Pages

Tuesday, June 12, 2012

A TRAIN JOURNEY TO BANGALORE


അവള്‍ക്ക് ഏറിയാല്‍ 18 വയസ്സു വരും. ഭക്ഷണവും വെള്ളവുമെല്ലാം ഒരു കവറില്‍ അവളെ ഏല്പിച്ചു. നെറ്റിയില്‍ ഉമ്മവെച്ച് പിരിയുംമുമ്പ് അമ്മ കഴുത്തില്‍ കിടന്ന കൊന്ത ഊരി മകളുടെ കഴുത്തിലിട്ടു. അവളാകട്ടെ അമ്മയെ സങ്കടത്തോടെ ചേര്‍ത്തുപിടിച്ചു. വണ്ടിവിടുമ്പോള്‍ ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്ന മുഖഭാവത്തോടെയാണ് അവര്‍ മകളോട് വിടപറഞ്ഞത്.ബസ്സ് നീങ്ങിയതോടെ അവള്‍ ഉല്ലാസവതിയായി. കൊന്ത ഊരി ബാഗിലിട്ടു. പിന്നെ മൊബൈല്‍ഫോണില്‍ സംസാരമായി. ചിരിയും ആംഗ്യവുമൊക്കെ കാണുമ്പോള്‍ മറുവശത്ത് ഒരു ആണ്‍കുട്ടിയാണെന്ന് ഊഹിക്കാം.
ആലുവ അടുത്തപ്പോള്‍ അവള്‍ മൊബൈലില്‍നിന്നു മോചിതയായി.
അവിടെനിന്നു ബര്‍മുഡ ധരിച്ച ഒരു ചെറുപ്പക്കാരന്‍ കയറി. അവളുടെ അടുത്ത് വന്നിരുന്നപ്പോള്‍തന്നെ അവന്‍ പരിസരം മറന്ന് കൈയില്‍ ചുംബിച്ചു.ചിരപരിചിതരെപ്പോലെ അവര്‍ ചിരിയും വര്‍ത്തമാനവും തുടങ്ങി. ഇതിനിടെ അവളുടെ മടിയിലിരുന്ന ഭക്ഷണമടങ്ങിയ കവര്‍ അവന്‍ പുറത്തേക്കെറിഞ്ഞു.ഇടയ്ക്ക് ഫോണ്‍ വരുമ്പോള്‍ അവള്‍ കൂട്ടുകാരനോട് മിണ്ടരുതെന്ന് ആംഗ്യം കാട്ടും. പിന്നെ പതിഞ്ഞ ശബ്ദത്തില്‍ യാത്ര എവിടംവരെയെത്തി എന്നും മറ്റും പറയും. മറുവശത്ത് അച്ഛനോ അമ്മയോ ആണെന്നു വ്യക്തം.രാത്രിയോടെ അവര്‍ ഒരു പുതപ്പിനകത്ത്  ഒട്ടിയിരുന്നു.എന്റെ മനസ്സില്‍ മകളെ യാത്രയയയ്ക്കുമ്പോള്‍ അമ്മയുടെ മുഖത്തു കണ്ട കാര്‍മേഘങ്ങളായിരുന്നു. പിന്നെ പുതിയ കാലം ഇങ്ങനെയൊക്കെയാണെന്ന് ഞാന്‍ സമാധാനിച്ചു.
വീടും നാടും വിട്ടാല്‍ പിന്നെ എന്തുമാകാം എന്നൊരു ചിന്ത പുതിയ തലമുറയ്ക്കുണ്ട്.ബാംഗ്ലൂരിലെ മദ്യശാലകളിലും റിസോര്‍ട്ടുകളിലും കാമുകന്മാര്‍ക്കൊപ്പം കറങ്ങുന്ന പെണ്‍കുട്ടികളെക്കുറിച്ച് അവിടെയുള്ള സുഹൃത്ത് അടുത്തിടെ വാചാലനായിരുന്നു.
പ്രണയമല്ല, താത്കാലിക അഡ്ജസ്റ്റ്‌മെന്റ് മാത്രമാണ് ഭൂരിപക്ഷത്തിനും. ശരീരം വിറ്റ് ആര്‍ഭാടജീവിതംനയിക്കുന്നവരുടെ എണ്ണവും കൂടിവരികയാണത്രേ.നല്ല രീതിയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ കണ്‍വെട്ടത്തുനിന്നു മായുമ്പോള്‍ എങ്ങനെയാണ് മോശക്കാരാകുന്നത്?
ഇവരുടെ ഉള്ളില്‍ ദൃഢമായ ഒരു മൂല്യബോധം പകരുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു എന്ന് കരുതേണ്ടേ?മക്കളെ അധികമായി സ്‌നേഹിക്കുകയും അമിതമായി വിശ്വസിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ പലപ്പോഴും അവരുടെ പഠനത്തിനപ്പുറമുള്ള കാര്യങ്ങള്‍ ഗൗരവമായി അന്വേഷിക്കാറില്ല. ഉയര്‍ന്ന മാര്‍ക്കു കിട്ടിയാല്‍ എല്ലാമായി എന്ന് അവര്‍ സമാധാനിക്കും.ഏത് മോശം സാഹചര്യത്തിലും പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കാനുള്ള ഒരു ഉള്‍ക്കരുത്ത് അവര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണം. മതത്തിന്റെ മൂല്യങ്ങള്‍ക്ക്മാത്രം  ഇത് കഴിഞ്ഞെന്നുവരില്ല.മാതാപിതാക്കളുടെ നല്ല മാതൃക വളരെ പ്രധാനമാണ്. ഒപ്പം നൈമിഷികസുഖങ്ങള്‍ക്കപ്പുറം ജീവിതത്തിനുണ്ടാകേണ്ട നൈതികമൂല്യത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും വേണം.മറ്റൊരു നാട്ടിലെത്തുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഒരു ലക്ഷ്മണരേഖ എല്ലാവരുടെയും മനസ്സിലുണ്ടാകണം.പുരാണത്തിലേതുപോലെ അതു വരയ്ക്കാന്‍ ഒരു ലക്ഷ്മണനുണ്ടാവില്ല, സ്വയം വരച്ചേ തീരൂ.
പുതിയ ജീവിതക്രമത്തില്‍ പഠനത്തിനും തൊഴിലിനുമായി അന്യദേശങ്ങളില്‍ പോകേണ്ടിവരിക സ്വാഭാവികമാണ്. പലപ്പോഴും കൗമാരത്തില്‍ തന്നെയാകും ഇത്തരംനാടുവിടല്‍ ‘. പ്രായത്തിന്റെയും സാഹചര്യത്തിന്റെയും പ്രലോഭനങ്ങള്‍ സ്വാഭാവികംതന്നെ.വെറുതെ ഒരു രസത്തിന് തുടങ്ങി മോശം കൂട്ടുകെട്ടില്‍ ചെന്നുപെടുന്നവര്‍ ഒട്ടേറെയുണ്ട്. ഉറ്റസുഹൃത്തുക്കള്‍ തന്നെയാകും പലപ്പോഴും വഴിതെറ്റിക്കുക. വാലുമുറിഞ്ഞുപോയ കുറുക്കന്‍ മറ്റുള്ളവരുടെ വാലുമുറിച്ച കഥ കേട്ടിട്ടില്ലേ. ഇതുപോലെ അബദ്ധങ്ങളില്‍ ചാടിയവര്‍ മറ്റുള്ളവരെക്കൂടി കുഴിയില്‍ വീഴ്ത്താന്‍ ഉത്സാഹിക്കുക പതിവാണ്.സ്വാശ്രയമേഖലയടക്കമുള്ള വിദ്യാലയങ്ങള്‍ പലപ്പോഴും ഡിഗ്രിക്കപ്പുറം മൂല്യബോധവും ജീവിതബോധവും പകരുന്നതില്‍ തോല്‍ക്കാറുണ്ട്.പണമാണ് ഏറ്റവും വലിയ മൂല്യംഎന്നു കരുതുന്നവരുടെ എണ്ണവും ഏറിവരികയാണ്. മക്കളും മാതാപിതാക്കളും തമ്മിലുള്ള ഒരു ഹൃദയബന്ധം അനിവാര്യമാണ്.കടുത്ത ശാസനകളും ശിക്ഷകളും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തന്റെ ടെന്‍ഷനുകള്‍ വീട്ടില്‍ പങ്കുവെക്കാനാകുമെന്ന ആത്മവിശ്വാസം കുട്ടിക്ക് ഉണ്ടാകണം. അതിലുപരി മാതാപിതാക്കളുടെ സ്‌നേഹം അനുഭവിക്കാനുള്ള അവസരവും നല്‍കണം.മറുനാട്ടിലുള്ള മക്കളുടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.എല്ലാറ്റിലുമുപരി മൂല്യവത്തായ ജീവിതത്തിന്റെ നല്ല മാതൃകയാകാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയണം. തകര്‍ന്നതും താളപ്പിഴകളുള്ളതുമായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് വിലക്കപ്പെട്ട സ്‌നേഹത്തിനുപിന്നാലെ സ്വയം മറന്നുപോകുന്നത്.ഇത്തരം വഴിവിട്ട യാത്രകള്‍ മാനസികസംഘര്‍ഷങ്ങളിലേക്കും ആത്യന്തികമായി ജീവിതത്തിന്റെ തകര്‍ച്ചയിലേക്കും നയിക്കുമെന്ന വസ്തുത പലരും ഓര്‍ക്കാറില്ല.വഴിവിട്ട ബന്ധങ്ങളും എടുത്തുചാട്ടവുംമൂലം മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒട്ടേറെ പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്.സന്തോഷകരമായ കുടുംബജീവിതം ഇവരില്‍ പലര്‍ക്കും അന്യമാണ്.അടുത്തിടെ ഉണ്ടായ ഒരു സംഭവം . മനസ്സമ്മതം കഴിഞ്ഞ വിവാഹത്തില്‍നിന്നു വരന്‍ പിന്മാറി.
വധുവിന്റെ ബന്ധുക്കള്‍ ക്ഷുഭിതരായി വരന്റെ വീട്ടിലെത്തി. അവര്‍ക്ക് വരന്‍ കാണിച്ചുകൊടുത്തത് പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ ! ബാംഗ്ലൂരിലെ പഠനകാലത്ത് കൂട്ടുകൂടി നടന്ന ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചെറുക്കന് മെയില്‍ ചെയ്തുകൊടുത്തതാണ്.ഇതാണ് സംഭവം.ബാഗ്‌ളൂരില്‍ പഠിച്ച പെണ്‍കുട്ടികള്‍  എല്ലാം ഇങ്ങനെയല്ല .നല്ല കുട്ടികളാണ് ബഹുഭൂരിപക്ഷവും . മക്കളെ  ദൂരെ അയച്ചു പഠിപ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേ ഇതില്‍ പറയുന്നുള്ളൂ. കൊള്ളാവുന്നത്  കൊള്ളുക .

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: