Pages

Saturday, June 2, 2012

RACIAL ATTACK IN UKRAINE


യുക്രൈനില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക്
 വംശീയ പീഡനം

യൂറോപ്യന്‍ രാജ്യമായ യുക്രൈനില്‍ ക്രൂരമായ വംശീയ പീഡനത്തിന് ഇരയാകുന്ന മലയാളി വിദ്യാര്‍ഥികള്‍ കടുത്ത ഭീതിയില്‍. വന്‍തുക ഫീസ് നല്‍കി എന്‍ജിനീയറിങ്ങടക്കമുള്ള കോഴ്‌സുകള്‍ പഠിക്കാനായി യുക്രൈയിനിലുള്ള ആയിരത്തോളം മലയാളി വിദ്യാര്‍ഥികളാണ് നവനാസികളുടെ കൊടുംപീഡനത്തിനിരയാവുന്നത്. അടുത്തിടെ ഫുട്‌ബോള്‍ മത്സരം കാണാന്‍പോയ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ വംശവെറിയന്‍മാര്‍ തല്ലിച്ചതച്ചപ്പോള്‍ പോലീസടക്കമുള്ള അധികൃതര്‍ കൈയുംകെട്ടി നോക്കിനിന്നതായി പരിക്കേറ്റ ഒരു വിദ്യാര്‍ഥി 'മാതൃഭൂമി'യെ ഇ-മെയില്‍വഴി അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ബി.ബി.സി. വഴി പുറത്തുവന്നിട്ടും ഇന്ത്യന്‍ അധികൃതര്‍ അറിഞ്ഞമട്ടില്ല. യുക്രൈന്‍ ടീമിന് പിന്തുണയുമായി മൈതാനത്തെത്തിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് വംശവെറിയര്‍ അടിച്ചോടിച്ചത്. ക്രൂരമായ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കടക്കം പരിക്കേറ്റു. യൂറോ കപ്പ് ഫുട്‌ബോള്‍ നടക്കാനിരിക്കെ, നവനാസികള്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ കടന്നാക്രമണവുമായി ഇറങ്ങിയത് അന്താരാഷ്ട്രമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

ഏഷ്യന്‍ വംശജര്‍ക്കെതിരെ തെരുവുകളില്‍ പരസ്യമായ അധിക്ഷേപത്തിന് വംശീയവാദികള്‍ മുതിരുന്നുണ്ട്. യുക്രൈനിലെ വിദ്യാഭ്യാസത്തെ പറ്റി തങ്ങള്‍ക്കു മികച്ച അഭിപ്രായമാണെങ്കിലും ഓരോ ദിവസവും തങ്ങള്‍ കടുത്ത ഭീതിയിലാണ് ജീവിക്കുന്നതെന്നു മലയാളി വിദ്യാര്‍ഥി ഇ-മെയിലില്‍ അറിയിച്ചു. ഇക്കാര്യമൊന്നും അറിയാതെ ഓരോ വര്‍ഷവും പുതിയ മലയാളി വിദ്യാര്‍ഥികള്‍ ഇവിടെ എത്തുന്നതുകൊണ്ടാണ് തങ്ങള്‍ ഇക്കാര്യം പരസ്യപ്പെടുത്തുന്നതെന്നും പേരു വെളിപ്പെടുത്താത്ത വിദ്യാര്‍ഥി പറയുന്നു.(mathrubhumi)

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: