Pages

Thursday, June 7, 2012

MURDER CASE REINVESTIGATION


മലയാളി ദമ്പതിമാരുടെ കൊലക്കേസ്: അഞ്ചരവര്‍ഷത്തിനുശേഷം പുനരന്വേഷിക്കുന്നു
അന്വേഷണസംഘങ്ങള്‍ മാറി മാറി വന്നിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്ന മലയാളിദമ്പതിമാരുടെ കൊലപാതകക്കേസില്‍ പുനരന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു. വേളാച്ചേരില്‍ 2006 നവംബറില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കോട്ടയം കൊല്ലാട്ട് പനന്താനത്ത് പി.എ. ജേക്കബ് (65)-മോനി ജേക്കബ്(56) ദമ്പതിമാരുടെ കൊലപാതകമാണ് സിറ്റി പോലീസിന്റെ കീഴില്‍ പുതുതായി രൂപംകൊണ്ട ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ സംഘം പുനരന്വേഷിക്കുന്നത്.
കഴിഞ്ഞകാലങ്ങളില്‍ അന്വേഷണം നടത്തി തെളിയാത്ത എല്ലാ കൊലപാതകക്കേസുകളും പുനരന്വേഷിക്കാന്‍ സിറ്റി പോലീസ് തീരുമാനിച്ചിരുന്നു. ജേക്കബ് മോനി വധക്കേസുള്‍പ്പെടെയുള്ള രണ്ട് കേസുകള്‍ ഒഴികെ മറ്റ് കേസുകളില്ലൊം പ്രതികളെ പിടികൂടിയിട്ടുണ്ട്. ഇതേ ത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് മലയാളിദമ്പതിമാരുടെ കൊലപാതക കേസും പുതിയ അന്വേഷണസംഘത്തിന് കൈമാറിയത്. 'കൊലപാതകം നടന്ന് അഞ്ചരവര്‍ഷം കഴിഞ്ഞെങ്കിലും മുന്‍കാലങ്ങളിലെ കേസന്വേഷണത്തിന്റെ പുരോഗതി പരിശോധിച്ചും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെ ഗിണ്ടി പോലീസ് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണത്തിന് നേതൃത്വംനല്‍കിയിരുന്നത്. കേസ് ഫയലുകള്‍ കൈയില്‍ കിട്ടിയാല്‍ ഉടനെ കേസില്‍ അന്വേഷണം തുടങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാഞ്ചീപുരം ജില്ലയില്‍ പടപ്പയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ജേക്കബിന്റെ കാര്‍ കണ്ടെത്തിയതോടെയാണ് ദമ്പതിമാരുടെ കൊലപാതകത്തിലേക്ക് വഴിതുറക്കുന്നത്. കാര്‍ കണ്ടെത്തിയ ഉടനെ പോലീസ് വേളാച്ചേരി ശങ്കരന്‍ അവന്യുവിലെ ഇന്ദിര സ്ട്രീറ്റിലെ ജേക്കബിന്റെ വീട്ടിലെത്തിയെങ്കിലും പൂട്ടിക്കിടക്കുകയായിരുന്നു. സമീപവാസികളില്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പറഞ്ഞു. പൂട്ടു പൊളിച്ച് അകത്തുകടന്നപ്പോള്‍ ദമ്പതിമാരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. അടുക്കളയില്‍ വെച്ചിരുന്ന 20,000 രൂപയും സ്വര്‍ണാഭരണങ്ങളും കൊലപാതകം നടത്തിയവര്‍ എടുത്തിരുന്നില്ല. ജേക്കബിന്റെ മൃതദേഹം കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപമായും മോനിയുടെ മൃതദേഹം കുളിമുറിയുടെ സമീപത്തുമാണ് കണ്ടെത്തിയത്. മോനിയുടെ സമീപത്ത് കതകിന്റെ കൊളുത്ത് പൊട്ടിയനിലയില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ കൊലപാതകത്തിനുമുമ്പ് ബലപ്രയോഗം നടന്നതായും പോലീസ് കരുതുന്നു.
ഒരു ഗ്യാസ്‌സിലിണ്ടര്‍ ജേക്കബിന്റെ മൃതദേഹത്തിന് സമീപവും മറ്റൊരു സിലണ്ടര്‍ അടുക്കളയിലുമാണ് വെച്ചിരുന്നത്. അടുക്കളയില്‍ വെച്ചിരുന്ന സിലിണ്ടറില്‍നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ ഒരു ഇലക്ട്രിക്ക്‌വയര്‍ ഡോര്‍ബെല്ലിന് സമീപം വെച്ചിരുന്നു. ബെല്‍ അടിക്കുമ്പോള്‍ ഉണ്ടാവുന്ന സ്പാര്‍ക്കില്‍ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് വീട് മൊത്തത്തില്‍ കത്തുമെന്ന് കരുതിയാണ് ആ രീതിയില്‍ വെച്ചിട്ടുണ്ടാവുകയെന്ന് പോലീസ് കരുതുന്നു. പക്ഷേ പോലീസ് വീട്ടിന്റെ കതക് ഉടച്ച് വീട്ടിന്റെ അകത്തു കയറുന്നതിനു മുമ്പ് ഫ്യൂസ് ഊരിയിരുന്നു. കേസില്‍ സമീപത്തെ വീട്ടുജോലിക്കാരികളെയും വീടുമായി ദിവസവും ഇടപെടുന്നവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസ് കേരളത്തില്‍നിന്നുള്ള ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തിരുന്നു. ജേക്കബ്-മോനി ദമ്പതിമാരുടെ മക്കള്‍ അമേരിക്കയിലാണ്. ജേക്കബ് എം.ആര്‍.എഫില്‍ എക്‌സ്‌പോര്‍ട്ട് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് മനേജരായാണ് വിരമിച്ചത്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: