Pages

Sunday, June 17, 2012

മയ്യഴിയിലേക്ക് ഒരു യാത്ര


മയ്യഴിയിലേക്ക്  ഒരു യാത്ര



രണ്ട് നൂറ്റാണ്ടുകളിലേറെ ഫ്രഞ്ച് കോളനിയായിരുന്ന മയ്യഴിയുടെ മണ്ണിലേക്ക് നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു യാത്ര. വെറും 9 ചതുരശ്ര കിലോമീറ്ററുകളില്‍ കോഴിക്കോടിന്റെയും കണ്ണൂരിന്റെയും ഇടയ്ക്കുള്ള ഭൂമി. പുതുച്ചേരി അഥവാ പോണ്ടിച്ചേരി എന്ന, തമിഴ്‌നാട്ടില്‍ കിടക്കുന്ന കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി, ഇങ്ങ് അറബിക്കടലിന്റെ തീരത്ത് കിടക്കുന്ന മയ്യഴി എന്ന മാഹി.1721ല്‍ സൈനിക താവളമുണ്ടാക്കുന്നതിനായാണ് കടത്തനാട് രാജാവില്‍നിന്നും ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി, മയ്യഴി എന്ന പ്രദേശം വിലയ്‌ക്കെടുക്കുന്നത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ പ്രദേശം പിടിച്ചടക്കിയെങ്കിലും, 1814ലെ പാരീസ് ഉടമ്പടിയോടെ മയ്യഴി സ്ഥിരമായും ഫ്രഞ്ച് നിയന്ത്രണത്തിലായി.1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ട്, 7 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മയ്യഴി സ്വതന്ത്രമാകുന്നത്. പാറിപറക്കുന്ന ദേശീയ പാതകകളും, മാറ്റൊലി കൊള്ളുന്ന മുദ്രാവാക്യങ്ങളുമായി ജാഥയായി എത്തിയ മാഹി വിമോചന സമര സേനാനികളോട് 1954 ജൂണ്‍ 13ന് മൂപ്പന്‍ സായ്‌വ് പറഞ്ഞു ''മാഹേ സേത്താവൂ...'' (മയ്യഴി നിങ്ങളുടേതാണ്) ശതാബ്ദങ്ങളായി സമുദ്രത്തിലേക്ക് പ്രവഹിക്കുന്ന മയ്യഴിപുഴയിലെ വെള്ളം തിരിച്ചൊഴുകാറില്ല എന്നതുപോലെ തന്നെയാണ് വെള്ളക്കാരിനി തിരിച്ചുവരില്ല എന്ന യാഥാര്‍ത്ഥ്യവും. പക്ഷെ അന്ന് ആ വസ്തുതയോട് പൊരുത്തപ്പെടാന്‍ മയ്യഴിയുടെ മക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. കഥയിലെ രാമന്‍നായരെയും കുഞ്ഞാണനെയും കുഞ്ചക്കനെയും പോലെ നിരവധി പേര്‍, തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ കണ്ടിരുന്ന സായ്‌വുമാര്‍ മയ്യഴിവിട്ടുപോവുകയാണെങ്കില്‍, അവരോടൊപ്പം തന്നെ തങ്ങളും പോവുകയാണെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്, മയ്യഴിയും സായ്‌വന്‍മാരും തമ്മിലുള്ള ആത്മബന്ധത്തിന് അടിവരയിടുന്നതാണ്.
എന്നന്നേക്കുമായി വിടപറഞ്ഞുകൊണ്ട് വെള്ളക്കാരെയുമേറ്റി സമുദ്രത്തിന്റെ അപാരതയിലേക്ക് കപ്പല്‍ മറഞ്ഞപ്പോള്‍, മണല്‍പരപ്പില്‍ നിരനിരയായിനിന്ന് മയ്യഴിയുടെ മക്കള്‍ വിങ്ങികരയുന്നത് കണ്ട കണ്ണുകള്‍. ആ പന്ത്രണ്ടുവയസ്സുകാരന്റെ ഓര്‍മകള്‍, മലയാള സാഹിത്യത്തിന് സമ്മാനിച്ചത് ഒരു അമൂല്യനിധി. മാഹിയുടെ സ്വാതന്ത്ര്യത്തിന് രണ്ട് പതിറ്റാണ്ട് പ്രായമായപ്പോള്‍, വെളിച്ചം കണ്ട 'മയ്യഴിപുഴയുടെ തീരങ്ങളില്‍'. പ്രണയവും സമരവും, കണ്ണീരും ആര്‍പ്പുവിളികളും, കൊളോണിയലിസവും വിധേയത്വവും എല്ലാം ചേര്‍ത്തുകൊണ്ട് തന്നെ, ആധുനികതയുടെ ഇടിമുഴക്കവുമായി 1974ല്‍ ഇറങ്ങിയ നോവലാണ്  മയ്യഴി പുഴയുടെ തീരങ്ങളില്‍ .

                                                     പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: