്നതിനൊപ്പം ആവശ്യമായ മുന്‍കരുതലുകളെടുക്കുകയും ചെയ്യണം. ക്ഷേത്രക്കവര്‍ച്ചകള്‍ക്ക് പൊതുവേയുള്ള സവിശേഷതകളും സങ്കീര്‍ണതകളും കണക്കിലെടുത്താണ് അവയുടെ അന്വേഷണത്തിന് ടെമ്പിള്‍സ്‌ക്വാഡ് രൂപവത്കരിച്ചത്.
 
എന്നാല്‍, ഈ വിഭാഗത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കുറേ കവര്‍ച്ച
ക്കേസുകളില്‍ പ്രതികളെ പിടികൂടിയെങ്കിലും പല പ്രധാനപ്പെട്ട കേസുകളും തെളിയിക്കാനുണ്ട്. ക്ഷേത്രക്കവര്‍ച്ചകള്‍ അന്വേഷിക്കാന്‍ നിയുക്തമാകുന്ന വിഭാഗങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതവും ഏകോപിതവുമാക്കണം. അന്വേഷണസംഘങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളും ആധുനികസംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതിനും അധികൃതര്‍ മടിക്കരുത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, പോലീസിന്റെ നീക്കങ്ങളെയും മുന്‍കരുതലുകളെയും മറ്റും മറികടക്കാന്‍ പലപ്പോഴും മോഷ്ടാക്കള്‍ക്ക് കഴിയുന്നു. 

വിലപിടിപ്പുള്ള വസ്തുക്കളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും മറ്റും വിശദാംശങ്ങള്‍ നേരത്തേ തന്നെ മനസ്സിലാക്കിയശേഷമാണ് മോഷ്ടാക്കള്‍ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തുന്നതെന്ന് പല സംഭവങ്ങളും വ്യക്തമാക്കുന്നു. പലപ്പോഴും ഒരു പ്രദേശത്തുള്ള ഒന്നിലേറെ ക്ഷേത്രങ്ങള്‍ ഒരേ രാത്രി കവര്‍ച്ച ചെയ്യപ്പെടാറുണ്ടെന്നതും ശ്രദ്ധേയമാണ്.
 അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി മോഷണം നടത്തി മടങ്ങുന്ന സംഘങ്ങളുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവിധ ജോലികള്‍ക്കായി അന്യസംസ്ഥാനക്കാര്‍ വന്‍തോതില്‍ ഇവിടെ എത്തുന്ന സാഹചര്യം അവിടെ നിന്നുള്ള മോഷ്ടാക്കള്‍ക്കും സഹായകമാകുന്നുണ്ട്. മറുനാടുകളില്‍ നിന്നുള്ള തൊഴിലാളികളെക്കുറിച്ച് മുഴുവന്‍ വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവയെല്ലാം പരിഗണിച്ചുള്ളതാവണം കരുതല്‍നടപടികള്‍.ക്ഷേത്രക്കവര്‍ച്ചക്കേസുകളുടെ കാര്യത്തില്‍ ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥര്‍ ചുമതല നിറവേറ്റുന്നുണ്ടെന്നുറപ്പുവരുത്താനും സര്‍ക്കാറിനു കഴിയണം. കവര്‍ച്ചക്കാര്‍ ഇവിടത്തെ മറ്റു പല ക്ഷേത്രങ്ങളും ലക്ഷ്യമിടുന്നുണ്ടാവാം. അമൂല്യ വിഗ്രഹങ്ങളടക്കമുള്ള വസ്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ ക്ഷേത്രഭരണാധികാരികളും കൂടുതല്‍ ശ്രദ്ധിച്ചേ മതിയാകൂ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: