Pages

Wednesday, June 13, 2012

POLLUTION & RELATED DISEASES


കേരളത്തില്‍  മാലിന്യം കുമിയുന്നു
  രോഗങ്ങള്‍  പടരുന്നു .
ഒരുവശത്ത് രോഗങ്ങളും മറുവശത്ത് മാലിന്യവും വ്യാപകമാകുന്ന ആപത്കരമായ സാഹചര്യമാണിപ്പോള്‍ കേരളത്തില്‍ പൊതുവേയുള്ളത്. രോഗപ്രതിരോധനടപടികളില്‍ ഏറേ പ്രധാനപ്പെട്ടതാണ് മാലിന്യനിര്‍മാര്‍ജമെങ്കിലും അക്കാര്യത്തില്‍ പലേടത്തും അധികൃതര്‍ അലസസമീപനം തുടരുകയാണ്. അവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും. മാലിന്യനിര്‍മാര്‍ജനം, സംസ്‌കരണം തുടങ്ങിയവയുടെ പുരോഗതി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലാബോധത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ സഹകരിക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് പ്രശ്‌നത്തിന്റെ ഗൗരവം സര്‍ക്കാറിന് ബോധ്യപ്പെട്ടതു കൊണ്ടാവണം. മാലിന്യം നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് കൈപ്പറ്റിയിട്ട് അതിനനുസൃതമായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാതിരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുക്കുക. കേരളത്തില്‍ ഇന്ന് വന്‍നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമല്ല നാട്ടിന്‍പുറങ്ങളിലും മലിനീകരണം ജനങ്ങളുടെ സൈ്വരജീവിതത്തിനും ആരോഗ്യത്തിനും കടുത്തഭീഷണിയായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഈ പ്രശ്‌നത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയേ മതിയാകൂ. പല തദ്ദേശസ്ഥാപനങ്ങളും ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ മടിക്കുന്നതിന് കാരണമായി പറയാറുള്ളത് സാമ്പത്തിക ഞെരുക്കമാണ്. ആ നിലയ്ക്ക് സര്‍ക്കാര്‍ ഇതിനായി ഫണ്ട് അനുവദിക്കുമ്പോള്‍ അത് പൂര്‍ണമായും ഫലപ്രദമായും വിനിയോഗിക്കേണ്ട ബാധ്യത ബന്ധപ്പെട്ടവര്‍ക്കുണ്ട്. മാലിന്യം നീക്കം ചെയ്യാനും മഴക്കാലപൂര്‍വശുചീകരണത്തിനുമായി ഓരോ വാര്‍ഡിനും 25,000രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഈ പണം കിട്ടിയിട്ട് പല തദ്ദേശസ്ഥാപനങ്ങളും തുടര്‍നടപടികള്‍ എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം കോര്‍പ്പറേഷന് 5. 7 കോടി രൂപ പൈപ്പ് കമ്പോസ്റ്റ് പദ്ധതിക്കായി നല്‍കിയിരുന്നു. ഒരു ലക്ഷത്തോളംപേര്‍ ഇതിന് ആവശ്യക്കാരായി ഉണ്ടായിട്ടും 10, 000ത്തില്‍ താഴെ പൈപ്പുകളേ കോര്‍പ്പറേഷന്‍ വിതരണം ചെയ്തുള്ളൂ എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത വീഴ്ചകള്‍ക്ക് ഉദാഹരണമാണിത്. സര്‍ക്കാറിന്റെ പണം കൈപ്പറ്റിയിട്ടും മാലിന്യനിര്‍മാര്‍ജനവുമായി സഹകരിക്കാത്ത തദ്ദേശസ്ഥാപനങ്ങളിലെ അധികൃതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണമാകാമെന്ന പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റെ നിര്‍ദേശവും സ്വാഗതാര്‍ഹമാണ്. കടുത്തനടപടികള്‍ ഉണ്ടാകുമെന്ന് വന്നാലേ ഇത്തരം വീഴ്ചകള്‍ ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കാതിരിക്കൂ. മഴക്കാലം തുടങ്ങിയതോടെ കേരളത്തില്‍ പലേടത്തും വിവിധതരം പനികളും പകര്‍ച്ചവ്യാധികളും വ്യാപകമായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അനുഭവങ്ങളില്‍ നിന്ന് പഠിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇതോര്‍മിപ്പിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യവും മലിനമായ ജലസ്രോതസ്സുകളും ഒട്ടേറെ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ജലജന്യരോഗങ്ങളും കേരളത്തില്‍ പൊതുവേ കൂടുതലാണ്. എന്നിട്ടും മാലിന്യനിര്‍മാര്‍ജനത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നത് വലിയൊരു വൈരുധ്യം തന്നെ. ഇതിനുവേണ്ടി പലേടത്തും ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ നിര്‍ബദ്ധരാകുന്നു. രോഗങ്ങള്‍ പടരുമ്പോഴോ പ്രതിഷേധം രൂക്ഷമാകുമ്പോഴോ താത്കാലിക നടപടികള്‍ സ്വീകരിച്ച് ചുമതല തീര്‍ക്കുന്ന രീതിയാണ്, പല തദ്ദേശസ്ഥാപനങ്ങളും അനുവര്‍ത്തിച്ചുവരുന്നത്. ഇതിനു മാറ്റം വരുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ശാസ്ത്രീയവും ആവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റാന്‍ പര്യാപ്തവുമായ മാലിന്യനിര്‍മാര്‍ജന സംവിധാനം ചില കോര്‍പ്പറേഷനുകള്‍ക്കുപോലും ഇല്ല. രോഗങ്ങള്‍ക്കു കാരണമാകുന്ന എലി, കൊതുക് തുടങ്ങിയവയുടെ നശീകരണത്തിനുള്ള സംവിധാനവും പലേടത്തും പരിമിതമാണ്. രോഗങ്ങള്‍ പരക്കുമ്പോഴാണ് അധികൃതര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതു തന്നെ. ഇവയെല്ലാം തുടര്‍പരിപാടികളാകണമെങ്കില്‍ മാലിന്യനിര്‍മാര്‍ജനത്തിനും സംസ്‌കരണത്തിനുമുള്ള സ്ഥിരം സംവിധാനങ്ങള്‍ എല്ലായിടത്തും ഏര്‍പ്പെടുത്തണം. പണമോ നടപടിക്രമങ്ങളോ അതിന് തടസ്സമായിക്കൂടാ. രോഗാണുമുക്തമായ കുടിവെള്ളംപോലും കിട്ടാത്ത സ്ഥിതി കേരളത്തില്‍ പലേടത്തുമുണ്ട്. മലിനീകരണത്തിന് ഇടയാക്കുന്നവര്‍, വ്യക്തികളായാലും അധികൃതരായാലും വലിയ സമൂഹ ദ്രോഹമാണ് ചെയ്യുന്നത്. അവര്‍ക്കെതിരെ ആ നിലയ്ക്കുതന്നെ നടപടി ഉണ്ടാകണം.


പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: