Pages

Sunday, June 24, 2012

T.P CHANDRASEKHARAN MURDERCASE-P.K KUNHANANDAN SURRENDERSകുഞ്ഞനന്തന്‍ കീഴടങ്ങി


കുഞ്ഞനന്തന്‍ കീഴടങ്ങി
കുഞ്ഞനന്തന്റെ മൊഴി നിര്‍ണായകമാവും

 ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനികളെല്ലാം പിടിയിലായപ്പോഴും കേരളം ഉറ്റുനോക്കിയത് പി.കെ. കുഞ്ഞനന്തന്‍ എന്ന സി.പി.എം. നേതാവിനുവേണ്ടിയുള്ള അന്വേഷണത്തിലേക്കാണ്.പാനൂര്‍ ഏരിയാക്കമ്മിറ്റി അംഗമായ കുഞ്ഞനന്തനാണ് കൊലയ്ക്കുപിന്നിലെ ബുദ്ധികേന്ദ്രമെന്ന വിവരം മനസ്സിലായതാണ് ടി.പി. വധക്കേസിലെ നിര്‍ണായകമായ വഴിത്തിരിവ്. കൊലയാളിസംഘത്തെയും സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച സി.പി.എം. നേതാക്കളെയും ബന്ധിപ്പിക്കുന്ന കണ്ണി എന്നനിലയില്‍ കുഞ്ഞനന്തന്റെ മൊഴിയാവും ഇനി അന്വേഷണത്തിന്റെ ദിശ നിര്‍ണയിക്കുക.കണ്ണൂര്‍ജില്ലയിലെ പല രാഷ്ട്രീയകൊലപാതകങ്ങള്‍ക്കുപിന്നിലെയും സൂത്രധാരന്‍ കുഞ്ഞനന്തനാണെന്ന വിവരവും ചന്ദ്രശേഖരന്‍വധക്കേസിന്റെ അന്വേഷണത്തിനിടെ പോലീസിന് ലഭിച്ചു. പാര്‍ട്ടിയിലെ ഒരു ഉന്നതനേതാവില്‍നിന്ന് സമ്മതംവാങ്ങിയശേഷമാണ് കുഞ്ഞനന്തന്‍ ഗൂഢാലോചനയില്‍ ഇടപെട്ടതെന്ന് കേസില്‍ അറസ്റ്റിലായ കുന്നുമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ചന്ദ്രശേഖരനെ വകവരുത്താനായി നടന്ന എല്ലാഗൂഢാലോചനയിലും പങ്കാളിയായ തന്നെ കുഞ്ഞനന്തനുമായി ബന്ധപ്പെടുത്തിയത് കോഴിക്കോട്ടെ ഒരു നേതാവാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഒഞ്ചിയം ഏരിയാസെക്രട്ടറിയും കോഴിക്കോട് ജില്ലാക്കമ്മിറ്റി അംഗവുമായ സി.എച്ച്. അശോകന്‍, ഏരിയാക്കമ്മിറ്റിയംഗം കെ.കെ കൃഷ്ണന്‍, തലശ്ശേരി ഏരിയാക്കമ്മറ്റിയംഗം പി.പി. രാമകൃഷ്ണന്‍, കുന്നുമ്മക്കര ലോക്കല്‍ക്കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ക്കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍, കുന്നോത്തുപറമ്പ് ലോക്കല്‍ക്കമ്മിറ്റിയംഗം ജ്യോതിബാബു എന്നിവരാണ് കേസില്‍ ഇതിനകം പിടിയിലായ പ്രധാന സി.പി.എം. നേതാക്കള്‍. തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍, ഒഞ്ചിയം ഏരിയാക്കമ്മിറ്റികളുടെ പരിധിയില്‍പ്പെട്ട നേതാക്കളാണ് ഇവര്‍. ബ്രാഞ്ച് തലത്തിലുള്ള ചില പ്രവര്‍ത്തകരും പിടിയിലായവരില്‍പ്പെടും. ഫസല്‍വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയ കണ്ണൂര്‍ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍, കോഴിക്കോട്ടെ ഒരു ജില്ലാസെക്രട്ടേറിയറ്റ് അംഗം എന്നിവരുടെ പങ്കിനെക്കുറിച്ചും പോലീസിന് മൊഴിലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രമുഖനായ ഒരു നേതാവിന്റെ പങ്കിലേക്കും വിരല്‍ചൂണ്ടുന്ന സൂചനകള്‍ അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്.
പാര്‍ട്ടിക്ക് സംഭവത്തില്‍ ഒരു പങ്കുമില്ലെന്ന് തുടക്കം മുതല്‍ നിലപാടെടുത്ത സി.പി.എമ്മിന്റെ വാദമുഖങ്ങള്‍ മുഴുവന്‍ ദുര്‍ബലമാവുകയും ചിലനേതാക്കള്‍ സംശയത്തിന്റെ നിഴലിലാവുകയുംചെയ്ത സാഹചര്യത്തിലാണ് കുഞ്ഞനന്തന്റെ കീഴടങ്ങല്‍. ഇടക്കാലത്ത് അന്വേഷണത്തിനെതിരെ തെരുവിലിറങ്ങിയെങ്കിലും അണികളെപ്പോലും തങ്ങളുടെ നിലപാട് ബോധ്യപ്പെടുത്താനാവാത്ത സാഹചര്യത്തില്‍ ഈ നീക്കത്തില്‍നിന്ന് പാര്‍ട്ടി പിന്നോട്ടുപോവുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള കടുത്ത വെല്ലുവിളിയാണ് ടി.പി.വധത്തെത്തുടര്‍ന്ന് നേരിടേണ്ടി വരുന്നതെന്ന് സി.പി.എമ്മിന്റെ മേഖലാറിപ്പോര്‍ട്ടിങ്ങില്‍ പിണറായി വിജയന്‍തന്നെ പറഞ്ഞത് പാര്‍ട്ടി അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നതായിരുന്നു.കൊലയുമായി ബന്ധപ്പെട്ട പ്രാദേശികനേതാക്കളുംകൊലയാളിസംഘത്തില്‍പ്പെട്ടവരും അറസ്റ്റിലായപ്പോഴാണ് ഈ പ്രതിസന്ധിഘട്ടത്തെ സി.പി.എം. അഭിമുഖീകരിച്ചത്. അന്വേഷണം ഇനി നേതൃത്വത്തിലെ ചിലരിലേക്ക് നീളുമെന്ന സൂചനകള്‍ ശക്തമായ സാഹചര്യത്തില്‍ സി.പി.എം. അതിനോട് സ്വീകരിക്കുന്ന സമീപനംസംസ്ഥാനരാഷ്ട്രീയത്തില്‍തന്നെ ചലനങ്ങളുണ്ടാക്കും. എന്നാല്‍, കുഞ്ഞനന്തന്റെ അറസ്റ്റോടെ അന്വേഷണം അവസാനിക്കുമെന്ന വ്യാപകപ്രചാരണവും ഇതിനിടെ നടക്കുന്നുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ സി.പി.എം.-കോണ്‍ഗ്രസ് സഹകരണംപോലുള്ള കാര്യങ്ങള്‍എടുത്തുപറഞ്ഞാണ് മുന്നണികള്‍തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി അന്വേഷണം ഒതുക്കിതീര്‍ക്കുമെന്ന് ബി.ജെ.പി. നേതാക്കളും മറ്റും ആരോപിക്കുന്നത്. ടി.പി വധക്കേസിന്റെ അന്വേഷണത്തില്‍ ഇനി ഉണ്ടാവുന്ന ഓരോ ചുവടും സംസ്ഥാനരാഷ്ട്രീയത്തില്‍ നിര്‍ണായകമായ സംഭവങ്ങളിലേക്കാണ് നയിക്കുക എന്നതിന്റെ സൂചനകളാണ് ഇതൊക്കെ നല്‍കുന്നത്.

നിറഞ്ഞ ചിരിയോടെയാണ് കുഞ്ഞനന്തന്‍ കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയത്. കോടതിയുടെ കവാടത്തിനരികെ എത്തിയപ്പോള്‍ത്തന്നെ പുറത്ത് വന്‍ ജനക്കൂട്ടത്തെ കണ്ടു. ഇതോടെ ചിരി ഒന്നുകൂടി വിടര്‍ന്നു. പക്ഷേ, കുഞ്ഞനന്തന്റെ മുഖം കണ്ടപ്പോഴേക്കും പല കോണുകളില്‍ നിന്നായി ആക്രോശങ്ങളും പരിഹാസവും ഉയര്‍ന്നു. അഭിവാദ്യം പ്രതീക്ഷിച്ചിറങ്ങിയ കുഞ്ഞനന്തന്റെ മുഖം ഇത് കേട്ടതോടെ പതറി, ചിരിമാഞ്ഞു. കൂവലും ആക്രോശങ്ങളും പോലീസ് വാഹനം മെയിന്റോഡിലെത്തുംവരെ തുടര്‍ന്നു. ആസ്പത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിയപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.
ശനിയാഴ്ച ഉച്ചയ്ക്ക് 12.50-ഓടെ കോടതിയിലേക്ക് ഓടിക്കയറിയ നിമിഷം മുതല്‍ കുഞ്ഞനന്തന്‍ പ്രസന്നഭാവത്തിലായിരുന്നു. വെള്ളമുണ്ടും ഷര്‍ട്ടും വേഷം. തലമുടി നന്നായി ചീകി ഒതുക്കിയിരുന്നു. ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞതിന്റെയോ, അലച്ചിലുകളുടെയോ ക്ഷീണമൊന്നും മുഖത്തില്ല. കോടതി മുറിയില്‍ ചുമരിനോട് ചാരിനില്‍ക്കവെ പലരും കുഞ്ഞനന്തനെ കാണാനെത്തി. ഒട്ടേറെ കണ്ണുകള്‍ തന്നെ തുറിച്ചു നോക്കുമ്പോഴും ഭാവമാറ്റമൊന്നുമില്ല. ഇടയ്ക്ക് ചിലരെ നോക്കി ചിരിച്ചു
സി.പി.എം. പാനൂര്‍ ഏരിയാക്കമ്മിറ്റിയംഗം പി.കെ.കുഞ്ഞനന്തനെ ഒരുമാസത്തിലേറെ ഒളിവില്‍ പാര്‍പ്പിച്ചത് എന്തിനെന്ന് സി.പി.എം. നേതൃത്വം വ്യക്തമാക്കണമെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ പറഞ്ഞു. ഒഞ്ചിയം ഏരിയാസെക്രട്ടറി സി.എച്ച്. അശോകന്‍ പിടിയിലായപ്പോള്‍ കാണിക്കാത്ത വ്യഗ്രതയാണ് സി.പി.എം. ഇപ്പോള്‍ കാണിക്കുന്നത്. കൊലയാളിസംഘത്തില്‍നിന്ന് കുഞ്ഞനന്തന്റെ പങ്കിനെപ്പറ്റി വ്യക്തമായ വിവരംലഭിച്ചിട്ടും എന്തിന് അയാളെ സംരക്ഷിച്ചെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുന്ന രീതിയില്‍ സി.പി.എം. വിശദീകരിക്കണം. കുഞ്ഞനന്തന്‍ കീഴടങ്ങിയതോടെ ഉന്നതങ്ങളിലെ ഗൂഢാലോചനകളിലേക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷയെന്നും രമ അഭിപ്രായപ്പെട്ടു.
ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലുള്ള ഉന്നതര്‍ ആരായാലും അവരെ ഒളിക്കാന്‍ അനുവദിക്കില്ലെന്ന് അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നടപടിയെടുക്കുന്നതില്‍ ചെറിയമീനോ വലിയമീനോ എന്നില്ല. ഇനി മീനില്ലെങ്കിലും ഇതില്‍ പങ്കാളികളായവരെ അകത്തേക്ക് വിടുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ അഡ്വ..സുജനപാലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി.ി. സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അധികാരമുള്ളതുകൊണ്ട് ഒരു ബി.ടീമായി പോലീസിനെ നിര്‍ത്താന്‍ സര്‍ക്കാറിനു ഉദ്ദേശമില്ല. നീതി നിര്‍വഹണത്തില്‍ നിഷ്പക്ഷത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന യഥാര്‍ഥ പ്രതികളെയാണ് കണ്ടെത്തേണ്ടത്. ലിസ്റ്റ് നല്‍കി പ്രതികളെ ഹാജരാക്കുന്ന രീതി ഇനി നടപ്പില്ല -അദ്ദേഹം പറഞ്ഞു.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പുറത്തുകൊണ്ടുവരും. നാളെ ഈ കത്തി നമ്മുടെ കുഞ്ഞുങ്ങളുടെ കഴുത്തിനു നേരെ നീളാതിരിക്കാന്‍ ഇതാവശ്യമാണ്. അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നത് കാര്യമാക്കുന്നില്ല. ഇത്തരം നീക്കം ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരാണ്. പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതുപോലെ മുന്നോട്ടുപോകും. യാതൊരു വിധ ഇടപെടലുകളും ഉണ്ടാകില്ലയെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

                                      പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: