Pages

Thursday, June 7, 2012

KERALA TOURISM


പരിസ്ഥിതിയെയും നാടിന്റെ തനിമയെയും ബാധിക്കാത്ത വിനോദസഞ്ചാരനയം രൂപ പെടുത്തണം

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച വിനോദസഞ്ചാരനയം നടപ്പിലായാല്‍  നാടിന്‍റെ വികസനത്തിനെന്നപോലെ യശസ്സുയര്‍ത്താനും അത് സഹായകമാകും.  വിനോദസഞ്ചാരവികസനത്തിന് അനന്തസാധ്യതകളുള്ള പ്രദേശമാണ് കേരളം. ദൗര്‍ഭാഗ്യവശാല്‍, അവ രചനാത്മകമായി പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയുന്നില്ല. ചില പദ്ധതികളാകട്ടെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്കും സംസ്‌കാരത്തിനും വൃത്തിക്കും കാര്യമായ ദോഷം ചെയ്യുന്നുമുണ്ട്. ഈ മേഖലയെക്കുറിച്ചുള്ള വികലമായ സങ്കല്പങ്ങളും ഈ സ്ഥിതിവിശേഷത്തിന് കാരണമാണ്. വിനോദസഞ്ചാരനയത്തില്‍ സംസ്ഥാനത്തിന്റെ സവിശേഷസാഹചര്യങ്ങള്‍ക്കും പാരമ്പര്യത്തിനും അനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ഇവയെല്ലാം ഓര്‍മിപ്പിക്കുന്നു. ' ഹരിതവും ശുദ്ധവും ' ( ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ ) എന്ന സന്ദേശത്തോടെയാണ് പുതിയ നയമനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നത് പ്രതീക്ഷയേകുന്നു.
വിനോദസഞ്ചാരമേഖലയുടെ വികസനത്തിന് രൂപവത്കരിക്കുന്ന സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രി ആയിരിക്കും. മറ്റ് മന്ത്രിമാര്‍ അംഗങ്ങളായ ഈ സമിതിയായിരിക്കും പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുക. വന്‍പദ്ധതികള്‍ക്ക് അതിവേഗം അനുമതി നല്‍കുമെന്നും വിനോദസഞ്ചാരനിക്ഷേപകര്‍ക്കായി പുതിയ സബ്‌സിഡി പദ്ധതി രൂപവത്കരിക്കുമെന്നും നയത്തില്‍ പറഞ്ഞിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനം, മലിനീകരണം തടയല്‍, സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കല്‍, നവീന പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. കോവളം, കുമരകം, ഇരവികുളം, തേക്കടി, പൂക്കോട് തടാകം തുടങ്ങിയ ഭാഗങ്ങളില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്, ജലവിഭവ വകുപ്പുമായി സഹകരിച്ച് പുതിയ ബോട്ട് ജെട്ടികളും കടവുകളും പാര്‍ക്കിങ് സ്ഥലങ്ങളും നിര്‍മിക്കുന്നത് വിനോദസഞ്ചാരികള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും പ്രയോജനം ചെയ്യും. സംസ്ഥാനത്തെ ജലഗതാഗതസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കണം. വിനോദസഞ്ചാരികളുടെ നേര്‍ക്കുള്ള അക്രമങ്ങള്‍ തടയാനും സംവിധാനം ഏര്‍പ്പെടു ത്തുന്നുണ്ട്. കേരളത്തിന്റെ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിന് 10 വര്‍ഷത്തിനുള്ളില്‍ 10 മ്യൂസിയങ്ങള്‍ നിര്‍മിക്കാന്‍ വിനോദസഞ്ചാരവകുപ്പ് സാമ്പത്തികസഹായം നല്‍കുമെന്നും നയത്തില്‍ പറയുന്നു.

വിനോദസഞ്ചാരമേഖലയുടെ വിവിധ വശങ്ങളെ സ്പര്‍ശിക്കുന്നതാണ് നയം. അത് ഫലപ്രദമായി പ്രാവര്‍ത്തികമാക്കണമെങ്കില്‍ അധികൃതര്‍ ഇച്ഛാശക്തിയോടെ പരിശ്രമിക്കേണ്ടിവരും. സഞ്ചാരികള്‍ എത്തുന്നിടത്തെല്ലാം ആധുനികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തലാണ് വിനോദസഞ്ചാരവികസനമെന്ന ധാരണയ്ക്ക് അടുത്തകാലത്താണ് കുറച്ചെങ്കിലും മാറ്റം ഉണ്ടായത്. പരിസ്ഥിതിയെയും നാടിന്റെ തനിമയെയും ബാധിക്കാത്ത വികസന പരിപാടികളാണ് ഈ മേഖലയില്‍ അഭികാമ്യം.മറുനാടന്‍ സഞ്ചാരികളില്‍ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത് നമ്മുടെ നാടിന്റെ മനോഹാരിത ആസ്വദിക്കാനും ജീവിതരീതി പരിചയപ്പെടാനും സാംസ്‌കാരികസവിശേഷതകള്‍ ഉള്‍ക്കൊള്ളാനുമാണ്. ആചാരങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണശൈലി, പാചകം, വിനോദം തുടങ്ങിയവയില്‍ കേരളത്തിലെ പല സ്ഥലങ്ങളും കൗതുകകരമായ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നു. അവ നിലനിര്‍ത്തലും പൈതൃകസംരക്ഷണത്തിന്റെ ഭാഗമാകണം. പ്രചാരണ പരിപാടികളിലൂടെ ഒട്ടേറെ സഞ്ചാരികളെ ഇവയിലേക്കെല്ലാം ആകര്‍ഷിക്കാനാകും. വിനോദസഞ്ചാരവികസനത്തിന്റെ പേരില്‍ നമ്മുടെ തനിമകള്‍ വില്പനച്ചരക്കാക്കാനും ആശാസ്യമല്ലാത്ത പ്രവണതകള്‍ വളര്‍ത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്. അവയ്‌ക്കെതിരെയും സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. ഈ മേഖലയുടെ മൂല്യാധിഷ്ഠിത വികസനത്തിനുതകുന്ന വിധമാണ് ഓരോ പദ്ധതിയും നടപ്പാക്കേണ്ടത്.

                                       പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: