Pages

Sunday, June 17, 2012

ഭരണ തന്ത്രജ്ഞനായ പ്രണബ്‌ മുഖര്‍ജി




ഭരണ തന്ത്രജ്ഞനായ  പ്രണബ്‌ മുഖര്‍ജി




രാഷ്ട്രപതിസ്ഥാനത്തേക്ക് സര്‍വസമ്മതനായ,ഭരണ  തന്ത്രജ്ഞനായ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയെ, യു.പി.എ. തങ്ങളുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ  എല്ലാത്തരം ആശങ്കകളും അകന്നുപോയിരിക്കുന്നു. രാഷ്ട്രീയമായ വേലിക്കെട്ടുകള്‍ക്കപ്പുറത്തേക്കും തന്റെ സ്വാധീനമണ്ഡലം വികസിപ്പിച്ചെടുക്കാന്‍ സാധിക്കുംവിധം വ്യക്തിബന്ധങ്ങളുള്ള ആളാണ് മുഖര്‍ജി. ഒരു ഭരണ തന്ത്രജ്ഞനെന്ന വ്യാപകമായ അംഗീകാരവും രാഷ്ട്രീയമായ കൈമിടുക്കുംതന്നെയാണ് അതിന് അദ്ദേഹത്തിന് തുണയായിട്ടുണ്ടാവുക. അതേസമയം, പ്രണബിനെ നിര്‍ദേശിക്കുന്നതിന് കോണ്‍ഗ്രസ്സിന് ചില കടമ്പകള്‍ ചാടിക്കടക്കേണ്ടിവന്നു. അറച്ചുനില്‍ക്കാതെ അതിന് അവര്‍ തയ്യാറായി എന്നതാണ് ശ്രദ്ധേയമായ കാര്യം.
യു.പി.എ.യുടെ സ്ഥാനാര്‍ഥിനിര്‍ണയത്തെ സംബന്ധിച്ച് മറുപക്ഷത്തുള്ള എന്‍.ഡി.എ.യ്ക്ക് വിയോജിപ്പുകളുണ്ടാവുക സ്വാഭാവികം. എന്നാല്‍, ആലോചനയുടെ ഒരുഘട്ടത്തില്‍ യു.പി.എ. ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജിതന്നെ, പ്രണബ് മുഖര്‍ജിയെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. പലതവണ ഗവണ്‍മെന്റിനെ സമ്മര്‍ദത്തിലാഴ്ത്തി തന്റെ വരുതിയില്‍ കൊണ്ടുവന്നിട്ടുള്ള മമതയുടെ ശ്രമങ്ങള്‍ പക്ഷേ, ഇത്തവണ വിജയംകണ്ടില്ല.സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന മുലായം സിങ്ങിന്റെ എസ്.പി.യുടെയും മായാവതിയുടെ ബി.എസ്.പി.യുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് കോണ്‍ഗ്രസ് ഈ കടമ്പ കടന്നു. അതുവരെയും തൃണമൂലിന്റെ ഒപ്പംനിന്ന മുലായം സിങ്ങിന്റെ നിലപാടുമാറ്റമായിരുന്നു ശ്രദ്ധേയം. ഇതിന് രാഷ്ട്രീയമായി എന്തു വിലകൊടുക്കേണ്ടിവരുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഉത്തര്‍പ്രദേശില്‍ സ്വന്തം സ്വാധീനം വളര്‍ത്താന്‍ ശ്രമിച്ചുവരികയാണ് കോണ്‍ഗ്രസ്. അവിടെ കോണ്‍ഗ്രസ്സിന് മത്സരിക്കേണ്ടത് എസ്.പി.യോടാണുതാനും.തൃണമൂലിന്റെ എതിര്‍പ്പ് ആ കക്ഷിയും യു.പി.എ.യും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തിയിട്ടുണ്ട്. പ്രണബിന്റെ സ്ഥാനാര്‍ഥിത്വം മമതയ്ക്ക് വലിയ തിരിച്ചടിയാണ്.ഡല്‍ഹിയിലെ അവരുടെ സ്വാധീനശക്തിക്ക് ഇടിവു തട്ടിയിരിക്കുന്നു. ഇത് തൃണമൂലും യു.പി.എ.യുംതമ്മില്‍ ബന്ധം വിച്ഛേദിക്കുന്നതിലേക്ക് എത്തുമോ എന്ന സംശയവും ഉയര്‍ത്തിയിട്ടുണ്ട്.ഇടതുപക്ഷത്തിന്റെ പിന്തുണകൂടി നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന യു.പി.എ. തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയത്തിനാവശ്യമായ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന സ്ഥിതിയിലാണിപ്പോള്‍. അങ്ങനെ വന്നാല്‍, രാഷ്ട്രപതിഭവനിലെ പുതിയ താമസക്കാരന്‍ രാഷ്ട്രീയ ഭരണരംഗങ്ങളില്‍ ദശകങ്ങളുടെ പരിചയസമ്പത്തുള്ള പ്രണബ് മുഖര്‍ജി തന്നെയാവും. സ്വന്തം നാടായ പശ്ചിമബംഗാളില്‍ അദ്ദേഹത്തിന് വലിയ ജനകീയ അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുവരികിലും ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം എന്നും മുകള്‍ത്തട്ടില്‍ത്തന്നെയായിരുന്നു. ഭരണരംഗത്ത് ചിരകാലം ഒന്നാമന്റെ പങ്കുകൂടി ചിലപ്പോള്‍ നിര്‍വഹിക്കുന്ന രണ്ടാമനായിരുന്നു അദ്ദേഹം. ഒരുഘട്ടത്തില്‍ അദ്ദേഹം പ്രധാനമന്ത്രിസ്ഥാനത്ത് എത്തിപ്പെടാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അതിശയകരമായ ഓര്‍മശക്തിയും ഏതുവിഷയത്തിലും ഇടപെടാനുള്ള കഴിവും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. കരുതല്‍കൂടാതെ അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നു സംശയം. കോണ്‍ഗ്രസ്സിനുവേണ്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയോഗിക്കപ്പെടുക മിക്കപ്പോഴും അദ്ദേഹമാണ്. 1969 മുതല്‍ പാര്‍ലമെന്റില്‍ അംഗമായിട്ടുള്ള പ്രണബ് വ്യവസായവികസനവും ഷിപ്പിങ്ങുംമുതല്‍ പ്രതിരോധവും വിദേശകാര്യവുംവരെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത അനുഭവസമ്പത്തിന്റെയും ഉടമയാണ്. ഐക്യമുന്നണി സര്‍ക്കാറുകളുടെ അനിശ്ചിതത്വം നിറഞ്ഞ രാഷ്ട്രീയകാലാവസ്ഥയില്‍ രാഷ്ട്രപതിഭവനില്‍ ശോഭിക്കുക പ്രണബിനെപ്പോലെ ഒരു രാഷ്ട്രീയതന്ത്രജ്ഞന്‍ തന്നെയാവും.

                                             പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: