Pages

Saturday, June 2, 2012

EPILEPSY


EPILEPSY (അപസ്മാരം)

വളരെ സാധാരണയായി കാണപ്പെടുന്ന ഒരു മസ്തിഷ്‌കരോഗമാണ് അപസ്മാരം. ഏകദേശം 50 ദശലക്ഷം വ്യക്തികള്‍ക്ക് അപസ്മാരരോഗബാധ ഉണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 80 ശതമാനത്തോളം ആളുകളും വികസ്വരരാജ്യങ്ങളിലാണ് ജീവിക്കുന്നത്. ഇന്ത്യയില്‍ ഏകദേശം ആയിരത്തില്‍ അഞ്ചുപേര്‍ക്ക് അപസ്മാരരോഗം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതില്‍ മൂന്നില്‍ രണ്ടുപേരും കുട്ടികളാണ്.
എന്നാല്‍ വളരെയധികം തെറ്റിദ്ധാരണകള്‍ ഈ രോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ വച്ചു പുലര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വളരെ അടുത്തകാലത്ത് നടത്തിയ ഒരു പഠനത്തില്‍ ഏകദേശം മൂന്നിലൊന്നു പേരും അപസ്മാരരോഗം ഒരു പാരമ്പര്യ രോഗമായിട്ടാണ് കരുതിയത്. മറ്റൊരു ഭൂരിപക്ഷം അപസ്മാരരോഗം ഒരു മനോരോഗമായി കണക്കാക്കുന്നു. വിദ്യാസമ്പന്നമായ കേരളത്തിലെ സ്ഥിതിയും ഒട്ടും വിഭിന്നമല്
അപസ്മാരം ഒരു മസ്തിഷ്‌കരോഗമാണ്. മസ്തിഷ്‌കത്തിലെ വൈദ്യുതതരംഗങ്ങളിലുണ്ടാവുന്ന വ്യതിയാനമാണ് അപസ്മാരരോഗത്തിന് കാരണമാകുന്നത്. ജനിതകപരമായ പ്രത്യേകതകള്‍ മൂലമോ മസ്തിഷ്‌കസംബന്ധിയായ അസുഖങ്ങള്‍ മൂലമോ അപസ്മാരരോഗബാധ ഉണ്ടാകാം. വാസ്തവത്തില്‍ ഇത്തരം മസ്തിഷ്‌കരോഗങ്ങളുടെ ഒരു രോഗലക്ഷണമാണ് അപസ്മാരം. അപസ്മാരമുണ്ടാക്കുന്ന ചില മസ്തിഷ്‌കരോഗങ്ങളെ നമുക്ക് പലപ്പോഴും തടയാന്‍ സാധിക്കും. ഉദാഹരണത്തിന് ഗര്‍ഭസ്ഥശിശുവിന്റെ ശരിയായ പരിചരണത്തിലൂടെ ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തും സംഭവിക്കുന്ന മസ്തിഷ്‌കക്ഷതങ്ങളെ വലിയൊരളവോളം ഒഴിവാക്കാന്‍ കഴിയും. ദ്വിചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നതു വഴി ശിരസ്സിനുണ്ടാവുന്ന ക്ഷതങ്ങള്‍ ഒഴിവാക്കാം. അതുവഴി അപസ്മാരരോഗ സാധ്യത കുറക്കാവുന്നതാണ്. ശരിയായ രീതിയില്‍ പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കുക വഴി മസ്തിഷ്‌കജ്വരം തടയാന്‍ സാധിക്കും. അമിതമായ മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും അപസ്മാരരോഗത്തിലേക്ക് നയിക്കാറുണ്ട്.ജന്മനായുള്ള ചില ദശകള്‍ മസ്തിഷ്‌കത്തില്‍ കാണപ്പെടാം (Focal Cortical Dysplasia). ഇത്തരം ദശകള്‍ ശക്തിയായ അപസ്മാരരോഗത്തിന് നിദാനമാകാം. ഇത്തരം ദശകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ് അഭികാമ്യം.

ഇടക്കിടെയുള്ള ബോധക്ഷയം, ഞെട്ടലുകള്‍, കൈകാലുകളുടെയും മുഖത്തിന്റെയും അനിയന്ത്രിതമായ ചലനങ്ങള്‍ എന്നിങ്ങനെ പല രൂപത്തില്‍അപസ്മാരരോഗം കാണപ്പെടാം. പൊതുവെ അപസ്മാരത്തെ (Seizure) ഫോക്കല്‍ (Focal) എന്നും, ജെനറലൈസ്ഡ് (Generalized) എന്നും തരംതിരിക്കാം. മസ്തിഷ്‌കത്തിന്റെ ഏതു ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത് എന്നതനുസരിച്ച് രോഗലക്ഷണങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് കാഴ്ചയെ നിയന്ത്രിക്കുന്ന ഓക്‌സിപ്പിറ്റല്‍ ലോബില്‍ (Occipital Lobe) നിന്നാണ് രോഗം ആരംഭിക്കുന്നതെങ്കില്‍ ചില അസാധാരണമായ ദര്‍ശനാനുഭവങ്ങള്‍ അനുഭവപ്പെടാം. അപസ്മാര ചികിത്സയിലെ ഏറ്റവും നിര്‍ണ്ണായകമായ ഭാഗം ശരിയായ രോഗനിര്‍ണ്ണയമാണ്. അപസ്മാരരോഗത്തെ മറ്റു സമാന അസുഖങ്ങളില്‍ നിന്ന് വേര്‍തിരിക്കേണ്ടത് ചികിത്സയില്‍ വളരെ പ്രധാനമാണ്. ഉദാഹരണത്തിന് ഇടക്കിടെയുള്ള തലചുറ്റല്‍ സിംകോപെ (Syncope) എന്ന താരതമ്യേന ശക്തി കുറഞ്ഞ ഒരു അസുഖത്തിന്റെ ലക്ഷണമാകാം. അതുപോലെ മാനസികമായ സമ്മര്‍ദ്ദങ്ങള്‍ മൂലവും അപസ്മാരത്തോട് സമാനമായ ലക്ഷണങ്ങള്‍ കാണിക്കാം. ഒരു വിദഗ്ധ ചികിത്സകന് ഇവയെ വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. ശരിയായ രോഗനിര്‍ണ്ണയത്തിനുശേഷം മാത്രമേ ചികിത്സ ആരംഭിക്കാന്‍ പാടുകയുള്ളൂ.
കുട്ടികളിലെ അപസ്മാരം
കുട്ടികളില്‍ ചുരുക്കമായി മാത്രം കാണുന്ന ഒരു അസുഖമാണ് അപസ്മാരം. കുട്ടിക്കാലത്തു മാത്രം കാണുന്ന ചില അപസ്മാരങ്ങളുണ്ട്. ഇവ ഒരു പ്രായമെത്തുന്നതോടെ തനിയെ മാറിയെന്നു വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ കുട്ടിക്കാലത്തേ ചികില്‍സിച്ചു മാറ്റിയില്ലെങ്കില്‍ ഗുരുതരപ്രശ്‌നങ്ങളായി വളരാനുമിടയുണ്ട്. അതിനാല്‍ കുട്ടികളിലെ അപസ്മാരങ്ങളെ വേര്‍തിരിച്ച് കൃത്യമായി ഏതു തരത്തിലുള്ളതാണെന്ന് മനസ്സിലാക്കിയ ശേഷം, ശരിയായ ചികിത്സാരീതികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. തലച്ചോറില്‍ ഉണ്ടാകുന്ന പ്രത്യേകതരം വൈദ്യുതസ്പന്ദനങ്ങളാണ് അപസ്മാരത്തിനു കാരണം. അസ്വാഭാവികമായുണ്ടാകുന്ന ഈ വൈദ്യുത സ്പന്ദനത്തിന് സന്നി എന്നാണ് പറയുക. ഒന്നിലധികം തവണ ഇങ്ങനെ സന്നിയുണ്ടാകുന്ന അവസ്ഥയാണ് അപസ്മാരം. തലച്ചോറില്‍ സന്നി അഥവാ അസ്വാഭാവിക വൈദ്യുതസ്പന്ദനം ഉണ്ടാകുമ്പോള്‍ അത് ശരീരത്തെയാകെ പലതരത്തില്‍ ബാധിക്കും. അവയവങ്ങള്‍ വെട്ടി വിറയ്ക്കുകയോ കോച്ചിപ്പിടിക്കുകയോ ഒക്കെയാണ് സാധാരണയുണ്ടാകുന്ന പ്രശ്‌നങ്ങള്‍. തലച്ചോറിലുണ്ടാകുന്ന വൈദ്യുതസ്പന്ദനത്തിന്റെ തീവ്രതയ്ക്കും സ്വഭാവത്തിനും അനുസരിച്ച് ശാരീരിക ചേഷ്ടകള്‍ക്കും വ്യത്യാസമുണ്ടാകും.ആദ്യത്തെ മൂര്‍ച്ഛ ഏതു പ്രായത്തില്‍ ഉണ്ടാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ബാലാപസ്മാരം മുതിര്‍ന്നവരിലെ അപസ്മാരം എന്നിങ്ങനെ വേര്‍തിരിക്കുന്നത്. 12 വയസ്സിനു മുമ്പ് ഉണ്ടാകുന്ന രോഗത്തെയാണ് സാധാരണഗതിയില്‍ ബാലാപസ്മാരം എന്നു വിശേഷിപ്പിക്കുക. 12-16 പ്രായത്തിലുണ്ടാകുന്നവയെ ജുവനെയില്‍ എപ്പിലെപ്‌സി എന്നാണ് പറയുക. വെസ്റ്റ് സിന്‍ഡ്രോം, അഭാവസന്നി തുടങ്ങിയവ കുട്ടിക്കാലത്തു മാത്രം കാണുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തണം. കൃത്യമായി ചികിത്സിച്ചു മാറ്റുകയും വേണം. അല്ലെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രശ്‌നങ്ങളായി മാറിയേക്കാം
More details: please contact:
ഡോ.വിനയന്‍ കെ.പി.
പ്രൊഫസര്‍, അമൃത അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപിലപ്‌സി
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോളജി,
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്
Email - vinayankp@aims.amrita.edu

ഡോ.കെ.രാധാകൃഷ്ണന്‍
ഡോ.ആര്‍.ആശാലത
ന്യൂറോളജി വിഭാഗം, ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ട്
ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം

                                                   പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: