Pages

Wednesday, June 13, 2012

EDUCATION & IT TECHNOLOGY


                                              വിദ്യാഭ്യാസവും 
                      വിവര സാങ്കേതിക വിദ്യയും
കെ. അന്‍വര്‍ സാദത്ത്‌
                  പഠനത്തോടൊപ്പം കലാകായിക മേഖലയിലും മറ്റ് പാഠ്യേതരപ്രവര്‍ത്തനങ്ങളിലും നാം കൈവരിച്ച നേട്ടങ്ങള്‍ ശാക്തീകരിക്കുന്ന പദ്ധതികള്‍ക്കാണ് വിദ്യാഭ്യാസവകുപ്പിലെ ഇ -ഗവേണന്‍സ് പരിപാടികള്‍ പ്രാമുഖ്യംനല്‍കുന്നത്. ആത്യന്തികമായി ഇത് ശാക്തീകരിക്കുന്നത് നമ്മുടെ വിദ്യാഭ്യാസമേഖലയെയും അധ്യാപകരെയുമാണ്
പുതുതലമുറയുടെ വിദ്യാഭ്യാസലക്ഷ്യങ്ങളില്‍ സര്‍വപ്രധാനമാണ് ക്രിയാത്മകതയും നൂതനത്വവും എന്നതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ വിവര വിനിമയ സാങ്കേതികവിദ്യ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് എല്ലാവരും ഇന്ന് അംഗീകരിച്ചിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ള ബിരുദസമ്പാദന സര്‍വകലാശാലാ സമ്പ്രദായങ്ങള്‍ക്ക് കാതലായ മാറ്റംവരും. ഇന്ന് നാമേറെ ആശങ്കപ്പെടുന്ന പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനരീതികള്‍മുതല്‍ ഇതിന് അപവാദമായെന്നുവരില്ല. എന്നാല്‍, ഭാവിതലമുറയെ നാളേക്കുപകരം ഇന്നിനുവേണ്ടി ഒരുക്കുന്ന തിരക്കിലാണ് നാമെന്ന് തോന്നിപ്പോകുന്നു. പരമ്പരാഗത രൂപത്തിലുള്ള മുന്നൊരുക്കങ്ങളും അണിഞ്ഞൊരുങ്ങലുകളുമായി നാം മുന്നോട്ടുപോകുമ്പോള്‍ പുതുതലമുറയോട് അത് എത്ര മാത്രം നീതി പുലര്‍ത്തുന്നുണ്ട് ? അവസരങ്ങളുടെ പുതിയലോകം സാങ്കേതികവിദ്യയിലൂടെ അവരുടെ മുന്നില്‍ അനാവൃതമാകുമ്പോള്‍ ജാലകങ്ങള്‍ തുറന്നിട്ടേ പറ്റൂ.2000-ല്‍ പ്രൊഫ. യു.ആര്‍. റാവു ചെയര്‍മാനായ കമ്മിറ്റി തയ്യാറാക്കിയ 'വിഷന്‍- 2010' എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം പത്തുവര്‍ഷം പൂര്‍ത്തിയാക്കി. വിവരവിനിമയസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി, കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയില്‍ കാതലായ മാറ്റങ്ങള്‍ക്ക് തുടക്കമിടാനും പുതുതലമുറയിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഈ രംഗത്തെ വെല്ലുവിളികള്‍ നേരിടാനുതകുംവിധം സുസജ്ജരാക്കാനും ഐ.ടി. ജ സ്‌കൂള്‍ പദ്ധതിക്ക് ഒരു പരിധിവരെ സാധിച്ചിട്ടുമുണ്ട്. വിഭാവനംചെയ്തതുപോലെ ഐ.ടി. പ്രത്യേകവിഷയമായി പഠിക്കുന്നതോടൊപ്പം വിവിധ വിഷയങ്ങള്‍ ഐ.ടി. ഉപയോഗിച്ച് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്ന ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസ രീതിയും 2010-ല്‍ കേരളത്തില്‍ നിലവില്‍ വന്നു. പക്ഷേ, ഹൈസ്‌കൂള്‍തലത്തില്‍ ഗൗരവമായ പഠനവും മൂല്യനിര്‍ണയരീതിയും പിന്തുടരുമ്പോള്‍ യു.പി. തലത്തില്‍ പ്രത്യേക പിരീഡോ മൂല്യനിര്‍ണയമോ ഇല്ലാത്ത 'മാമൂല്‍'പഠനമാണ് നടക്കുന്നത്. ഭാഷയിലും ഗണിതത്തിലും ശാസ്ത്ര-മാനവിക വിഷയങ്ങളിലും ഐ.ടി. യുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും അക്ഷരം, സംഖ്യ എന്നിവ സ്വാംശീകരിക്കാനും രചനാശേഷി വര്‍ധിപ്പിക്കാനും വിവിധ ഗെയിമുകള്‍വഴി കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലേക്ക് തയ്യാറാക്കിയ ഐ.സി.ടി. പാഠപുസ്തകങ്ങള്‍ ഈവര്‍ഷംമുതലുണ്ട്.ഐ.ടി. സംവിധാനങ്ങളെ അരസികമായും അശാസ്ത്രീയമായും അവതരിപ്പിക്കുന്ന (കൊച്ചുകുട്ടികളെ 'എന്താണ് കമ്പ്യൂട്ടര്‍' എന്ന് കാണാതെപഠിപ്പിക്കുക, ഒരു വേര്‍ഡ് ഡോക്യുമെന്റ് തുറക്കുന്ന വിധം വിശദമായി എഴുതാന്‍ ആവശ്യപ്പെടുക തുടങ്ങിയ രീതിയിലുള്ള) മറ്റുസിലബസ്സുകളിലെ ഐ.ടി. പാഠപുസ്തകങ്ങള്‍ക്ക് ശക്തമായ ബദലാണ് നമ്മുടെ പുസ്തകങ്ങള്‍. സര്‍ഗാത്മകത വികസിപ്പിക്കാന്‍ ഒട്ടും അവസരം നല്‍കാതെ കുട്ടികളുടെ മുന്നില്‍ ഐ.ടി.യെ ഒരു വെറുക്കപ്പെട്ട വിഷയമായി അവതരിപ്പിക്കുന്ന ഈ രീതി ഇതുവരെ മാറ്റിയതായി കാണുന്നുമില്ല. എന്നാല്‍, കഥ കേള്‍ക്കല്‍, കവിത ആസ്വദിക്കല്‍ ഇത്യാദി ഭാഷാപ്രവര്‍ത്തനങ്ങള്‍, ശുചിത്വം , ആരോഗ്യശീലങ്ങള്‍, പരിസരപഠനം, ഗണിതശേഷി വളര്‍ത്തല്‍, പൊതുസ്ഥാപനങ്ങളെ അറിയല്‍, സമൂഹവുമായുള്ള ഇടപെടല്‍ തുടങ്ങി ഒരു കുട്ടിയുടെ സാമൂഹികവും വ്യക്തിപരവുമായ ജീവിതം ഫലപ്രദമാക്കാനാവശ്യമായ ശേഷികളുടെ വികസനത്തിന് ഉതകുന്ന സങ്കേതങ്ങളാല്‍ സമൃദ്ധമാണ് പ്രൈമറിയിലെ പുതിയ ഐ.ടി. പഠനപുസ്തകങ്ങള്‍. പക്ഷേ, ഇത് നമ്മുടെ മുന്‍ഗണനകളില്‍ ഇനിയും ഇടംപിടിക്കേണ്ടതുണ്ട്. 2008-ല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനായി ലാപ്‌ടോപ്പുകള്‍ നല്‍കിയപ്പോള്‍ അതിന്റെ പ്രായോഗികതയില്‍ അന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്ന് കാല്‍ലക്ഷത്തിലധികം ലാപ്‌ടോപ്പുകളും നെറ്റ്ബുക്കുകളും നമ്മുടെ സ്‌കൂളുകളില്‍ ഉണ്ട്. ഈ മൊബൈല്‍ സംവിധാനംകൊണ്ടാണ് 12000 കുട്ടികള്‍ക്ക് 400 കേന്ദ്രങ്ങളില്‍വെച്ച് നാലുദിവസംകൊണ്ട് ആനിമേഷന്‍ പരിശീലനം നല്‍കാന്‍ നമുക്ക് സാധ്യമായത്. എന്നാല്‍, ഇന്ന് 1500 രൂപ മുതലുള്ള ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ ലഭ്യമായികൊണ്ടിരിക്കുന്നു. അഞ്ചു കോടിയോളം പാഠപുസ്തകങ്ങളാണ് വര്‍ഷംതോറും സര്‍ക്കാര്‍ചെലവില്‍ തയ്യാറാക്കുന്നത്. ഇതിന്റെ അച്ചടി വിതരണ സംഭരണ ഏകോപനച്ചെലവുകള്‍ അവിടെ നില്‍ക്കട്ടെ, കുട്ടിക്ക് ഇത് ചുമന്നുകൊണ്ട് നടക്കേണ്ട ബുദ്ധിമുട്ട് മാത്രം ഓര്‍ക്കുക. അതിനാല്‍ പാഠപുസ്തകങ്ങള്‍ നിലവിലുള്ള രൂപത്തില്‍ അതുപോലെ വിതരണം ചെയ്യാതെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ആനിമേഷനുകളും എല്ലാം ലോഡ് ചെയ്ത ഉള്ളടക്കം ഈ ടാബ്‌ലെറ്റിലാക്കി കുട്ടിക്ക് നല്‍കാം. ഡെസ്‌ക്‌ടോപ്പില്‍നിന്ന് ലാപ്‌ടോപ്പിലേക്കും നെറ്റ്ബുക്കിലേക്കും ടാബ്ലെറ്റിലേക്കും മാറുന്നപോലെ ഇപ്പോള്‍ വ്യാപകമായിട്ടുള്ള, കുറഞ്ഞ വൈദ്യുതിയും സ്ഥലവും ആവശ്യമായ ഒരുസിസ്റ്റത്തില്‍നിന്നും അഞ്ചോ പത്തോ മോണിറ്ററുകള്‍ പങ്കുവെക്കുന്ന കമ്പ്യൂട്ടര്‍ മാതൃകകള്‍ സ്‌കൂള്‍ലാബുകളില്‍ ഉപയോഗിക്കാം. പുതിയ ദേശീയ ഇ- വേസ്റ്റ് നിയന്ത്രണനിയമം അനുശാസിക്കുന്ന തരത്തില്‍ സ്‌കൂളുകളില്‍ ഉപയോഗപ്രദമല്ലാതെ കിടക്കുന്ന ഹാര്‍ഡ്‌വേര്‍ ഉപകരണങ്ങള്‍ ഇങ്ങനെ മാറ്റണം. സ്‌കൂളുകളില്‍ നടത്തിയ ഹാര്‍ഡ്‌വേര്‍ ക്ലിനിക് മാതൃക ഇപ്പോള്‍ മറ്റു പലവകുപ്പുകളും പിന്തുടരുന്നുണ്ട് എന്നതിനാല്‍ ഇതിനെ ഒരു പൊതുസംവിധാനമാക്കി മാറ്റാന്‍ ശ്രമിക്കാവുന്നതാണ്. ക്ലാസ് മുറികളില്‍ വൈറ്റ്‌ബോര്‍ഡുകള്‍, മള്‍ട്ടിമീഡിയാ പ്രൊജക്ടര്‍ തുടങ്ങിയവ സ്ഥാപിച്ച് കുറേ വീഡിയോ ഡി.വി.ഡി.കളും മറ്റും നല്‍കി, 'സ്മാര്‍ട്ട് സ്‌കൂളുകളും സ്മാര്‍ട്ട് ക്ലാസ്മുറികളും' ഉണ്ടാക്കുന്ന തെറ്റായ കീഴ്‌വഴക്കം പലപ്പോഴും കാണാം. ഉപകരണങ്ങള്‍ വാങ്ങി നല്‍കല്‍ താരതമ്യേന എളുപ്പം നടക്കുന്ന കാര്യമാണ്. എന്നാല്‍, ഉള്ളടക്കവും ഇതിന്റെ ഉപയോഗരീതികളും അതിനെക്കാളേറെ പ്രധാനമാണ്. തമിഴ്‌നാട്ടില്‍ എല്ലാകുട്ടികള്‍ക്കും ലാപ്‌ടോപ് നല്‍കുന്ന വാര്‍ത്തവന്നപ്പോള്‍തന്നെ 'പെട്ടി'ക്കകത്ത് എന്ത് എങ്ങനെ നല്‍കണമെന്ന കാര്യത്തില്‍ 'ഒരു നിശ്ചയവുമില്ലയൊന്നിനും' എന്ന അവസ്ഥയാണെന്ന വിമര്‍ശവും ഉണ്ടായിരുന്നു. മുന്‍കൂട്ടി ആരെങ്കിലും തയ്യാറാക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കം ഏതെങ്കിലും കമ്പനികളില്‍നിന്ന് വാങ്ങി അതേപോലെ ഉപയോഗിക്കുന്ന രീതി കേരളത്തില്‍ പിന്തുടര്‍ന്നിട്ടില്ല. വിരലിലെണ്ണാവുന്ന വിദഗ്ധര്‍ ശില്പശാലകള്‍ നടത്തി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന രീതിക്കുപകരം അധ്യാപകരുടെയും കുട്ടികളുടെയും സാങ്കേതിക വിദഗ്ധരുടെയുമെല്ലാം പങ്കാളിത്തത്തോടെ കൂട്ടായ്മയില്‍ നിന്നാണ് ഡിജിറ്റല്‍ ഉള്ളടക്കം രൂപപ്പെടേണ്ടത്. ഇതിനൊരു അംഗീകാരം നല്‍കുന്ന പ്രക്രിയയും ആവാം. 2009-ലെ കേരളപ്പിറവിദിനത്തില്‍ തുടങ്ങിയ 'സ്‌കൂള്‍ വിക്കി', പത്താംക്ലാസുകാര്‍ക്കുള്ള റിസോഴ്‌സ് പോര്‍ട്ടല്‍... തുടങ്ങി ഇതിനകം 88 ലക്ഷം പേര്‍ സന്ദര്‍ശിച്ച അധ്യാപകരുടെ കൂട്ടായ്മയായ 'മാത്‌സ് ബ്ലോഗ്' എല്ലാം ഈ ദിശയിലേക്കുള്ള തുടക്കമായി കാണാം. വിവിധങ്ങളായ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ യഥേഷ്ടം ലഭ്യമായ ഗൂഗിളിന്റെ 'ഗൂഗിള്‍ പ്ലേ', ആപ്പിളിന്റെ 'ആപ് സ്റ്റോര്‍' തുടങ്ങിയ മാതൃകയില്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കും ഒരു വിപുലമായ ഉള്ളടക്ക സേവന സംഭരണ വിതരണ വ്യൂഹം (കേരള എഡ്യുസ്റ്റോര്‍) ക്ലാസുകള്‍ തിരിച്ചും വിഷയങ്ങള്‍ തിരിച്ചും സൃഷ്ടിച്ചെടുക്കാം.ഇതിന്റെ ശാക്തീകരണത്തിനായി ഫേസ്ബുക്ക് മാതൃകയില്‍ ഒരു സമാന്തര സോഷ്യല്‍നെറ്റ്‌വര്‍ക്ക് ശൃംഖല രൂപപ്പെടുത്താം.
സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ സാര്‍വത്രിക ഉപയോഗം ഉറപ്പുവരുത്താന്‍ കഴിഞ്ഞതുകൊണ്ടാണ് ലോകത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത രൂപത്തില്‍ ആനിമേഷനും വീഡിയോ എഡിറ്റിങ്ങും ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നമുക്ക് കഴിഞ്ഞത്. ദേശീയ കരിക്കുലം ചട്ടക്കൂടും (എന്‍.സി.എഫ്.) കേരള കരിക്കുലം ചട്ടക്കൂടും (കെ. സി.എഫ്.) വിഭാവനംചെയ്യുന്ന അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ വിദ്യാഭ്യാസത്തെ സമീപിക്കാന്‍ വിപുലമായ സാധ്യതകളാണ് സ്വതന്ത്ര സോഫ്റ്റ്‌വേര്‍ അനാവരണം ചെയ്യുന്നത്. ബുദ്ധിപരമായ പഠനപ്രക്രിയയെയും യുക്തിചിന്തയെയും പ്രോത്സാഹിപ്പിക്കാനും കൂട്ടായ്മയിലൂടെയുള്ള വിവരശേഖരണശേഷി വളര്‍ത്താനും ശരിയായ ടൂളുകള്‍ ഇവവഴി ലഭിക്കും.കൊളറാഡോ സര്‍വകലാശാലയുടെ ഫെറ്റും ജിയോജിബ്ര, കെംടൂള്‍ , കെ സ്റ്റാര്‍ തുടങ്ങിയ അന്താരാഷ്ട്രപ്രശസ്തമായ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആപ്ലിക്കേഷനുകളും എല്ലാം നമ്മുടെ അധ്യാപകരും കുട്ടികളും ഉപയോഗിക്കുക മാത്രമല്ല, അത് പഠിക്കാനും അതില്‍ ഗവേഷണംനടത്താനും നമ്മുടെ പാഠ്യപദ്ധതിക്കനുസരിച്ച് അവ 'കസ്റ്റമൈസ്' ചെയ്യാനും കഴിയുന്നത് ഇത് സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആയതു കൊണ്ടാണ്. സാങ്കേതികവിദ്യയുടെ പഠനവും പ്രയോഗവും നടത്തുമ്പോള്‍ താന്‍ വെറുമൊരു ഉപയോക്താവല്ല, ഈ പ്രക്രിയയിലെ പങ്കാളിയാണ് എന്ന ധാരണ ഉറപ്പിക്കാന്‍ ഇതുവഴി കഴിയുന്നു. നമ്മുടെ അധ്യാപകര്‍ തന്നെയാണ് ഇത്തരം പല അതീവ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാത്രമല്ല, വളരെ ചുരുങ്ങിയ കാലത്തിനിടയില്‍ത്തന്നെ ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലംവരെ ഐ.ടി. വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നമുക്ക് ഉറപ്പുവരുത്താന്‍ സാധിച്ചത് സ്വതന്ത്രസോഫ്റ്റ്‌വേര്‍ ഉപയോഗിച്ചത് മൂലമുള്ള കുറഞ്ഞ മുതല്‍മുടക്ക് തന്നെയാണ്. കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗത്തിന്റെ ഈ ശക്തിയും സാധ്യതകളും കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും ബംഗ്ലാദേശ്, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമെല്ലാം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാഭ്യാസ വിദഗ്ധര്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ നല്‍കുന്നുണ്ടോ എന്ന കാര്യം സംശയമാണ്.പരീക്ഷകളുടെ പേര് 'മൂല്യനിര്‍ണയം' എന്നാക്കിയിട്ടുണ്ടെങ്കിലും അനാവശ്യമായ ഒരുപാട് ആളും അര്‍ഥവും വിനിയോഗിക്കുന്ന ഒരു മേഖലയാണിത്. നമ്മുടെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് (അതിന് ഒരുപക്ഷേ, രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സില്ലെങ്കിലും?) ഓണ്‍ലൈന്‍ ചോദ്യ പേപ്പര്‍ പ്രിന്റിങ് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിച്ചിരുന്നു. കേന്ദ്രീകൃത ഡാറ്റാബേസില്‍നിന്ന് സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന ഹൈസ്​പീഡ് പ്രിന്റര്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിച്ചുള്ള ഒരു പദ്ധതിയായിരുന്നു ഇത്. എന്നാല്‍, അല്പംപോലും പേപ്പര്‍ ഉപയോഗിക്കാതെ പൂര്‍ണമായും ഓണ്‍ലൈനായി പരീക്ഷനടത്താനുള്ള സാഹചര്യം ഉണ്ടായിവരുന്നുണ്ട്.ഈ വര്‍ഷംമുതല്‍ ഐ.ടി.ക്ക് പ്രത്യേക എഴുത്തുപരീക്ഷ പാടേ ഒഴിവാക്കി ഓണ്‍ലൈനായി നടത്താനുള്ള തീരുമാനം ഇതിന്റെ മുന്നോടിയായി കാണണം. കേവലം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും അതുവഴി കറക്കിക്കുത്തലുകളും ഇല്ലാതെ കൃത്യമായ ലോജിക്കല്‍ ശ്രേണി പിന്തുടരുന്ന മൂല്യനിര്‍ണയ രീതിയാണിത്. ഭാവിയില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനും ഡിസ്‌കഷന്‍ ഫോറങ്ങളില്‍ സജീവമാകാനും വിവിധ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാനുമെല്ലാം ഈ രീതി കുട്ടികളെ സഹായിക്കും. നമ്മുടെ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും ഈ രീതി പ്രയോഗിക്കാവുന്നതാണ്.കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ രണ്ടുലക്ഷം അധ്യാപകര്‍ക്കും അത്രതന്നെ വിദ്യാര്‍ഥികള്‍ക്കും നേരിട്ട് ഐ.ടി. പരിശീലനം നല്‍കുകയുണ്ടായി. കാര്യങ്ങള്‍ എളുപ്പം ഗ്രഹിക്കാനും അതിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാനും വിസ്മയകരമായ താത്പര്യമാണ് കുട്ടികള്‍ കാണിക്കുന്നത്. ഈ സംഘ ശക്തിയെ ഗുണപരമായി പ്രയോജനപ്പെടുത്താനാണ് അധ്യാപകരുടെ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍ ശൃംഖല പോലെത്തന്നെ 28000 കുട്ടികളുടെ സ്റ്റുഡന്റ് ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചത്. ക്ലാസ് മുറികളിലും ലാബിലും പുറത്തും സഹവര്‍ത്തിതപഠനം പുഷ്ടിപ്പെടുത്തുന്ന ഈ മാതൃക കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് ഈ വര്‍ഷം പത്താംക്ലാസിലെ എല്ലാ സ്‌കൂളുകളിലെയും ഓരോ ഡിവിഷനിലും അഞ്ചുകുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് നേരിട്ട് ഹാര്‍ഡ്‌വേയര്‍, നെറ്റ്‌വര്‍ക്കിങ്, ആനിമേഷന്‍, പ്രോഗ്രാമിങ്, ജി.ഐ.എസ്. എന്നിങ്ങനെ അഞ്ചുമേഖലകളില്‍ വിദഗ്ധപരിശീലനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇത് വിപുലീകരിക്കാവുന്നതാണ്. ഈ വര്‍ഷത്തെ അധ്യാപകപരിശീലന പരിപാടിയുടെ ഐ.ടി. മോഡ്യൂളില്‍ ഏതൊക്കെവിധത്തില്‍ വെബ് 2.0/3.0 സങ്കേതങ്ങളും സോഷ്യല്‍ മീഡിയയുമൊക്കെ ഗുണപരമായ വിദ്യാഭ്യാസത്തിന് ഉപയോഗിക്കേണ്ട സാധ്യതകള്‍ അനാവരണം ചെയ്യുന്നുണ്ട്. അതുപോലെ പത്താംക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് നല്‍കിയിട്ടുള്ള റിസോഴ്‌സ് ഡി.വി.ഡി.യിലെ സ്വയം പഠിപ്പിക്കുന്ന 'സ്‌പോക്കണ്‍ ടൂട്ടോറിയലുകള്‍' (spoken tutorials) മാതൃക നിലവിലുള്ള പരിശീലനസമ്പ്രദായത്തെ ഉടച്ചുവാര്‍ക്കാന്‍ പര്യാപ്തമാണ്. ഇനി അധ്യാപക പരിശീലനങ്ങള്‍ കൂടുതലും ഓണ്‍ലൈന്‍ രൂപത്തിലാക്കാം. മസാച്യുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി.)യുടെ 'ഓപ്പണ്‍ കോഴ്‌സ് വെയര്‍' ഇതിന് നല്ലൊരു മാതൃകയാണ്. വിവിധ വിഷയങ്ങള്‍, പാഠഭാഗങ്ങള്‍ തുടങ്ങിയവയുടെ ഹ്രസ്വമായ മോഡ്യൂളുകള്‍ ആവശ്യത്തിന് അനുസരിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കഴിയണം. നേരത്തെ സൂചിപ്പിച്ചപോലെ ഇത്തരം ഉള്ളടക്കം തയ്യാറാക്കലും അപ്‌ലോഡ് ചെയ്യലും മെച്ചപ്പെടുത്തലുമെല്ലാം വിപുലമായ ഒരു കൂട്ടായ്മയിലൂടെ ആകണം. റിസോഴ്‌സ് തയ്യാറാക്കുന്നതിനും ശേഖരിക്കുന്നതിനും ഓരോ അധ്യാപകനും അതുവഴി ഓരോസ്‌കൂളും സ്വയം പര്യാപ്തമാവണം.പഠനത്തോടൊപ്പം കലാകായിക മേഖലയിലും മറ്റ് പാഠ്യേതരപ്രവര്‍ത്തനങ്ങളിലും നാം കൈവരിച്ച നേട്ടങ്ങള്‍ ശാക്തീകരിക്കുന്ന പദ്ധതികള്‍ക്കാണ് വിദ്യാഭ്യാസവകുപ്പിലെ ഇ- ഗവേണന്‍സ് പരിപാടികള്‍ പ്രാമുഖ്യംനല്‍കുന്നത്. ആത്യന്തികമായി ഇത് ശാക്തീകരിക്കുന്നത് നമ്മുടെ വിദ്യാഭ്യാസമേഖലയെയും അധ്യാപകരെയുമാണ്. നിലവില്‍ സ്‌കൂളുകളില്‍ നടപ്പാക്കിയ 'സമ്പൂര്‍ണ' അത് വിഭാവനം ചെയ്ത രീതിയില്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ അധ്യാപകരെ പൂര്‍ണമായും 'ക്ലറിക്കല്‍ജോലികളി'ല്‍നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കും. സമ്പൂര്‍ണ ഡാറ്റാബേസിലുള്ള വിവരങ്ങളെ (റിസള്‍ട്ട്, പഠനപുരോഗതി, ലൈബ്രറി, സ്‌കൂള്‍ ടൈംടേബിള്‍, അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങള്‍) രക്ഷിതാവിന് ഓണ്‍ലൈന്‍വഴി കാണാനുള്ള അവസരവുമുണ്ട്. ഇതുവഴി നമ്മുടെ രക്ഷിതാക്കളെയും ഐ.ടി.സാക്ഷരതയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഐ.ടി. സാങ്കേതികവിദ്യയെ നമ്മുടെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താന്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ചില പ്രായോഗികപ്രവര്‍ത്തനങ്ങള്‍ ഉന്നതവിദ്യാഭ്യാസവകുപ്പില്‍ തുടക്കംകുറിക്കുന്നുണ്ട്.
ഐ.ടി. വിദ്യാഭ്യാസരംഗത്ത് നാം ആര്‍ജിച്ച നേട്ടം നിലനിര്‍ത്താനും മെച്ചപ്പെടുത്തലുകള്‍ നടത്തി കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനും കൃത്യമായ ആസൂത്രണവും നിര്‍വഹണശൈലിയും ആവശ്യമാണ്. ഇക്കാര്യത്തില്‍ നമ്മുടെ മുന്നില്‍ മാതൃകകള്‍ വിരളമാണ് . ദേശീയ ഐ.ടി. വിദ്യാഭ്യാസനയം ശ്ലാഘിച്ച കേരള ഐ.ടി. മാതൃക അന്താരാഷ്ട്രസമൂഹം തന്നെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കയാണ്. ഐ.ടി.യെ കേവലമൊരു വിഷയമായിമാത്രം കാണാതെ ഈ സാങ്കേതികവിദ്യയുടെ നൂലിഴകളാല്‍ നമ്മുടെ പൊതു വിദ്യാഭ്യാസമണ്ഡലത്തെ ഗുണപരമായി വിളക്കിച്ചേര്‍ത്താല്‍ ഈ മേഖല കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
                                     പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: